ഗോമൂത്രം കുടിച്ചതിനാലാണ് തന്റെ സ്തനാര്‍ബുദം മാറിയതെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യാസിങ്. ഗോമൂത്രമുള്‍പ്പെടുന്ന പഞ്ചഗവ്യ ഔഷധം കഴിച്ചതിനാലാണ് തനിക്ക് രോഗവിമുക്തിയുണ്ടായത്. ഇത് ശാസ്ത്രീയമാണെന്നും ഗോമൂത്രത്തിന് ഏറെ ഔഷധഗുണമെന്നും വിവാദ സന്യാസിനി പറഞ്ഞു. ഇന്‍ഡ്യാ ടുഡെയോടായിരുന്നു സാധ്വിയുടെ പ്രതികരണം. മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സാധ്വി താക്കുര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് ഇവര്‍ ജാമ്യം നേടിയെടുത്തത്.
ശേഷം ബിജെപി അംഗത്വം സ്വീകരിച്ച ഇവരെ പാര്‍ട്ടി ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിനൈയാണ് സാധ്വി നേരിടുന്നത്. താന്‍ സ്തനാര്‍ബുദ രോഗിയായിരുന്നു. ഗോമൂത്രം കുടിച്ചതിനാലാണ് രോഗവിമുക്തിയുണ്ടായത്. ഗോമൂത്രമുള്‍പ്പെടുന്ന പഞ്ചഗവ്യമാണ് സ്ഥിരമായി കഴിച്ചത്. ഗോധനം എന്നത് അമൃതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്ത് പശുക്കളുടെ നിലവിലെ സ്ഥിതി തന്നെ വേദനിപ്പിക്കുന്നു. പശുക്കള്‍ സംരക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
അതേസമയം ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്ന് പറഞ്ഞാണ് ജാമ്യം നേടിയതെന്ന് ഓര്‍ക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുകയാണ്.
ഗോമൂത്രം ക്യാന്‍സര്‍ മാറ്റുമെന്ന വാദത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നിരിക്കെയാണ് സാധ്വി താക്കുറിന്റെ അവകാശവാദം. ഗോമൂത്രം കഴിച്ചതിനാല്‍ അര്‍ബുദ വിമുക്തിയുണ്ടായതായി ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗോമൂത്രം അര്‍ബുദത്തിനുള്ള ഔഷധമല്ലെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പശുവില്‍ നിന്നുള്ള വസ്തുക്കളില്‍ നിന്ന് തയ്യാറാക്കുന്ന പഞ്ചഗവ്യത്തിന്റെ ഔഷധമൂല്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് താനെന്നന്നും അവര്‍ പറയുന്നു.
പശുവില്‍ നിന്നുണ്ടാകുന്ന അഞ്ച് വസ്തുക്കളുടെ കൂട്ടാണ് പഞ്ചഗവ്യം. പാല്, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവയാണ് പഞ്ചഗവ്യത്തിലെ വസ്തുക്കള്‍. ഗവ്യമെന്നാല്‍ പശുവില്‍ നിന്നുണ്ടാകുന്നത് എന്നാണ് അര്‍ത്ഥം. പ്രത്യേക അളവിലെടുത്ത് ഇത് പുളിപ്പിച്ചാണ് പഞ്ചഗവ്യം തയ്യാറാക്കുന്നത്.