Around us

യാത്രക്കാര്‍ ഡബിള്‍ ബെല്ലടിച്ച് ‘സഹായിച്ചു’, കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി 18 കിലോമീറ്റര്‍ ഓടി, ഒടുവില്‍ ഡിപ്പോ അധികൃതര്‍ പിടിച്ചിട്ടു

THE CUE

കണ്ടക്ടറില്ലാതെ മൂവാറ്റുപുഴ മുതല്‍ കൂത്താട്ടുകുളം വരെ 18 കിലോമീറ്റര്‍ കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടി. തിങ്ങിനിറഞ്ഞ ബസില്‍ യാത്രക്കാര്‍ ബെല്ലടിച്ചും ഡബിള്‍ ബെല്ലടിച്ചും സ്വയം കണ്ടക്ടറായപ്പോള്‍ കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ യാത്ര തുടരുകയായിരുന്നു. ബത്തേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ആര്‍എസ്‌കെ 644 നമ്പര്‍ സൂപ്പര്‍ ഫാസ്റ്റ് ബസാണ് മൂവാറ്റുപുഴ മുതല്‍ കണ്ടക്ടറില്ലാതെ യാത്ര തുടര്‍ന്നത്. ഒടുവില്‍ കൂത്താട്ടുകുളത്ത് ഡിപ്പോ അധികൃതര്‍ ബസ് പിടിച്ചിടുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ എത്തിയപ്പോള്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ കണ്ടക്ടര്‍ തിരിച്ചുകയറും മുമ്പ് യാത്രക്കാരന്‍ ബെല്ലടിച്ചതാണ് പ്രശ്‌നമുണ്ടാകാന്‍ കാരണം. തിങ്ങിനിറഞ്ഞ ബസില്‍ കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ വണ്ടി മുമ്പോട്ടെടുത്തു. സ്‌റ്റോപ്പുകളില്‍ ഇറങ്ങാനായി യാത്രക്കാര്‍ തന്നെ ബെല്ലടിക്കുകയും കയറി കഴിഞ്ഞ് ഡബിള്‍ ബെല്ലടിക്കുകയും ചെയ്തതോടെ കണ്ടക്ടറുടെ അഭാവം ഡ്രൈവര്‍ അറിഞ്ഞില്ല.

മൂവാറ്റുപുഴ ഡിപ്പോയില്‍ നിര്‍ത്തിയ ബസില്‍ തിരികെ കയറാനായെത്തിയ കണ്ടക്ടര്‍ ബസ് കാണാതായപ്പോള്‍ ഡിപ്പോയില്‍ വിവരമറിയിച്ചു. കൂത്താട്ടുകുളത്തെത്തിയിട്ടും ബസില്‍ കണ്ടക്ടറില്ലെന്ന് അറിയാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുക്കാന്‍ തുടങ്ങിയതോടെയാണ് ഡിപ്പോ അധികൃതര്‍ ബസ് പിടിച്ചിട്ടത്. കൂത്താട്ടുകുളം ഡിപ്പോയിലേക്ക് മൂവാറ്റുപുഴയില്‍ നിന്ന് സന്ദേശം കൈമാറുകയും മറ്റൊരു ഡ്രൈവര്‍ ബൈക്കില്‍ കണ്ടക്ടറെ കൂത്താട്ടുകുളം ഡിപ്പോയിലെത്തിക്കുകയും ചെയ്തു.

കണ്ടക്ടര്‍ കൂത്താട്ടുകുളത്തെത്തിയ ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. നേരത്തേയും മൂവാറ്റുപുഴയില്‍ തന്നെ ഇത്തരത്തില്‍ കണ്ടക്ടറില്ലാതെ ബസ് ഓടിയ സംഭവമുണ്ടായിട്ടുണ്ട്. മൂവാറ്റുപുഴയില്‍ ഇറങ്ങിയ കണ്ടക്ടറെ കയറ്റാതെ ബസ് കോട്ടയത്തേക്ക് തിരിച്ചു. ഇവിടേയും വില്ലനായത് ബെല്ലടിച്ച യാത്രക്കാരനാണ്. 7 കിലോമീറ്റര്‍ യാത്ര കഴിഞ്ഞാണ് കണ്ടക്ടറില്ലെന്ന് ഡ്രൈവര്‍ക്ക് ബോധ്യമായത്. പിന്നെ വണ്ടി വഴിയിലൊതുക്കി കണ്ടക്ടര്‍ക്കായി കാത്തുകിടന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT