Around us

'ഇതാണോ നിങ്ങളുടെ നമ്പര്‍ വണ്‍? കപട ഇടതു ആരോഗ്യനിരീക്ഷകരുടെ ഉപദേശം കേട്ടുകൊണ്ടിരുന്നാല്‍ ഇതിലും വലുത് സംഭവിക്കും'; എംകെ മുനീര്‍

കോഴിക്കോട് ഗര്‍ഭിണിക്ക് ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. ഇതാണോ നിങ്ങളുടെ നമ്പര്‍ വണ്‍ എന്ന് ചോദിക്കുന്ന മുനീര്‍, ഇനിയും 'കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ' ഉപദേശം കേട്ടുകൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെ കൊവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുകയും, മെഡിക്കല്‍ കോളേജുകളിലെ ഒരു ഭാഗം മാത്രം കൊവിഡ് സെന്ററുകളാക്കി മാറ്റുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരം ദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്നും പോസ്റ്റില്‍ മുനീര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആരോഗ്യ വകുപ്പിന്റെ ക്രൂരതയില്‍ ഇരട്ടക്കുട്ടികളുടെ ജീവന്‍ പൊലിഞ്ഞ വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കൊണ്ടോട്ടി കിഴിശേരി സ്വദേശിനിയായ 22 കാരിയുടെ കുട്ടികള്‍ മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം.

യുവതിക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം ഭേദമായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കൊവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ചെന്നെങ്കിലും ഫലമുണ്ടായില്ല. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ വാശിപിടിച്ചു. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും അത് സ്വീകരിച്ചില്ല. പിസിആര്‍ ടെസ്റ്റ് നടത്തിയതിന്റെ റിസല്‍ട്ട് വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓടി അവശയായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ കുട്ടികള്‍ മരണപ്പെട്ടു.

കൊവിഡ് കാലം മുതല്‍ എത്രയോ മരണങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കേരളത്തില്‍ നടന്നിരിക്കുന്നു. പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ എല്ലാം കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റി ; മറ്റ് അത്യാവശ്യ ചികിത്സകള്‍ക്ക് പോലും സൗകര്യമില്ലാതെ രോഗികള്‍ വലയുന്ന സാഹചര്യമാണ്.

പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിക്കളെ കൊവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റുകയും, മെഡിക്കല്‍ കോളേജുകളില്‍ ഒരു ഭാഗം മാത്രം കൊവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റിയിരുന്നെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ഇതാണോ നിങ്ങളുടെ നമ്പര്‍ 1? ''കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ''ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാല്‍ ഇതിലും വലിയ ദുരന്തങ്ങള്‍ ആകും ഈ നാട്ടില്‍ ഉണ്ടാകുന്നത്. 'എന്റെ രണ്ടു കുട്ടികളും മരിച്ചു, എന്റെ പ്രിയപ്പെട്ടവള്‍ ICU ല്‍ ആണ് പ്രാര്‍ത്ഥിക്കണം,.' വേദന കടിച്ചമര്‍ത്തി കഴിയുന്ന ആ പിതാവിന്റെ/ഭര്‍ത്താവിന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT