അമേരിക്കന്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടി. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയിലേക്ക് പോകുന്നു. അവശ്യ സര്‍വീസുകള്‍ മാത്രം നിലനിര്‍ത്തിക്കൊണ്ട് ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നു. ഫെഡറല്‍ ഫണ്ടിംഗില്‍ ഭരണപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മില്‍ ആശയ സമന്വയത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതുകൊണ്ട് സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. അമേരിക്കന്‍ സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിന് സര്‍ക്കാരിന് ഫണ്ടുകള്‍ ലഭിച്ചില്ലെങ്കില്‍ ഷട്ട് ഡൗണിലേക്ക് നീങ്ങേണ്ടി വരും. എന്താണ് ഷട്ട് ഡൗണ്‍? ഇത് ബാധിക്കുന്നത് ആരെയൊക്കെയാണ്? ഷട്ട് ഡൗണിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്? ഷട്ട് ഡൗണ്‍ എപ്പോള്‍ അവസാനിക്കും?
എന്താണ് ഷട്ട് ഡൗണ്‍?
ഗവണ്‍മെന്റ് ഷട്ട് ഡൗണില്‍ അവശ്യ സേവനങ്ങള്‍ അല്ലാത്ത വകുപ്പുകളിലെ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കും. ഇവരെ പിരിച്ചുവിടും എന്നാണ് ട്രംപ് ഭീഷണിപ്പെടുത്തുന്നത്. സാമൂഹ്യ സുരക്ഷ, ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ അവശ്യ സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി തുടരാം. പക്ഷേ ഷട്ട് ഡൗണ്‍ അവസാനിക്കാതെ അവര്‍ക്ക് ശമ്പളം ലഭിക്കില്ല. 2018ല്‍ ട്രംപിന്റെ കാലത്ത് തന്നെയാണ് ഇതിന് മുന്‍പ് അമേരിക്ക ഒരു അടച്ചുപൂട്ടലിലേക്ക് പോയത്. വ്യോമ ഗതാഗതം മുതല്‍ മൃഗശാലകളുടെ പ്രവര്‍ത്തനത്തെ വരെ ഈ പ്രതിസന്ധി ബാധിച്ചേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.
പശ്ചാത്തലം
അമേരിക്കയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് ഒക്ടോബര്‍ ഒന്നിനാണ്. എല്ലാ വര്‍ഷവും അമേരിക്കന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ വിഹിതം അമേരിക്കന്‍ കോണ്‍ഗ്രസ് തയ്യാറാക്കാറുണ്ട്. ഒക്ടോബര്‍ ഒന്നിനകം ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു സ്റ്റോപ്പ്ഗ്യാപ്പ് ഫണ്ട് കോണ്‍ഗ്രസ് പാസാക്കാറുണ്ട്. ഇത്തവണ ഈ സ്റ്റോപ്പ്ഗ്യാപ്പ് ഫണ്ട് പാസാക്കാന്‍ കഴിയാതെ വന്നതാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ഡോണള്‍ഡ് ട്രംപ് രണ്ടാമത് അധികാരത്തില്‍ എത്തിയത് മുതല്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ എടുത്ത് കളഞ്ഞിരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ചികിത്സാ സഹായവും ആരോഗ്യ ഇന്‍ഷുറന്‍സുകളില്‍ അവര്‍ക്ക് നല്‍കി വന്നിരുന്ന സബ്‌സിഡികളും പുനഃസ്ഥാപിക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അത് അംഗീകരിക്കാതിരിക്കുകയും ചെയ്തതോടെയാണ് സ്‌റ്റോപ്പ്ഗ്യാപ്പ് ഫണ്ട് പാസാകാതെ പോയത്. ഇതോടെയാണ് ഒക്ടോബര്‍ ഒന്ന് മുതല്‍ ഗവണ്‍മെന്റ് ഷട്ട് ഡൗണിലേക്ക് നീങ്ങിയത്.
ആരെയൊക്കെ ബാധിക്കും?
ഏഴര ലക്ഷത്തോളം വരുന്ന ഫെഡറല്‍ ജീവനക്കാരെയായിരിക്കും പ്രത്യക്ഷത്തില്‍ ഇത് കൂടുതലായി ബാധിക്കുക. അവശ്യ സര്‍വീസുകളില്‍ ജീവക്കാര്‍ ജോലി ചെയ്യേണ്ടി വരും. അവര്‍ക്ക് ഷട്ട് ഡൗണ്‍ കഴിയുന്നത് വരെ ശമ്പളം ലഭിക്കില്ല. അവശ്യ സര്‍വീസുകളില്‍ അല്ലാത്തവര്‍ അവധിയില്‍ പ്രവേശിക്കേണ്ടി വരും. മുന്‍ ഷട്ട് ഡൗണുകളില്‍ അവര്‍ക്ക് ശമ്പളം പിന്നീട് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാകില്ലെന്നാണ് സൂചന. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിരവധി ജീവനക്കാര്‍ക്ക് അവധിയില്‍ പ്രവേശിക്കേണ്ടി വരും. നിലവില്‍ നടന്നു വരുന്ന ഗവേഷണങ്ങളെയും പഠനങ്ങളെയും ഇത് നേരിട്ട് ബാധിക്കും. ഡെമോക്രാറ്റുകള്‍ പ്രാധാന്യം നല്‍കിയിരുന്ന പല തസ്തികകളും ഇല്ലാതാക്കുമെന്ന ട്രംപിന്റെ പ്രസ്താന ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പലര്‍ക്കും ജോലി നഷ്ടമായേക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.
