ലൂസിഫര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. ചിത്രത്തിൽ പ്രണവ് മോഹൻലാൽ ഉണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് മോഹൻലാലിന്റെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3 യിൽ ഉണ്ടായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. മോഹൻലാലിന്റെ ചെറുപ്പകാലം കാണിക്കുന്നതിന് വേണ്ടി AI ഉപയോഗിക്കാൻ തനിക്ക് താൽപര്യമില്ലെന്നും പ്രവണവും മോഹൻലാലും തമ്മിലുള്ള രൂപസാദൃശ്യം തനിക്ക് ഏറെ ഉപകാരപ്പെട്ടിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. എമ്പുരാനിലെ പ്രണവിന്റെ ലുക്കിന് വേണ്ടി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിന്റെ ചിത്രങ്ങളായിരുന്നു റഫറൻസ് എന്നും നയൻദീപ് രക്ഷിത്തിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു
പൃഥ്വിരാജ് പറഞ്ഞത്:
മോഹൻലാൽ സാറിൻറെ ചെറുപ്പകാലം കാണിക്കുന്ന എപ്പിസോഡ് L3 യിൽ ഉണ്ടാകും. അത് അത്ര ലോങ്ങ് എപ്പിസോഡ് ആയിരിക്കില്ല. അതിന് വേണ്ടി AI അല്ലെങ്കിൽ ഫേസ് റിപ്ലേയ്സ്മെന്റ് രീതികൾ ചെയ്യാൻ എനിക്ക് താൽപര്യമില്ല. എത്രത്തോളം ഓർഗാനിക് ആകാമോ അത്രത്തോളം അതിനെ ഓർഗാനിക് ആക്കാനാണ് എനിക്ക് ഇഷ്ടം. ഭാഗ്യം കൊണ്ട് മോഹൻലാൽ സാർ 20 വയസ്സിൽ എങ്ങനെയായിരുന്നോ, അതുപോലെ തന്നെയാണ് പ്രണവിന്റെയും അപ്പീയറൻസ്. എമ്പുരാനിലെ ആ ലുക്കിന് വേണ്ടി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ലാൽ സാറിന്റെ ചിത്രങ്ങളായിരുന്നു ഞങ്ങളുടെ റഫറൻസ്.
വിവാദങ്ങള്‍ക്കും റീസെന്‍സറിങ്ങിനും ഇടയിലും വലിയ കളക്ഷൻ നേടി മുന്നേറിയ ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ. 260 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കി ചിത്രം മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റും ആയിരുന്നു. ഗ്ലോബൽ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിൽ തിയറ്റർ ഷെയർ വന്ന ചിത്രം കൂടിയാണ് എമ്പുരാൻ.