കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലെ മുന്‍ ശുചീകരണത്തൊഴിലാളി നടത്തിയ ഒരു വെളിപ്പെടുത്തല്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചിട്ട് മൂന്നാഴ്ചകള്‍ പിന്നിടുന്നു. 1998നും 2014നും ഇടയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കത്തിച്ച് കുഴിച്ചുമൂടിയെന്നായിരുന്നു പൊലീസിന് മുന്നില്‍ ഇയാള്‍ വെളിപ്പെടുത്തിയത്. അവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൃതദേഹങ്ങളും ഉണ്ടായിരുന്നുവെന്ന് അയാള്‍ തുറന്നു പറഞ്ഞു. താന്‍ സംസ്‌കരിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രങ്ങള്‍ സഹിതമാണ് ദക്ഷിണ കന്നഡ പോലീസിന് ഇയാള്‍ മൊഴി നല്‍കിയത്. ക്ഷേത്രത്തിലെ ജീവനക്കാരും സൂപ്പര്‍വൈസര്‍മാരും നടത്തിയതാണ് കൊലപാതകങ്ങളെന്നും അവര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും ഇയാള്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കിയാല്‍ പേരുകള്‍ അടക്കം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അയാള്‍ അറിയിച്ചിട്ടും കാര്യമായ അന്വേഷണം നടന്നില്ല. ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ ഇത് ചെയ്തതെന്നും പശ്ചാത്താപവും ഇനിയെങ്കിലും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നതിനാലാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അയാള്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ താന്‍ രഹസ്യമായി കുഴിച്ചു മൂടിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കോടതിയില്‍ ഇയാള്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.
മൊഴിയില്‍ പറയുന്നത്
1995 മുതല്‍ ക്ഷേത്രത്തില്‍ ശുചീകരണ ജോലിക്ക് എത്തിയതാണ് ദളിത് സമുദായാംഗമായ താന്‍. ജോലി തുടങ്ങിയ ഘട്ടത്തില്‍ നേത്രാവതി നദിയുടെ കരയില്‍ പല തവണ മൃതദേഹങ്ങള്‍ കണ്ടു. മുങ്ങിമരണങ്ങളോ ആത്മഹത്യകളോ ആണെന്നാണ് ആദ്യം താന്‍ ധരിച്ചത്. എന്നാല്‍ സ്ത്രീകളുടെ മൃതദേഹങ്ങളായിരുന്നു കണ്ടെത്തിയവയില്‍ ഭൂരിപക്ഷവും. അവയില്‍ മിക്കവയിലും വസ്ത്രങ്ങളുണ്ടായിരുന്നില്ല. കൊലപ്പെടുത്തിയതിന്റെയും ബലാല്‍സംഗം ചെയ്യപ്പെട്ടതിന്റെയും ലക്ഷണങ്ങള്‍ അവയിലുണ്ടായിരുന്നു. 1998ലാണ് തന്റെ സൂപ്പര്‍വൈസര്‍ മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചിടണമെന്ന് ആവശ്യപ്പെട്ടത്. ചെയ്യാന്‍ കഴിയില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും മറുപടി പറഞ്ഞപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു സ്‌കൂള്‍ കുട്ടിയുടെ മൃതദേഹം യൂണിഫോം ധരിച്ച നിലയില്‍ കണ്ടെത്തിയത് സ്‌കൂള്‍ ബാഗിനൊപ്പം കുഴിച്ചു മൂടാന്‍ തന്നോട് ആവശ്യപ്പെട്ടു. ഒരു യുവതിയുടെ മൃതദേഹത്തിന്റെ മുഖം ആസിഡ് ഒഴിച്ച നിലയിലായിരുന്നു. ഒട്ടേറെ ശവശരീരങ്ങള്‍ തന്നെക്കൊണ്ട് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ കുഴിച്ചുമൂടിച്ചിട്ടുണ്ട്. ചിലത് കത്തിച്ചു കളഞ്ഞു. ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ താന്‍ രഹസ്യമായി കുഴിച്ചു മൂടിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കോടതിയില്‍ ഇയാള്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.
