Around us

'വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ല; ക്ഷേത്രത്തില്‍ പോയാല്‍ മൃദുഹിന്ദുത്വ വാദിയാകുമോ': വിഡി സതീശന്‍

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് കോണ്‍ഗ്രസ് തൃക്കാക്കരയില്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിന് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്നും പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.

'വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുന്ന ഒരു സാഹചര്യമുണ്ട്. വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നും മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിച്ചാല്‍ മതിയെന്നതുമാണ് യു.ഡി.എഫ് നിലപാട്. കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഈ നിലപാട് സ്വീകരിക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ മാറ്റണം. കേരളത്തിലെ വര്‍ഗീയ വിദ്വേഷങ്ങളുടെ കാരണം സര്‍ക്കാരിന്റെ ഈ നിലപാടാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദേശീയ തലത്തിലും കോണ്‍ഗ്രസിന് മതേതര നിലപാടാണ്. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടില്ല. കാവി മുണ്ടുടുത്തവരേയും ചന്ദനം തൊട്ടവരേയും സംഘപരിവാറാക്കുന്ന രീതി ശരിയല്ല. ക്ഷേത്രത്തില്‍ പോകുന്നവരേയും പള്ളിയില്‍ പോകുന്നവരേയും വര്‍ഗീയവാദിയാക്കുന്നു. മതനിരാസമല്ല വേണ്ടത്. മതങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എനിക്ക് എന്റെ മതത്തില്‍ വിശ്വസിക്കാനും അനുഷ്ഠാനങ്ങള്‍ നടത്താനും സ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തേയും സംരക്ഷിക്കണം. രാഹുലും പ്രിയങ്കയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ക്ഷേത്രത്തില്‍ കയറുന്നതിനെ എന്തിന് വിമര്‍ശിക്കണം. അവര്‍ ഹിന്ദുമത വിശ്വാസികളാണ്. ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിന് ശേഷമാണ് ഞാന്‍ തൃക്കാക്കരയിലെ പ്രചാരണത്തിന് തുടക്കമിട്ടത്. അതിനര്‍ഥം ഞാന്‍ മൃദുഹിന്ദുത്വ വാദിയാണെന്നാണോ, ഞാന്‍ എനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കും എനിക്കിഷ്ടമുള്ള ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കും. അതിന് ഇന്ത്യന്‍ ഭരണഘടന എനിക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്', സതീശന്‍ പറഞ്ഞു.

വര്‍ഗീയതയെ നേരിടേണ്ടത് ഉറച്ച നിലപാടുകളിലൂടെയാണെന്നും സംഘപരിവാര്‍ ശക്തികളെ ഒരുവിട്ടുവീഴ്ചയും ഇല്ലാതെ ദേശീയ തലത്തില്‍ നേരിടുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

SCROLL FOR NEXT