Around us

'മരണത്തില്‍ ദുരൂഹതയില്ലെന്ന് പറഞ്ഞ് പൊലീസ് ചതിച്ചു, ഞങ്ങള്‍ക്ക് സത്യം അറിയണം'; നയന സൂര്യയുടെ കുടുംബം

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസിനെതിരെ നയനയുടെ കുടുംബം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് പറഞ്ഞ് തങ്ങളെ പൊലീസ് തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്ലെന്ന് ഒപ്പിട്ട് വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. മാധ്യങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വിട്ടപ്പോഴാണ് ചതി മനസ്സിലായതെന്നും സത്യം പുറത്തുവരണമെന്നും നയനയുടെ കുടുംബം ദ ക്യുവിനോട് പറഞ്ഞു.

നയനയുടെ സഹോദരി ദ ക്യുവിനോട് പറഞ്ഞത്:

'ഞങ്ങളുടെ ചേട്ടനാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോയി വാങ്ങിയത്. അന്നത് തരുമ്പോള്‍ റിപ്പോര്‍ട്ടില്‍ ഒരു കുഴപ്പവുമില്ലെന്നാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഒരു സാര്‍ പറഞ്ഞത്. മുമ്പ് നയനക്ക് ഷുഗര്‍ പ്രശ്നം ഉണ്ടാവുകയും മയങ്ങി വീഴുകയും ഒക്കെയുണ്ടായിട്ടുള്ളത് കൊണ്ട് പൊലീസ് പറഞ്ഞത് ശരിയാണെന്ന് ഞങ്ങളും വിശ്വസിച്ചു. റിപ്പോര്‍ട്ട് പരിശോധിക്കാനൊന്നും പോയില്ല. ഇപ്പോള്‍ ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് റിപ്പോര്‍ട്ടില്‍ കുഴപ്പമുണ്ടെന്ന് മനസ്സിലാകുന്നത്. ഞങ്ങള്‍ക്ക് സത്യം അറിയണം. നഷ്ടപ്പെടാനുള്ളത് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു, എന്നാലും കൊന്നതാണോ എന്നറിയാന്‍ അന്വേഷണം നടത്തണം.'

പുനരന്വേഷണത്തിന് സാദ്ധ്യത

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായതോടെ നയന സൂര്യയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ കേസ് പുനഃപരിശോധിക്കുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവിന്റെ നിര്‍ദേശപ്രകാരം ഇതുവരെയുള്ള പൊലീസ് നടപടികള്‍ പരിശോധിക്കാനും തുടരന്വേഷണം വേണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ ദിനിലിനെ ചുമതലപ്പെടുത്തി. മൃതദേഹ പരിശോധനാ ഫലവും കേസ് ഡയറിയും പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. തുടര്‍ന്ന് പുനരന്വേഷണത്തില്‍ തീരുമാനമെടുക്കും.

മരണം നടന്നത് 2019-ല്‍

2019 ഫെബ്രുവരി 24 -നാണ് നയന സൂര്യയെ തിരുവനന്തപുരം വെള്ളയമ്പറത്തെ ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകളായ നയനക്ക് 28 വയസ്സായിരുന്നു പ്രായം. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്ന നയന ആത്മഹത്യ ചെയ്തതാവാം എന്ന രീതിയിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹ രോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍

കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍. കഴുത്തിന് ഇടതുവശത്ത് 31.5 സെന്റീമീറ്റര്‍ നീളമുള്ള രണ്ട് മുറിവുകളുണ്ടെന്നും മുന്‍ഭാഗത്ത് ഉരഞ്ഞുപൊട്ടിയ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നിരവധി ചതവുകളും കഴുത്തിനുചുറ്റും സംഭവിച്ചിട്ടുണ്ട്. കഴുത്തില്‍ നിറവ്യത്യാസവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റത് പോലുള്ള ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ആഘാതത്തില്‍ പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായി എന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ശക്തമായി ഞെരിഞ്ഞതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചലച്ചിത്ര ജീവിതം

സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ് ആയി മാറുകയായിരുന്നു. മരണപ്പെടുന്നതിന് മുന്‍പ് വരെ മലയാളസിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ നയന നിറ സാന്നിധ്യമായിരുന്നു. ഡോ. ബിജുവിന്റെ ആകാശത്തിന്റെ നിറം, കമലിന്റെ കൂടെ സെല്ലുലോയ്ഡ്, ഉട്ടോപ്യയിലെ രാജാവ്, ജീത്തു ജോസഫിന്റെ മെമ്മറീസ്, കമലിന്റെ മകന്റെ കൂടെ 100 ഡേയ്‌സ് ഓഫ് ലവ്, ലെനിന്റെ തന്നെ ഇടവപ്പാതി എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നയന പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും അസിസ്റ്റ് ചെയ്തു.

2017ല്‍ 'ക്രോസ്‌റോഡ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയായി. പത്ത് സംവിധായകര്‍ പത്ത് ചിത്രങ്ങളിലൂടെ പത്ത് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്‌റോഡ്. അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ 'പക്ഷികളുടെ മണം' എന്ന ചിത്രമാണ് ക്രോസ്‌റോഡില്‍ നയന സംവിധാനം ചെയ്ത ചിത്രം. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT