Around us

ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികള്‍, മുസ്ലിങ്ങളല്ല, രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമെന്ന് എസ്.എന്‍.ഡി.പി നേതാവ് വെളളാപ്പള്ളി നടേശന്‍. ഈഴവ ജിഹാദുണ്ടെന്ന് പറഞ്ഞ ഫാദര്‍ റോയ് കണ്ണഞ്ചിറയെ വെള്ളാപ്പള്ളി നടേശന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈഴവ സ്ത്രീകളെ ക്രിസ്ത്യാനികളും വിവാഹം കഴിക്കുന്നുണ്ട്. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യാനികളല്ലേ എന്നും വെള്ളാപ്പള്ളി ചോദിച്ചു. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്നൊന്നും ഞാന്‍ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇങ്ങനെയുള്ള അപക്വമായ വര്‍ഗീയ വിഷം തുപ്പുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്ന് വന്നാലും അതൊന്നും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളി പറഞ്ഞത്

ക്രിസ്ത്യന്‍ സമുദായം എന്ത് മാത്രം ആളുകളെ മാറ്റുന്നു. ഒരു പെണ്‍കുട്ടിയെ പ്രേമിച്ച് മുസ്ലിങ്ങള്‍ കൊണ്ടുപോയെങ്കില്‍ ഒന്നിന് പകരം നൂറല്ലേ ഇപ്പുറം നടക്കുന്നത്. അതെന്താ പറയാത്തത്. ഈഴവ സ്ത്രീകളെ ക്രിസ്ത്യാനികള്‍ വിവാഹം കഴിക്കുന്നുണ്ട്. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ മത പരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിയല്ലേ. അതുവെച്ച് നോക്കുമ്പോള്‍ മുസ്ലിങ്ങള്‍ അത്രയും മതപരിവര്‍ത്തനം നടത്തുന്നുണ്ടോ.

ഇല്ലായ്മയെ ചൂഷണം ചെയ്തുകൊണ്ട് ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നത് ക്രിസ്ത്യന്‍ ആളുകള്‍ തന്നെയാണ്. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്നൊന്നും ഞാന്‍ പറയുന്നില്ല. ലവ് ജിഹാദിനകത്ത് പോകുന്ന ഒരു മുസ്ലിം ഒരു പെണ്‍കുട്ടിയെ ആണ് കൊണ്ടുപോകുന്നത്. ഇതിവര്‍ ഒരു കുടുംബത്തെയാണ് കൊണ്ടു പോകുന്നത്. മിഷണറി പ്രവര്‍ത്തനത്തിലൂടെ എന്ത് മാത്രം മതപരിവര്‍ത്തനമാണ് നടത്തുന്നത്.

മതപരിവര്‍ത്തനത്തെക്കുറിച്ച് പറയുമ്പോളും, ലവ് ജിഹാദിനെപ്പറ്റി പറയുമ്പോഴും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണ് എന്നതില്‍ ഒരു സംശയവും വേണ്ട. എണ്ണം എടുത്തോളൂ. എന്തിനാണ് മതസ്പര്‍ദയുണ്ടാക്കുന്നത്. സംഘടിത വോട്ട് ബാങ്കുകളുടെ മുന്നില്‍ എല്ലാ രാഷ്ട്രീയകക്ഷികളും കൈകൂപ്പി നില്‍ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ സംഘടിതമായി നിന്നുകൊണ്ട് അധികാര രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന് ഖജനാവ് മുഴുവന്‍ ചോര്‍ത്തികൊണ്ടു പോകുമ്പോള്‍ ഭൂരിപക്ഷ സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ എവിടെ കിടക്കുന്നു എന്നത് കൂടി ആലോചിക്കണം.

ഫാ. റോയ് വലിയൊരു പുരോഹിതനാണ്. ദീപിക പത്രത്തിന്റെ എഡിറ്ററാണ്. സീനിയറാണ്. അറിവില്ലാത്തവനല്ല. ഒരു സംസ്‌കാരത്തിന് ചേര്‍ന്ന വര്‍ത്തമാനമല്ല അദ്ദേഹം പറഞ്ഞത്. ഞാന്‍ വെല്ലുവിളിക്കുകയാണ്, നമ്മുക്ക് ഒരു കണക്ക് എടുത്ത് നോക്കം. ഇങ്ങനെയുള്ള അപക്വമായ വര്‍ഗീയ വിഷം തുപ്പുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്ത് നിന്ന് വന്നാലും അതൊന്നും ശരിയല്ല. ഇത് ഭാരതമാണ്. ആര്‍ക്കും ആരെപറ്റിയും എന്തും പറയാം. അതൊന്നും ശരിയല്ല, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജിഹാദിന്റെയൊന്നും അര്‍ത്ഥം എനിക്കറിയില്ല. പാലാ ബിഷപ്പ് പറഞ്ഞതിന്റെ അര്‍ത്ഥം മയക്കുമരുന്നിന്റെ വിശുദ്ധയുദ്ധമുണ്ടെന്നാണോ. അത് സര്‍ക്കാരാണ് തടയേണ്ടത്. ലഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നം എല്ലായിടത്തുണ്ട്. മയക്കുമരുന്ന് മുസ്ലിങ്ങളുടെ മാത്രം കുത്തകയായ പ്രവൃത്തിയായി പറയുന്നത് ശരിയല്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT