Around us

ജേക്കബ് തോമസിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പൊലീസ് വേട്ടയാടല്‍ ; നിയമ നടപടിക്കെന്ന് തൃശൂര്‍ കറന്റ് ബുക്‌സ് 

THE CUE

ജേക്കബ് തോമസ് ഐപിഎസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന കൃതി പ്രസിദ്ധീകരിച്ചതിന് പൊലീസ് വേട്ടയാടുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ്. സര്‍വീസ് ചട്ടലംഘനമാരോപിച്ച് ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ എടുത്ത കേസില്‍ പൊലീസ് കറന്റ് ബുക്‌സിനെതിരെ സ്വീകരിക്കുന്നത് നിയമവിരുദ്ധ നടപടികളാണെന്ന് പബ്ലിക്കേഷന്‍ മാനേജര്‍ കെജെ ജോണി ദ ക്യുവിനോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തി അനധികൃത പരിശോധനയാണ് നടത്തിയത്. മാറ്റര്‍ കംപോസ് ചെയ്തയാളുടെ മുതല്‍ എഡിറ്ററുടെ വരെ മൊഴി രേഖപ്പെടുത്തി. ഓഫീസിലെ കംപൂട്ടറുകള്‍ പരിശോധിച്ചു. ഇതിനെല്ലാം പുറമെ വിവിധ രേഖകള്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയുമാണ്.

കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിതെന്ന് കെ ജെ ജോണി വ്യക്തമാക്കി. ജേക്കബ് തോമസുമായുള്ള കറന്റ് ബുക്‌സിന്റെ കരാര്‍, അദ്ദേഹവുമായി നടത്തിയ മെയില്‍ ഇടപാടുകള്‍, കൃതിയുടെ പ്രൂഫ്, സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ എന്നിവ ഒരാഴ്ചയ്ക്കകം തിരുവനന്തപുരത്ത് നേരിട്ട് ഹാജരാക്കണമെന്നാണ് പൊലീസ് നിര്‍ദേശം. സിആര്‍പിസി 91 പ്രകാരമാണ് പ്രസ്തുത ആവശ്യങ്ങളുന്നയിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവ ഹാജരാക്കാനാകില്ലെന്ന് കറന്റ് ബുക്‌സ് വ്യക്തമാക്കുന്നു. വിഷയത്തില്‍ നിയമോപദേശം തേടി തുടര്‍ നടപടികള്‍ സ്വീകരിക്കും. ജേക്കബ് തോമസുമായി സര്‍ക്കാരിനുള്ള പ്രശ്‌നത്തില്‍ കറന്റ് ബുക്‌സിനെ വലിച്ചിഴക്കുകയാണ്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണ്. കേസന്വേഷണത്തില്‍ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ ശ്രദ്ധയൂന്നി സമയം പാഴാക്കുകയാണ് അന്വേഷണ സംഘമെന്നും കറന്റ് ബുക്‌സ് വ്യക്തമാക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി എന്‍ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം കറന്റ് ബുക്‌സില്‍ പരിശോധനയ്‌ക്കെത്തിയത്. പൊലീസ് നടപടി 4 മണിക്കൂറോളം നീണ്ടു. വിവിധ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മടങ്ങിയ അന്വേഷണ സംഘം ശേഷം ഫോണില്‍ വിളിച്ച് രേഖകള്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൈമാറാനാകില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചപ്പോള്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. കലാപത്തിന് വഴിവെയ്ക്കുന്നതോ മതസ്പര്‍ദ്ധ വളര്‍ത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ പുസ്തകത്തിലില്ല. പ്രസാധകര്‍ ഒരു കൃതി പ്രസിദ്ധീകരിക്കുന്നത് സര്‍വീസ് ചട്ടലംഘനമാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും കറന്റ് ബുക്‌സ് വിശദീകരിക്കുന്നു.

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം ആറ് എഡിഷനുകള്‍ പിന്നിട്ടു. ആദ്യ എഡിഷന്റെ പ്രകാശനത്തിന് മുഖ്യമന്ത്രി വരാമെന്ന് സമ്മതിച്ച് ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയും അവസാന നിമിഷം അദ്ദേഹം പിന്മാറുകയുമാണ് ഉണ്ടായത്. മുഖ്യമന്ത്രിക്കും സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും പ്രകാശനത്തിന് മുന്‍പ് പുസ്തകത്തിന്റെ കോപ്പിയും പ്രകാശന ചടങ്ങിന്റെ ക്ഷണക്കത്തും നല്‍കിയതുമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. നാളെകളില്‍ സര്‍വീസ് സ്റ്റോറി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രസാധകരെ പിന്‍തിരിപ്പിക്കാനുള്ള ഗൂഢനീക്കമാണിതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

'ഫഹദ് ഫാസിലിന്റെ ഈ സിനിമ ചെയ്ത സംവിധായകനുമായി എനിക്ക് വർക്ക് ചെയ്യണം'; ഇർഫാൻ ഖാന്റെ നാലാം ചരമ വാർഷികത്തിൽ കുറിപ്പുമായി ഭാര്യ

തമിഴ് നാട്ടിലെ സൂപ്പർ സ്റ്റാർ രാഷ്ട്രീയം: സത്യവും മിഥ്യയും ; നൗഫൽ ഇബ്നു മൂസ

SCROLL FOR NEXT