Around us

തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അനുമതി; കേന്ദ്രവാദം തള്ളി സുപ്രീം കോടതി

THE CUE

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കശ്മീരിലെ നേതാവ് യൂസഫ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി അനുമതി. ബന്ധുക്കള്‍ക്ക് മാത്രമേ സന്ദര്‍ശനത്തിന് അനുമതി നല്‍കാവൂ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. ഒരു പൗരന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനെ കാണുന്നത് എങ്ങനെ തടയാനാകുമെന്ന് കോടതി ചോദിച്ചു. തരിഗാമിയെ സുഹൃത്ത് എന്ന നിലയില്‍ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെ ആകരുത് കൂടിക്കാഴ്ച്ചയെന്നും ചീഫ്‌സ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ മൂന്നംഗബെഞ്ച് നിര്‍ദ്ദേശിച്ചു.

സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമി ആഴ്ച്ചകളായി വീട്ടുതടങ്കലിലാണ്.   

കശ്മീരിലെ സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ ആകുന്നതുവരെ കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ തരിഗാമിയെ കാണാന്‍ അനുവദിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. തരിഗാമിയുടെ ആരോഗ്യസ്ഥിതിയേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും കോടതി ആവശ്യപ്പെട്ടെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു.

ശ്രീനഗറില്‍ പോയി സഖാവ് യൂസഫ് തരിഗാമിയെ കാണാന്‍ സുപ്രീം കോടതി എനിക്ക് അനുവാദം തന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ കണ്ട് തിരിച്ചെത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം ഞാന്‍ വിശദമായ ഒരു പ്രസ്താവന നടത്തുന്നതായിരിക്കും.  
സീതാറാം യെച്ചൂരി 

യൂസഫ് തരിഗാമിയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. തരിഗാമി അടക്കമുള്ളവരെ കാണാന്‍ യെച്ചൂരി നടത്തിയ രണ്ട് ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. ഓഗസ്റ്റ് ഒമ്പതിന് ശ്രീനഗറില്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും യെച്ചൂരിയേയും തിരിച്ചയച്ചു. ശനിയാഴ്ച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പോയ പ്രതിപക്ഷ സംഘത്തിലും സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയുണ്ടായിരുന്നു.

മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥി മൊഹമ്മദ് അലീം സയീദ് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ച് അനുകൂല ഉത്തരവിട്ടു. അനന്ത്‌നാഗിലെ മാതാപിതാക്കളെ കണ്ട് തിരിച്ചെത്തിയ ശേഷം സത്യവാങ്മൂലം നല്‍കണം.

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളിലാണ് താഴ്‌വര. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും അര ലക്ഷത്തോളം വരുന്ന സേനയെ അധികമായി വിന്യസിക്കുകയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് നേതാക്കള്‍ വീട്ടു തടങ്കലിലാണ്.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT