Around us

'ആയിരക്കണക്കിന് രൂപ ചെലവുണ്ടെന്ന് അറിഞ്ഞെങ്കില്‍ ഭക്ഷണം വേണ്ടെന്നു വച്ചേനെ'; 2500 രൂപ തിരിച്ചടയ്ക്കുമെന്ന് സോഹന്‍ റോയ്

രണ്ടാം ലോകകേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വേണ്ടി വന്‍തുക ചെലവായെന്ന കണക്കുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സഭയില്‍ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നല്‍കിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കില്‍ അത് വേണ്ടെന്ന് വച്ചേനെയെന്നും താന്‍ വരുത്തിയ നഷ്ടം നികത്തുന്നതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോഹന്‍ റോയ് ഫേസ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന കരുതി മറ്റ് അതിഥികള്‍ക്ക് നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം നിരസിച്ചിരുന്നു, ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് നിന്ന് ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയതെന്നും അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികള്‍ കേരളത്തിലുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിയ്ക്കും
സോഹന്‍ റോയ്

രണ്ടാം ലോക കേരള സഭയില്‍ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം 83 ലക്ഷത്തിലധികം രൂപയാണ് ചെലവായതെന്ന കണക്കുള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്തുവെച്ചായിരുന്നു പരിപാടി. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ-ലോകസഭ അംഗങ്ങള്‍ക്ക് പുറമെ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്.

ഒരാളുടെ പ്രഭാത ഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550 രൂപയിലധികമാണ് (550+ നികുതി). ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രി ഭക്ഷണത്തിന് 1700+നികുതി എന്നിങ്ങനെയാണ് കണക്കുകള്‍. 700 പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. 600 പേര്‍ക്ക് അത്താഴവും 400 പേര്‍ക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. ആഢംബര ഹോട്ടലിലായിരുന്നു പ്രതിനിധികളുടെ താമസം. സമ്മേനത്തില്‍ ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമാണ് മടങ്ങിയതെന്നും പുറത്തുവന്ന ഹോട്ടല്‍ ബില്ലുകള്‍ വ്യക്തമാക്കുന്നു.

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

SCROLL FOR NEXT