Around us

'കത്തോലിക്കാ സഭ ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം മനസിലാക്കണം'; പ്രകാശ് കാരാട്ട്

കത്തോലിക്കാ സഭ ബി.ജെ.പിയുടെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കണമെന്ന് സി.പി.എം പിബി അംഗം പ്രകാശ് കാരാട്ട്. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരളത്തില്‍ ആശങ്കയും സംശയവും ഉണ്ടാക്കി. ബി.ജെ.പി ഈ അവസരത്തെ മുതലെടുക്കാന്‍ ശ്രമിച്ചുവെന്നും, 'കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് അരുത്' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് പറയുന്നു.

ബി.ജെ.പിയും ആര്‍.എസ്.എസും, കേരളത്തിന്റെ യോജിപ്പോടെയുള്ള സഹവര്‍ത്തിത്വത്തിനും ഇടപെടലുകളിലും വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. 'ജിഹാദികളുടെ ഗൂഢാലോചന' എന്ന വാദം രാഷ്ട്രീയവൃത്തങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍, ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ബിജെപി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമാക്കി മാറ്റി.

ബിജെപി - ആര്‍എസ്എസ് കൂട്ടുകെട്ട് മുസ്ലിങ്ങള്‍ക്കെതിരെ തങ്ങളുടെ നിലപാട് കര്‍ശനമാക്കുമ്പോള്‍ തന്ത്രപരമായി ക്രിസ്ത്യന്‍ പുരോഹിതരെ അവരുടെ ഭാഗത്തേക്ക് അണിനിരത്താനാണ് സംഘപരിവാര്‍ ശ്രമിക്കുകയാണ്. കേരളത്തിലെ ക്രൈസ്തവര്‍ക്കിടയിലെ ഏറ്റവും വലിയ വിഭാഗമായ കത്തോലിക്കാ സഭ ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കണമെന്നും പ്രകാശ് കാരാട്ട് പറയുന്നു.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം കേരളസമൂഹത്തില്‍ ആശങ്കയും സംശയവും ഉളവാക്കി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും തീവ്രവാദ മതസംഘടനകള്‍ക്കുമേല്‍ ഇത് ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ അത് മുസ്ലിങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ് ഹിന്ദുത്വ ശക്തികള്‍ എന്നും പ്രകാശ് കാരാട്ട് കണക്കുകള്‍ നിരത്തി ലേഖനത്തില്‍ പറയുന്നു.

2016നു ശേഷം ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 59.6 ശതമാനം വര്‍ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. രണ്ട് യുവതികള്‍ മതംമാറി തീവ്രവാദ സ്വാധീനത്തില്‍പ്പെട്ടതിനെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ ആശങ്ക മനസ്സിലാക്കാവുന്നതാണ്. അത്തരം തീവ്രവാദ സ്വാധീനങ്ങള്‍ക്ക് ഇരയാകുന്നതിനെതിരെ അവരുടെ സഭയ്ക്ക് മുന്നറിയിപ്പുനല്‍കുന്നത് അവരുടെ ഭാഗത്തുനിന്നും ശരിയായിരിക്കും. എന്നിരുന്നാലും, ഇവ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. മുസ്ലിം ഇതര സ്ത്രീകളെ ആകര്‍ഷിക്കുന്നതിനായി ലൗജിഹാദ് പോലെയുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായി സംസ്ഥാന പൊലീസിന്റെയും എന്‍ഐഎയുടെയും അന്വേഷണത്തില്‍ കണ്ടെത്തിയില്ല.

ക്രൈസ്തവര്‍ക്കിടയില്‍ ചെറിയൊരു പരിധിവരെ തീവ്രവാദ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സാമൂഹ്യ, സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് ഉയര്‍ന്നുവരുന്ന മതബോധവും വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയും ഇതിന് ഒരു കാരണമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മതനിരപേക്ഷ ഘടനയെ ഇല്ലാതാക്കാനും മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനും നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നേരിടാന്‍ എല്ല മതനിരപേക്ഷ, ജനാധിപത്യ ശക്തികളെയും അണിനിരത്താന്‍ സി.പി.എം ശ്രമിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

ഇരുപത്തിനാല് രൂപക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍, അപകടം തിരിച്ചറിയണം; THE MONEY MAZE

വോട്ടര്‍ പട്ടിക ക്രമക്കേട് സംഘടിത കുറ്റകൃത്യം; രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; അഡ്വ.ടി.ആസഫ് അലി | WATCH

SCROLL FOR NEXT