ബാധിക്കപ്പെടുന്ന സേവനങ്ങള്‍
ആരോഗ്യ മേഖലയെ ഷട്ട് ഡൗണ്‍ വളരെ ഗുരുതരമായി ബാധിക്കും. ദരിദ്രര്‍ക്കും പ്രായമായവര്‍ക്കുമായി നല്‍കി വരുന്ന സോഷ്യല്‍ ഹെല്‍ത്ത് പ്രോഗ്രാമുകള്‍, മെഡികെയര്‍ പദ്ധതികള്‍ തുടരുമെങ്കിലും ജീവനക്കാരുടെ കുറവ് അവയുടെ നടത്തിപ്പിനെ ബാധിച്ചേക്കും. ദുരന്തനിവാരണ മേഖലയെ ഫണ്ടില്ലായ്മ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള പോഷകാഹാര വിതരണ പദ്ധതി, ഡബ്ല്യുഐസി, അമേരിക്കയുടെ ഏറ്റവും വലിയ ഭക്ഷ്യവിതരണ പദ്ധതിയായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം തുടങ്ങിയവ തുടരുമെന്നാണ് പ്രഖ്യാപനമെങ്കിലും ഫണ്ടില്ലാതെ നിലച്ചേക്കാമെന്ന ആശങ്കയുണ്ട്. ഫുഡ് ഇന്‍സ്‌പെക്ഷന്‍, ഗവണ്‍മെന്റ് പ്രീ സ്‌കൂളുകള്‍, വിദ്യാഭ്യാസ വായ്പകള്‍, ഇമിഗ്രേഷന്‍ ഹിയറിംഗുകള്‍ തുടങ്ങിയവയെയും ബാധിച്ചേക്കും.
വ്യോമ ഗതാഗത മേഖലയെ ഷട്ട് ഡൗണ്‍ ബാധിച്ചേക്കും. അവശ്യ സേവനമായതിനാല്‍ രാജ്യത്തെ 13,000ത്തോളം വരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ജോലിയില്‍ തുടരേണ്ടി വരും. ശമ്പളം ലഭിക്കാത്തതിനാല്‍ ഇവര്‍ കൃത്യമായി ജോലിക്ക് ഹാജരാകുമോ എന്ന ആശങ്കയുണ്ട്. 2018ലെ ഷട്ട് ഡൗണില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാര്‍ സ്ഥിരമായി മെഡിക്കല്‍ അവധികള്‍ എടുത്തിരുന്നത് ഗതാഗതത്തെ ബാധിച്ചിരുന്നു. ജീവിതച്ചെലവിന് മറ്റ് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യേണ്ടി വന്നതിനാലാണ് അവര്‍ പലപ്പോഴും ഹാജരാകാതിരുന്നത്. നാഷണല്‍ പാര്‍ക്കുകള്‍, മൃഗശാലകള്‍, യുഎസ് കാപിറ്റോള്‍, വൈറ്റ് ഹൗസ്, എഫ്ബിഐ ആസ്ഥാനം തുടങ്ങിയവയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവില്ല. രാജ്യത്തിന്റെ ജിഡിപിയില്‍ 0.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
ഷട്ട് ഡൗണ്‍ പുതിയ സംഭവമല്ല
അമേരിക്ക അടച്ചുപൂട്ടലിലേക്ക് പോകുന്നത് ഒരു പുതിയ സംഭവമല്ല. 17 തവണ ഷട്ട് ഡൗണിലേക്ക് അമേരിക്ക നീങ്ങിയിരുന്നു. ഇതിന് മുന്‍പ് ഉണ്ടായ അടച്ചുപൂട്ടല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്തായിരുന്നു. 2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 25 വരെയുള്ള 35 ദിവസം. ഇത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലായിരുന്നു. 2018 ജനുവരിയിലും രണ്ട് ദിവസത്തെ അടച്ചുപൂട്ടല്‍ ആവശ്യമായി വന്നിരുന്നു. ഇവയടക്കം 21 തവണ അമേരിക്ക അടച്ചുപൂട്ടലിലേക്ക് നീങ്ങിയിട്ടുണ്ട്.