Around us

‘പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് വരില്ല’; എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്ളിടത്തോളം കാലം അത് സംഭവിക്കില്ലെന്ന് കോടിയേരി

THE CUE

എല്‍ഡിഎഫ് സര്‍ക്കാര്‍ ഉള്ളിടത്തോളം തിരുവനന്തപുരം പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് വരില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്ലാന്റ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ ഒരുഘട്ടത്തിലും തീരുമാനിച്ചിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു. സ്ഥലത്തെക്കുറിച്ചുള്ള സാധ്യതാപഠനം മാത്രമേ നടത്തിയിരുന്നുള്ളൂ. എന്നാല്‍, പെരിങ്ങമലയില്‍ മാലിന്യപ്ലാന്റ് വരുന്നു എന്ന് പ്രചരിപ്പിച്ച് സമൂഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ച് ജനങ്ങളെ സര്‍ക്കാരിന് എതിരാക്കാനുള്ള ആസൂത്രിതശ്രമം എതിരാളികളില്‍നിന്നുണ്ടായെന്നും കോടിയേരി ആരോപിച്ചു.

ഇത്തരം കാര്യങ്ങളിലെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിറമാണ്. പെരിങ്ങമലയിലും അതുതന്നെയാണ് സ്ഥിതി. മാലിന്യപ്ലാന്റ് വരുന്നു എന്ന ആശങ്ക ജനങ്ങളിലുളവാക്കി രാഷ്ട്രീയലാഭം കൊയ്യാനും ജനപ്രതിനിധികളെ വ്യക്തിഹത്യ നടത്താനുമാണ് ഇരുകൂട്ടരും ശ്രമിച്ചത്. സര്‍ക്കാരും ഇടതുപക്ഷവും ജനങ്ങളോടൊപ്പമാണ്. ജനവികാരത്തെ മാനിച്ചാണ് തങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഒമ്പത് പദ്ധതികളില്‍ ഒന്ന് പെരിങ്ങമലയില്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. 2018 ജൂണ്‍ 9ന് പെരിങ്ങമലയിലെ വൈദ്യുതി പ്ലാന്റ് പദ്ധതി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. ജില്ലാ കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിലെ 15 ഏക്കറാണ് ഇതിനായി കണ്ടെത്തിയതെന്നും അറിയിച്ചു. ആ മാസം 12ന് തന്നെ പ്രദേശവാസികള്‍ സമരസമിതി രൂപീകരിക്കുകയായിരുന്നു. ജൂലൈ ഒന്നിന് സമരവും ആരംഭിച്ചു. ഒരു വര്‍ഷം പിന്നിട്ടും സമരം തുടര്‍ന്നു. ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തില്‍ പെരിങ്ങമലക്കാര്‍ രാഷ്ട്രീയം മാറ്റിവെച്ച് പങ്കെടുത്തു. മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ സമരപ്പന്തലില്‍ എത്തിയത് വാര്‍ത്തയായിരുന്നു.

പെരിങ്ങലയിലെ ഓരോ വീടിന് മുന്നിലും ‘ഞാനും കുടുംബവും പെരിങ്ങമല മാലിന്യപ്ലാന്റിനെതിരായ സമരത്തിലാണ്’ എന്നെഴുതിയ ബോര്‍ഡ് കാണാം. ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് പ്രദേശവാസികളുടെ നിലപാട്.

പെരിങ്ങമലയുടെ പാരിസ്ഥിതിക പ്രാധാന്യവും ജൈവവൈവിധ്യവും പരിഗണിക്കാതെയാണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലാണ് പെരിങ്ങമല ഗ്രാമപഞ്ചായത്ത്. കാണിക്കാര്‍ വിഭാഗക്കാരായ ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള പ്രദേശം. പെരിങ്ങമല പഞ്ചായത്തിലെ 67 ശതമാനവും കാടാണ്. ഇതില്‍ നിത്യഹരിതവനങ്ങളും പുല്‍മേടുകളും കുന്നുകളും താഴ്വാരകളും ചതുപ്പുകളും ഉള്‍പ്പെടുന്നു. പശ്ചിമഘട്ടത്തിലെ അഗസ്ത്യമല ബയോസ്ഫിയറിന്റെ കരുതല്‍ മേഖലയായ ഇവിടെ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളും ജീവജാലങ്ങളും കാണപ്പെടുന്നു. ജൈവവൈവിധ്യത്തിന്റെ കലവറയായ ശുദ്ധജലചതുപ്പുകളും പെരിങ്ങമലയുടെ പ്രത്യേകതയാണ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT