Around us

പശ്ചിമഘട്ടം തുരന്നുകൊണ്ടിരിക്കുന്നത് 5924 ക്വാറികള്‍; അനുമതിയുള്ളത് 750 ക്വാറികള്‍ക്ക് മാത്രം

THE CUE

സംസ്ഥാനത്ത് നിയമം ലംഘിച്ച് കരിങ്കല്‍ ഖനനം നടത്തുന്നത് അയ്യായിരത്തിലധികം ക്വാറികള്‍. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റേയും കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും (കെഎഫ്ആര്‍ഐ) പഠനറിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോഴാണ് അനധികൃത കരിങ്കല്‍ ഖനനത്തിന്റെ വ്യാപ്തി വ്യക്തമാകുന്നത്. സംസ്ഥാനത്ത് 5,924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കെഎഫ്ആര്‍ഐ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജിയോളജി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നതാകട്ടെ 750 പാറമടകള്‍ക്ക്‌ മാത്രവും.

അനധികൃത ക്വാറികള്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്.

കേരളത്തില്‍ 7,157 ഹെക്ടര്‍ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി 2015ല്‍ കെഎഫ്ആര്‍ഐ നടത്തിയ പഠനം പറയുന്നു. മലബാറില്‍ 2483, മധ്യകേരളത്തില്‍ 1969, തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും ഖനനം നടത്തുന്നത്. ഇവയില്‍ ചിലത് പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും അതിലേറെ ക്വാറികള്‍ പുതുതായി തുടങ്ങിയിരിക്കാമെന്നാണ് അനുമാനം. 89 അതിഭീമന്‍ ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 20 ഹെക്ടറിന് മുകളില്‍ ഖനനം നടത്തുന്ന 19 ക്വാറികളും പത്ത് ഹെക്ടറിന് മുകളിലുള്ള 70 എണ്ണവും മൈനിങ് നടത്തുന്നു.

ഏറ്റവും വലിയ ശബ്ദവാഹക പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് കരിങ്കല്‍. സ്‌ഫോടനത്തിന്റെ ആഘാതം ദൂരങ്ങളില്‍ വരെയെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സംസ്ഥാനത്ത് 1983നും 2015നും ഇടയില്‍ 115 ഭൂമികുലുക്കങ്ങളുണ്ടായി. ഈ ഭൂചലങ്ങളുണ്ടായ 78 ഇടത്തും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു. ഭൂമി കുലുക്കത്തിന് പുറമേ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും അനിയന്ത്രിതമായ കരിങ്കല്‍ ഖനനം കാരണമാകുന്നുണ്ട്. മേല്‍മണ്ണും സസ്യങ്ങളും അടങ്ങുന്ന ഉപരിതല ആവരണം മാറ്റിക്കളഞ്ഞ ശേഷമാണ് ക്വാറികള്‍ തയ്യാറാക്കുന്നത്. ഇത് മണ്ണിലേക്ക് വെള്ളമിറങ്ങുന്നത് ഇല്ലാതാക്കും. അനിയന്ത്രിതമായ പാറ പൊട്ടിക്കല്‍ ഭൂമിക്കടിയില്‍ വിള്ളലുകള്‍ രൂപപ്പെടാനും ഭൂഗര്‍ഭജലനിരപ്പ് താഴാനും ഇടയാക്കും. മലമുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഉരുള്‍പൊട്ടലിനും കാരണമാകുന്നു.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ കരിങ്കല്‍, മണ്ണ്, മണല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഖനനങ്ങളും നിര്‍ത്തിവെയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഖനനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് മാത്രമാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ കുറയുമ്പോള്‍ വീണ്ടും ഖനനാനുമതി നല്‍കാനാണ് ജിയോളജി വകുപ്പിന്റെ തീരുമാനം.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT