Around us

കല്ലട പെര്‍മിറ്റ് റദ്ദാക്കല്‍ നീളും, നിയമോപദേശം തേടാന്‍ തൃശൂര്‍ കളക്ടര്‍ വിളിച്ച ആര്‍ടിഎ യോഗത്തില്‍ തീരുമാനം

THE CUE

യാത്രക്കാരെ മര്‍ദ്ദിക്കുകയും യുവതിക്ക് നേരെ പീഡന ശ്രമമുണ്ടാകുകയും ചെയ്ത കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടി ഉടനുണ്ടാവില്ല. തൃശൂര്‍ കളക്ടര്‍ ടിവി അനുപമ വിളിച്ചു ചേര്‍ത്ത റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) യോഗത്തില്‍ നിയമോപദേശം തേടാമെന്ന നിര്‍ദേശമാണ് ഉണ്ടായത്. പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച ആര്‍ടിഎ യോഗം കല്ലട മാനേജ്‌മെന്റിന് പറയാനുള്ളതും കേട്ട ശേഷമാണ് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

പെര്‍മിറ്റ് റദ്ദാക്കരുതെന്നും യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും കല്ലട മാനേജ്‌മെന്റ് യോഗത്തില്‍ പറഞ്ഞു. യാത്രക്കാരെ മര്‍ദ്ദിച്ച ജീവനക്കാരെ പുറത്താക്കിയെന്നും ഇവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്നും മാനേജ്‌മെന്റ് പ്രതിനിധി ചൂണ്ടിക്കാണിച്ചു. ഇത്രയും നടപടിക്ക് ശേഷം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് ശരിയല്ലെന്നും നിയമപരമായ പ്രശ്‌നം കൂടി ഉണ്ടെന്നും കല്ലട അഭിഭാഷകന്‍ ആര്‍ടിഎ അതോറിറ്റിയെ അറിയിച്ചു.

ഉടനടി ഉണ്ടാകുന്ന നടപടി കോടതിയിലെത്തിയാല്‍ പറഞ്ഞുനില്‍ക്കാന്‍ കൃത്യമായി കഴിയണമെന്നും അതിനായി നിയമോപദേശം തേടിയ ശേഷം നടപടി മതിയെന്നാണ് യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തത്. ഇതോടെയാണ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ നിയമോപദേശം തേടാന്‍ തീരുമാനിച്ചത്.

നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇരിങ്ങാലക്കുടയിലെ ജോയിന്റ് ആര്‍ടിഒ ആണ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ അനുമതിക്ക് ശേഷം മതി നടപടിയെന്ന് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് തൃശൂര്‍ കളക്ടര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം വിളിച്ചത്.

യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ജീവനക്കാരുടെ കേസ് കോടതിയുടെ പരിഗണനയിലാണെന്നത് കൂടി കണക്കിലെടുത്താണ് നിയമോപദേശം തേടിയ ശേഷം നടപടി മതിയെന്ന തീരുമാനത്തിന് പിന്നില്‍.

ഏപ്രില്‍ 20 ന് രാത്രിയിലാണ് ബാംഗ്ലൂരിലേക്കുള്ള രണ്ട് വിദ്യാര്‍ത്ഥികളെ സുരേഷ് കല്ലട ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് എറണാകുളം നഗരത്തിലിട്ട് വളഞ്ഞിട്ടാക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും ബസ്സിന്റെ പേര്‍മിറ്റ് റദ്ദാക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ രണ്ട് മാസത്തിനിടെ കല്ലടയ്ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മോട്ടോര്‍ വാഹനവകുപ്പ് കൈയ്യും കെട്ടി നിന്നതും വിമര്‍ശനത്തിനിടയാക്കി. ഏറ്റവുമൊടുവില്‍ ഒരു യുവതിക്ക് നേരെ ജീവനക്കാരനില്‍ നിന്ന് പീഡനശ്രമമുണ്ടായി. വാഹനം അശ്രദ്ധമായോടിച്ച് മറ്റൊരു ബസ്സിലെ യാത്രക്കാരന്റെ തുടയെല്ലൊടിച്ചെന്നും പരാതി ഉയര്‍ന്നു. പഴയ പരാതിയില്‍ പെര്‍മിറ്റ് റദ്ദാക്കിയിട്ടില്ലെന്ന വിവരം ഇതിന് പിന്നാലെ പുറത്തായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മെല്ലപ്പോക്ക് വിവാദത്തിലായത്. ഇതേ തുടര്‍ന്നാണ് കളക്ടര്‍ ആര്‍ടിഎ യോഗം വിളിപ്പിച്ചത്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT