Around us

'ഇതുവരെ ക്ഷമിച്ചത് എംവിആറിന്റെ മകനായതുകൊണ്ട്'; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചെന്ന് സുധാകരന്‍

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. അസത്യവും, അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്രയാക്കിയ മാധ്യമമാണ് റിപ്പോര്‍ട്ടര്‍ ചാനലെന്നും, സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് പ്രവര്‍ത്തനമെന്നും കെ.സുധാകരന്‍ ആരോപിക്കുന്നുണ്ട്. ചാനലിനെതിരെ ഇതുവരെയും നടപടിക്ക് മുതിരാതിരുന്നത് എം.വി.രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയനേതാവിനെ ഓര്‍ത്താണെന്നും സുധാകരന്‍ പറയുന്നു.

'സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീര്‍ത്തികരമായ വാര്‍ത്തയുടെ പേരില്‍ ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുമുണ്ട്.

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചതും, ജനങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവര്‍ത്തകന്‍ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാര്‍ത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവര്‍ത്തനമാണ്? കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കില്‍ അതങ്ങോട്ട് മാറ്റി വച്ചേക്കണം', കെ.സുധാകരന്‍ പറയുന്നു.

കെ.സുധാകരന്റെ കുറിപ്പ്:

'പല തവണ പാര്‍ട്ടി പ്രവര്‍ത്തകരും സ്‌നേഹിതന്മാരും നിര്‍ബന്ധിച്ചിട്ടും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികള്‍ക്ക് മുതിരാതിരുന്നത് എം വി രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓര്‍ത്തിട്ടാണ്.

സ്വന്തം ജീവനോളം വിശ്വാസമായിരുന്നു ഞങ്ങളിരുവരും തമ്മില്‍. കാല് കുത്തിക്കില്ലെന്ന് പിണറായി വിജയനടക്കമുള്ളവര്‍ വീമ്പടിച്ചു പ്രസംഗിച്ച കണ്ണൂരിന്റെ മണ്ണില്‍, പതിറ്റാണ്ടുകളോളം ഒരു പോറല്‍ പോലുമേല്‍ക്കാതെ എം വി ആറിനെ കാത്തത് കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ എന്നെയും മറ്റു കോണ്‍ഗ്രസ് നേതാക്കളെയും വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്‌നേഹം കൊണ്ടു തന്നെയാണ്.

സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ച് നടത്തുന്ന മാധ്യമ പ്രവര്‍ത്തനം എന്നെ മാത്രമല്ല, നമ്മുടെ നാടിനെ മുഴുവനും ബാധിക്കും. ആ തിരിച്ചറിവിന്റെ പേരില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. ഒപ്പം അപകീര്‍ത്തികരമായ വാര്‍ത്തയുടെ പേരില്‍ ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുമുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ ഒരുപാട് ത്യാഗം സഹിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സ്വന്തം കുടുംബത്തെ മറന്നും സമൂഹത്തെ സേവിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ ആണ് പൊതു പ്രവര്‍ത്തകര്‍. ഈ രാജ്യം തന്നെ കെട്ടിപ്പടുത്ത പാര്‍ട്ടിയെയും ജീവിതം തന്നെ രാഷ്ട്ര സേവനത്തിനായി ഉഴിഞ്ഞു വച്ച നേതാക്കളെയും എന്തിനെന്നില്ലാതെ അപമാനിക്കുന്നത് ഇനിയും കൈയ്യും കെട്ടി നോക്കി നില്‍ക്കാനാകില്ല.

സംസ്ഥാന ആഭ്യന്തര വകുപ്പ് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിച്ച ഒരു ക്രിമിനലുമായി എന്നെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചതും, ജനങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത പ്രിയ സഹപ്രവര്‍ത്തകന്‍ ടോണി ചമ്മണി ഒളിവിലെന്ന് വ്യാജവാര്‍ത്ത കൊടുത്തതും എന്ത് തരം മാധ്യമ പ്രവര്‍ത്തനമാണ്? കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കെതിരെ എന്തും പറയാം എന്നൊരു ധാരണ ഉണ്ടെങ്കില്‍ അതങ്ങോട്ട് മാറ്റി വച്ചേക്കണം.

അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോണ്‍ഗ്രസിന് അറിയാഞ്ഞിട്ടല്ല...

ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെങ്കില്‍, എം.വി.ആറിന്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോണ്‍ഗ്രസ് വേണ്ടെന്ന് വെയ്ക്കും.'

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT