രാജ്യത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി കഫ്‌സിറപ്പ് കഴിച്ച് 17 കുട്ടികള്‍ മരിച്ച സംഭവം. മധ്യപ്രദേശിലെ ചിന്ത്വാര ജില്ലയില്‍ മാത്രം 14 കുട്ടികള്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ മരിച്ചു. രാജസ്ഥാനിലാണ് മറ്റ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചിന്ത്വാരയില്‍ മരണമടഞ്ഞ കുട്ടികളില്‍ കൂടുതലും ഡോ.പ്രവീണ്‍ സോണി എന്ന ശിശുരോഗ വിദഗ്ദ്ധന്റെ ക്ലിനിക്കില്‍ ചികിത്സ തേടിയവരായിരുന്നു. കുട്ടികള്‍ക്ക് ഇയാള്‍ കോള്‍ഡ്രിഫ് കുറിച്ചു കൊടുത്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കുട്ടികളുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് ആറ് സംസ്ഥാനങ്ങളിലെ മരുന്ന് നിര്‍മാണ യൂണിറ്റുകളില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) പരിശോധനകള്‍ നടത്തിയാണ് കോള്‍ഡ്രിഫാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചത്. കേരളം അടക്കം ഒട്ടേറെ സംസ്ഥാനങ്ങള്‍ കോള്‍ഡ്രിഫിന് വിലക്കേര്‍പ്പെടുത്തി. മരുന്നുകളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഈ സംഭവത്തില്‍ നടന്നത് എന്തൊക്കെയാണ്? കുട്ടികളുടെ മരണത്തിന് കാരണമായത് എന്താണ്?
ചിന്ത്വാരയിലെ ദുരന്തം
സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് മധ്യപ്രദേശിലെ ചിന്ത്വാരയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത രണ്ട് ആഴ്ചക്കുള്ളില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള ആറ് കുട്ടികള്‍ കിഡ്‌നി തകരാറ് മൂലം മരണമടഞ്ഞു. ഈ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ഒരേ അസുഖമായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്, പനിയും ചുമയും. കുട്ടികള്‍ക്ക് ചുമ വന്നാല്‍ സാധാരണ നല്‍കുന്നതുപോലെ ഡോക്ടര്‍മാര്‍ കഫ് സിറപ്പ് നിര്‍ദേശിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ കുട്ടികളുടെ രോഗം മൂര്‍ച്ഛിച്ചു. പനി ബാധിച്ച് എത്തിയവര്‍ മരുന്ന് കഴിച്ച ശേഷം ഗുരുതരാവസ്ഥിലായി. മൂത്രത്തിന്റെ അളവ് കുറഞ്ഞു. കിഡ്‌നി തകരാറാണ് കാരണമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഡയാലിസിസ് ആരംഭിച്ചു. എങ്കിലും അവര്‍ അതിജീവിച്ചില്ല. ദിവസങ്ങള്‍ക്കകം തന്നെ കുട്ടികള്‍ മരണപ്പെട്ടു.
തുടര്‍ന്ന് നടന്ന പരിശോധനകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. മരിച്ച കുട്ടികളുടെ കിഡ്‌നി ബയോപ്‌സിക്ക് വിധേയമാക്കിയപ്പോള്‍ ഒരു മാരക രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍ എന്ന ഈ രാസവസ്തു മരുന്നുകള്‍ കാരണമുണ്ടായ പല മരണങ്ങളിലും വില്ലനാണെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടു. കോള്‍ഡ്രിഫ്, നെക്‌സ്‌ട്രോ ഡിഎസ് എന്നീ കഫ് സിറപ്പുകളായിരുന്നു മരണപ്പെട്ട കുട്ടികള്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. തൊട്ടടുത്ത ദിവസങ്ങളിലായി മരണസംഖ്യ ഉയരുകയും രാജസ്ഥാനില്‍ നടന്ന മരണങ്ങള്‍ക്ക് കാരണവും ഇതേ മരുന്നാണെന്ന് കണ്ടെത്തുകയും ചെയ്തു. പക്ഷേ ഇത് സ്ഥിരീകരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ തയ്യാറായിരുന്നില്ല.
മരുന്ന് വില്ലനല്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി
കഫ്‌സിറപ്പാണ് കുട്ടികളുടെ മരണകാരണമെന്ന് മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കിയെങ്കിലും അത് സ്ഥിരീകരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മരുന്ന് സാമ്പിളുകള്‍ നാഗ്പൂരിലെ ലബോറട്ടറിയില്‍ അയച്ച് പരിശോധിച്ചുവെന്നും അതില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്നുമാണ് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ഒക്ടോബര്‍ ഒന്നിന് പറഞ്ഞത്. എന്നാല്‍ പരിശോധനയ്ക്ക് അയച്ച മൂന്ന് സാമ്പിളുകളുടെ കാര്യമാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് തിരുത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മിക്കുന്ന കോള്‍ഡ്രിഫ് എന്ന കഫ്‌സിറപ്പിനെതിരെ സംശയമുന ഇതിനിടെ നീണ്ടിരുന്നു. തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഈ മരുന്നില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അളവ് 4806 ശതമാനമാണെന്ന് കണ്ടെത്തി. മരണ കാരണമായേക്കാവുന്ന അളവെന്ന് സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ നാലിന് മാത്രമാണ് മധ്യപ്രദേശ് കോള്‍ഡ്രിഫ് നിരോധിക്കുകയും മരണങ്ങള്‍ക്ക് കാരണമായത് ഈ മരുന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
എന്താണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍
കോള്‍ഡ്രിഫ് കഫ് സിറപ്പില്‍ കണ്ടെത്തിയ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാധാരണഗതിയില്‍ മരുന്നുകളുടെ ഘടകമല്ല. മഷി, പശ, വാഹനങ്ങളുടെ ബ്രേക്ക് ഫ്‌ളൂയിഡ്, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് ഇത്. ചില കമ്പനികള്‍ സിറപ്പുകളില്‍ മധുരത്തിനായി ഈ രാസവസ്തു ചേര്‍ക്കാറുണ്ട്. ഗ്ലിസറിന്‍ അല്ലെങ്കില്‍ പ്രൊപ്പിലിന്‍ ഗ്ലൈക്കോള്‍ തുടങ്ങിയവയാണ് സിറപ്പുകളില്‍ സാധാരണ ചേര്‍ക്കാറുള്ളതെങ്കിലും സാമ്പത്തിക ലാഭം നോക്കിയാണ് പലരും ഡിഇജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍ ഉപയോഗിക്കുന്നത്. വൃക്ക, കരള്‍, നാഡീവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കുന്ന ഡിഇജിയുടെ വളരെ ചെറിയ അളവിലുള്ള ഉപയോഗം പോലും കുട്ടികള്‍ക്ക് മാരകമാകാം. ഓക്കാനം, വയറ് വേദന, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. ഇവ കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും നയിക്കും.
കഫ് സിറപ്പ് മരണങ്ങള്‍ 300ല്‍ ഏറെ
2022 മുതല്‍ ലോകമൊട്ടാകെ കഫ് സിറപ്പില്‍ കലര്‍ത്തിയ ഈ രാസവസ്തു മൂലം 300ലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2022ല്‍ ഗാംബിയയില്‍ 70 കുട്ടികളാണ് കഫ് സിറപ്പ് ഉപയോഗം മൂലം മരിച്ചത്. 2020ല്‍ ജമ്മു കാശ്മീരിലെ ജാംനഗറില്‍ 17 കുട്ടികള്‍ മരിച്ചതിന് പിന്നിലും കഫ്‌സിറപ്പിലെ ഡിഇജിക്ക് പങ്കുണ്ട്. കോള്‍ഡ്‌ബെസ്റ്റ് പിസി എന്ന കഫ്‌സിറപ്പായിരുന്നു ഈ ദുരന്തത്തിന് കാരണമായത്.
മുന്‍കരുതല്‍ എടുത്ത് സംസ്ഥാനങ്ങള്‍
മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കഫ് സിറപ്പ് മരണങ്ങള്‍ക്ക് പിന്നാലെ കോള്‍ഡ്രിഫ് കഫ് സിറപ്പിന് കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കുന്നത് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ പാടുള്ളുവെന്ന് കേരള ആരോഗ്യ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. ഉന്നതതല യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശിനും രാജസ്ഥാനും പുറമേ തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും കോള്‍ഡ്രിഫിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.