മഞ്ജുനാഥ ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ച് 2014ല്‍ രക്ഷപ്പെട്ട ഈ തൊഴിലാളി പത്ത് വര്‍ഷത്തോളം ഒളിവിലായിരുന്നു. ജോലി ഉപേക്ഷിക്കാനും കാരണമുണ്ട്. ക്ഷേത്രം അധികാരികളില്‍ നിന്ന് തന്റെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ആക്രമണം നേരിട്ടതോടെയാണ് താന്‍ സ്ഥലം വിട്ടതെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നു. കൊലചെയ്യപ്പെട്ടവര്‍ക്ക് ശരിയായ സംസ്‌കാരമെങ്കിലും ലഭിച്ചില്ലെങ്കില്‍ അവരുടെ ആത്മാക്കള്‍ക്ക് സമാധാനം കിട്ടില്ലെന്നതുകൊണ്ടാണ് താന്‍ വെളിപ്പെടുത്തലിന് തയ്യാറായതെന്നും അയാള്‍ പറഞ്ഞു.
രാജ്യസഭാ എംപി വീരേന്ദ്ര ഹെഗ്ഗഡെയും മഞ്ജുനാഥ ക്ഷേത്രവും
ഹിന്ദു, ജൈന ആരാധനാ കേന്ദ്രമാണ് മഞ്ജുനാഥ ക്ഷേത്രം. പ്രദേശത്തെ വലിയ ജൈന കുടുംബമായ ഹെഗ്ഗഡെ കുടുംബമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍. രാജ്യസഭാ എംപി വീരേന്ദ്ര ഹെഗ്ഗഡെയാണ് ക്ഷേത്രത്തിന്റെ നിലവിലെ അഡ്മിനിസ്‌ട്രേറ്റര്‍. 1968 മുതല്‍ ധര്‍മാധികാരി എന്ന ഈ സ്ഥാനത്ത് ഇയാള്‍ തുടരുകയാണ്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പത്മഭൂഷണ്‍ അടക്കം ലഭിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ബിജെപിയിലും കോണ്‍ഗ്രസിലും സ്വാധീനമുള്ളയാളാണ് ഹെഗ്ഗഡെയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പഴയ കേസുകള്‍ വീണ്ടും ഉയരുന്നു
ധര്‍മ്മസ്ഥലയില്‍ കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഇതോടെ അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മുന്‍പ് തന്നെ വിവാദമായ സൗജന്യ ബലാല്‍സംഗക്കൊലക്കേസ്, അനന്യ ഭട്ട് കേസ് തുടങ്ങിയവ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷിക്കണമെന്നതാണ് ആവശ്യം. അനന്യ ഭട്ടിന്റെ അമ്മ ഇക്കാര്യത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് ജൂലൈ 15ന് പരാതി നല്‍കി. ധര്‍മ്മസ്ഥലയില്‍ വലിയ വീഴ്ച സംഭവിച്ചതായി കര്‍ണ്ണാടക വനിതാ കമ്മീഷന്‍ വിലയിരുത്തി. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന ആവശ്യവുമായി ഒരു സംഘം അഭിഭാഷകര്‍ ജൂലൈ 16ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു. വെളിപ്പെടുത്തല്‍ വിവാദമാകുകയും സമ്മര്‍ദ്ദം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ജൂലൈ 19ന് സര്‍ക്കാര്‍ തീരുമാനിക്കുകയും വെളിപ്പെടുത്തല്‍ നടത്തിയ തൊഴിലാളിയുടെ മൊഴിയെടുക്കുകയും ചെയ്തു.
ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് പ്രണവ് മൊഹന്തിയാണ് എസ്‌ഐടിയുടെ തലവന്‍. ഡിഐജി (റിക്രൂട്ട്‌മെന്റ്) എം.എന്‍. അനുചേത്, സിറ്റി ആംഡ് റിസര്‍വ് (CAR) ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) സൗമ്യലത, പോലീസ് സൂപ്രണ്ട് (എസ്പി) ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് ഡിസിപി സൗമ്യതല അന്വേഷണ സംഘത്തില്‍ നിന്ന് പിന്‍മാറിയത് വിവാദമായിരുന്നു. സാക്ഷിമൊഴി വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ സംസ്‌കരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.