Around us

മരട്: മൂന്ന് മാസത്തിനകം കുറ്റക്കാരെ പിടിക്കുമെന്ന് എഡിജിപി തച്ചങ്കരി

എ പി ഭവിത

മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ചുള്ള ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാവരേയും മൂന്ന് മാസത്തിനകം പിടികൂടുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും തച്ചങ്കരി 'ദ ക്യൂ'വിനോട് പറഞ്ഞു. ഒഴിപ്പിക്കല്‍ നടക്കുന്ന ഫ്‌ളാറ്റ് സന്ദര്‍ശിക്കവേയായിരുന്നു എഡിജിപിയുടെ പ്രതികരണം.

നടപടികള്‍ ശരിയായ രീതിയില്‍ ആരംഭിച്ചുകഴിഞ്ഞു. കുറ്റം ചെയ്ത ഒരാളേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നിരപരാധികളായിട്ടുള്ളവര്‍ക്ക് കുഴപ്പമുണ്ടാകാനും പാടില്ല. ഈ ഫ്‌ളാറ്റ് ഉടമകളുടെ വിഷമങ്ങള്‍ക്ക് കാരണക്കാരായവരുണ്ട്. അതുകൊണ്ടാണ് സുപ്രീം കോടതി ഇങ്ങനെ തീരുമാനമെടുത്തത്. ആ കുറ്റക്കാരെ കണ്ടെത്തുകയും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയുമാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. ക്രൈംബ്രാഞ്ചിലെ ഏറ്റവും മിടുക്കന്‍മാരെ ഉള്‍പ്പെടുത്തി ഒരു നല്ല ടീമിനെ അതിനായി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം ഇതിന്റെ പിന്നിലുള്ള എല്ലാവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. അന്വേഷണത്തിന്റെ പുരോഗതികള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കുറ്റമറ്റ അന്വേഷണം നടക്കുമെന്നും ടോമിന്‍ ജെ തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ചില ഉടമകളും വാടകക്കാരും ഒഴിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍ നടത്തുന്ന നിരാഹാരസമരം തുടരുകയാണ്. ഉടമകളില്‍ ഒരാളായ ജയകുമാറാണ് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിനുമുന്നില്‍ നിരാഹാര സമരം നടത്തുന്നത്. ഒഴിയാന്‍ മതിയായ സമയം ലഭിച്ചില്ലെന്നും താല്‍ക്കാലിക നഷ്ടപരിഹാരം അതിന് മുന്‍പ് ലഭിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിവാസികള്‍ ഇന്ന് മുതല്‍ ഒഴിഞ്ഞു പോകണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. എന്നാല്‍ ഇതിനായി നിര്‍ബന്ധിക്കുകയോ ബലംപ്രയോഗിക്കുകയോ ചെയ്യില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക ചുമതലയുള്ള സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു.ഒക്ടോബര്‍ മൂന്ന് വരെയാണ് ഒഴിയലിന് സമയം നല്‍കിയിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT