Around us

പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ മറുപടിയും പറയേണ്ടി വരുമെന്ന് രാജേഷിനോട് വിഡി സതീശന്‍; പൊതുരാഷ്ട്രീയത്തില്‍ നിലപാടെടുക്കുമെന്ന് രാജേഷ്

തിരുവനന്തപുരം: സിപിഐഎം നേതാവ് എംബി രാജേഷ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെതിരെയാണ് വിജയം. എംബി രാജേഷിന് 96 വോട്ട് ലഭിച്ചപ്പോള്‍ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്.

കേരള നിയമസഭയുടെ 23ാമത് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിന്് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശംസകള്‍ നേര്‍ന്നു. സഭയുടെ പൊതുശബ്ദമാകാന്‍ രാജേഷിന് കഴിയട്ടെ എന്നാശംസിച്ച വിഡി സതീശന്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന രാജേഷിന്റെ നിലപാടില്‍ അതൃപ്തിയും അറിയിച്ചു.

'' സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറച്ച് വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ സഭാ നാഥനായി നിയോഗിക്കപ്പെട്ട ആരില്‍ നിന്നും ഉണ്ടായിട്ടില്ല. പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും അതിന് മറുപടി നല്‍കേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും, നിയമസഭയിലെത്തുമ്പോള്‍ അത് ഒളിച്ച് വയ്ക്കാന്‍ പ്രതിപക്ഷത്തിനാവില്ല. അത് സഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തും,'' വിഡി സതീശന്‍ പറഞ്ഞു.

പന്ത്രണ്ടാം നിയമസഭയുടെ സ്പീക്കറും ഇപ്പോള്‍ മന്ത്രിയുമായ കെ രാധാകൃഷ്ണന്റെ പ്രവര്‍ത്തനവും ശൈലിയും മാതൃകാപരമായിരുന്നുവെന്നും സതീശന്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അത്തരം ആശങ്ക സ്വാഭാവികമാണെന്ന് സ്പീക്കര്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചതെന്ന് എംബി രാജേഷ് വ്യക്തമാക്കി. പൊതുരാഷ്്ട്രീയത്തില്‍ നിലപാടെടുക്കും, അഭിപ്രായം പറയും അത്രയേ ഉള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരുന്ന് അനുഭവമുണ്ട് അതുകൊണ്ട് ചട്ടപ്രകാരമുള്ള എല്ലാ അവകാശങ്ങളും കണക്കിലെടുക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT