News n Views

‘നിയമവിരുദ്ധ നടപടിക്ക് പ്രതിഫലം നല്‍കിയത് പോലെ’: അയോധ്യ വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി 

THE CUE

അയോധ്യ ഭൂമിത്തര്‍ക്ക വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ആദ്യ പുനപ്പരിശോധനാ ഹര്‍ജി. മൗലാന സയ്യിദ് അഷദ് റഷീദിയെന്ന വ്യക്തിയാണ് പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ആദ്യ കക്ഷിയായ അയോധ്യ സ്വദേശി എം സിദ്ധീഖിയുടെ പിന്‍തുടര്‍ച്ചാവകാശിയാണ് റഷീദി. ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദിന്റെ പിന്‍തുണയോടെയാണ് ഹര്‍ജി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ചോദ്യം ചെയ്താണ് ഹര്‍ജി. ഹിന്ദു കക്ഷികള്‍ നടത്തിയ നിയമവിരുദ്ധ നടപടികള്‍ക്ക് പ്രതിഫലം നല്‍കിയത് പോലെയാണ് വിധിയെന്ന് പുനപ്പരിശോധനാ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു.

എതിര്‍ പക്ഷത്തിന്റെ നിയമവിരുദ്ധ നടപടികളെ അംഗീകരിക്കകുകയും തര്‍ക്കഭൂമി അവര്‍ക്ക് തന്നെ അനുവദിക്കുകയുമാണ് ചെയ്തത്. രേഖകള്‍ക്ക് പകരം കോടതി മുഖവിലയ്‌ക്കെടുത്തത് വാക്കാലുള്ള മൊഴികളാണെന്നും ഇത് നീതിപൂര്‍വകമല്ലെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു. ഗുരുതരമായ പിഴവുകള്‍ നിറഞ്ഞതാണ് വിധി. ഒരു സിവില്‍ കേസില്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിക്കേണ്ടത്. എന്നാല്‍ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് ഭരണഘടനാ ബഞ്ച് തീര്‍പ്പുണ്ടാക്കിയത്. സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത് കേസിലെ വാദങ്ങള്‍ക്ക് നിരക്കാത്തതാണ്. ഉന്നയിക്കപ്പെടാതെയാണ് 5 ഏക്കര്‍ നല്‍കാന്‍ വിധിച്ചത്.

ഒരു സിവില്‍ കേസില്‍ ആവശ്യപ്പെടാത്ത കാര്യം ആശ്വാസ നടപടിയായി അനുവദിക്കുന്നത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയിലുണ്ട്. പുനപ്പരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. അയോധ്യ ഭൂമി തര്‍ക്കം വൈകാരിക വിഷയമാണെന്നും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണെന്നും ബോധ്യമുണ്ട്. എന്നാല്‍ നീതി നടപ്പാകാതെ എങ്ങിനെയാണ് സാമാധാനം പുലരുകയെന്നും ചോദ്യമുന്നയിക്കുന്നുണ്ട്. പള്ളി പണിയാനായി സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ കണ്ണായ സ്ഥലത്ത് 5 ഏക്കര്‍ സ്ഥലം അനുവദിക്കണമെന്നാണ് ഭരണഘടനാ ബഞ്ചിന്റെ വിധി. അതേസമയം 5 ഏക്കര്‍ സ്വീകരിക്കണോയെന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സത്യത്തിൽ ഞാൻ അല്ല ഇവരാണ് ചത്താ പച്ചയുടെ എനർജി'; മമ്മൂട്ടി ക്യു സ്റ്റുഡിയോ ‘The M Factor’ ഇവന്റിൽ

‘ദക്ഷിണയാനം’ സംഗീത സായാഹ്‌നം ഇന്ന്

‘15 ലക്ഷം പ്രതിഫലം ചോദിച്ചതിനാൽ നിർമ്മാതാവാണ് ഹരീഷിനെ എആർഎം സിനിമയിൽ നിന്ന് മാറ്റിയത്’; ബാദുഷ

ദുബായിലെ 'കുന്നംകുളം പെരുന്നാള്‍' ആസിഫലി ഉദ്ഘാടനം ചെയ്യും

ജോജുവും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന 'അജ:സുന്ദരി'; നിർമ്മാണം, ഛായാഗ്രഹണം ആഷിഖ് അബു

SCROLL FOR NEXT