Around us

'ഇത് ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത്', നേടിയെടുത്തത് അന്തസോടെ ജീവിക്കാനുള്ള അവകാശമെന്ന് അനഘ

രണ്ടര വര്‍ഷത്തിന് ശേഷം ലഭിച്ചിരിക്കുന്ന ലാപ്‌ടോപ്പ് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് അനഘ ബാബു. അനഘയും സഹോദരി ആര്‍ദ്രയും ലാപ്‌ടോപ്പിനായി നടത്തിയ പോരാട്ടം ചര്‍ച്ചയായിരുന്നു. നേടിയെടുത്തത് കേവലമൊരു ലാപ്‌ടോപ്പല്ല, ഈ രാജ്യത്ത് അന്തസോടെ ജീവിക്കാനുള്ള അവകാശമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനഘ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ടര വര്‍ഷത്തിനുശേഷം, എന്റെ അനിയത്തിയ്ക്ക് ഇന്ന് ലാപ്പ്‌ടോപ്പ് ലഭിച്ചു. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഞങ്ങളുടെ അവകാശമാണീ ലാപ്പ്‌ടോപ്പ്. പണ്ട് പള്ളിക്കൂടങ്ങളില്‍ നിന്ന് ഞാനുള്‍പ്പെടുന്ന ജനതയെ കയറ്റാതെ അകറ്റി മാറ്റിയെങ്കില്‍ സ്വാതന്ത്ര്യാനന്തര കാലത്ത് സ്‌കീമുകള്‍ നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിച്ചും വൈകിപ്പിച്ചും അനാവശ്യമായ് നടത്തിപ്പിച്ചുമൊക്കെയാണ് ഞങ്ങളെ പുറത്ത് നിര്‍ത്തുന്നത്. അങ്ങനെ പുറത്ത് പോകുവാന്‍ ഞങ്ങളൊരുക്കമല്ലെന്നും കെട്ടിത്തൂങ്ങി ചാവാനോ കാലുപിടിക്കുവാനോ ഞങ്ങളൊരുക്കമല്ലെന്നും അധികാരികള്‍ മനസ്സിലാക്കണം. ഞങ്ങളീ മണ്ണില്‍ തുല്യനീതിയില്‍ ജീവിയ്ക്കും.

ഞങ്ങള്‍ നേടിയെടുത്തത് കേവലമൊരു ലാപ്പ് ടോപ്പല്ല. ഈ രാജ്യത്ത് അന്തസോടെ ജീവിയ്ക്കാനുള്ള ഞങ്ങളുടെ അവകാശത്തെയാണ്. ഒരു അംബേദ്ക്കറെറ്റ് എന്ന നിലയില്‍ ഞാന്‍ എന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹൈക്കോടതി ഉത്തരവിന്റെ പുറത്തും പൊതു സമൂഹത്തിന്റെ ചേര്‍ത്തു നില്‍പ്പിലും നേടിയെടുത്തു.

'ദളിത് കുടുംബത്തിന്റെ കണ്ണീരൊപ്പി 'എന്ന നിലയിലുള്ള കദനകഥകള്‍ ആരും എഴുത്തേണ്ടതിലെന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പ്രത്യേക ഇടപ്പെടലില്‍ ലാപ്പ്‌ടോപ്പ് ലഭിച്ചു എന്ന പ്രചാരവും വേണ്ട. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ഇടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവരില്‍ നിക്ഷിപ്തമായിട്ടുള്ള കര്‍ത്തവ്യമാണ്. അവരടക്കം എന്നെ ചേര്‍ത്തു നിര്‍ത്തിയ ഒരുപാട് മനുഷ്യരുണ്ട്. എനിയ്ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയ അഡ്വ പി കെ ശാന്തമ്മ ചേച്ചിയും ദിശയും പ്രിയ കൂട്ടുക്കാരന്‍ ദിനുവെയിലും മൃദുല ചേച്ചിയും മുതല്‍ ഒരുപാട് പേര്‍. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍, മറ്റ് മാധ്യമ പ്രവര്‍ത്തകര്‍. ഒരു പാട് പേര്‍. എല്ലാവരോടും സ്‌നേഹമറിയിക്കുന്നു.

വീട്ടില്‍ ഐക്യദാര്‍ഢ്യവുമായ് വന്ന ഒരു പാട് സംഘടനകളും വ്യക്തികളുമുണ്ട്. അവരോടെല്ലാം എന്റെ സ്‌നേഹമുണ്ട്. പക്ഷേ എന്നെ വിളിച്ച ചില ബിജെപിക്കാരോട് ഈ രാജ്യത്തെ എന്റെ സഹോദരങ്ങളുടെ ജീവനെടുക്കുന്ന നിങ്ങള്‍ മേലാല്‍ വിളിച്ചു പോകരുതെന്നു സൂചിപ്പിച്ചിട്ടുണ്ട്.

ഈ ലാപ്‌ടോപ്പുമായ് ഞങ്ങള്‍ കയറികിടക്കുന്നത് ചോര്‍ന്നൊലിക്കുന്ന പണി തീരാത്ത വീട്ടിലാണ്. എന്റെ വീട് ഞാന്‍ ജനിച്ച് ഇക്കാലയളവുവരെ ഇതുപോലെ നിലനില്‍ക്കുന്നത് ഞങ്ങളുടെ തെറ്റ് കൊണ്ടല്ലെന്നും അതിന് കാലാകാലങ്ങളില്‍ മാറി മാറി വന്ന ജനപ്രതിനിധികളാണ് ഉത്തരവാദികള്‍ എന്നതും ഞാന്‍ ഉറച്ചു പറയാന്‍ ആഗ്രഹിക്കുന്നു. വീടുമായ് ബന്ധപ്പെട്ട സ്‌കീമുകളുടെ എല്ലാ രേഖകളും വിവാരാവകാശ നിയമപ്രകാരം ഇന്ന് ചോദിച്ചിട്ടുണ്ട്.

രാത്രികളില്‍ ഡെസര്‍ട്ടേഷന്‍ വര്‍ക്ക് മുടങ്ങി പോയി നിര്‍ത്താതെ കരഞ്ഞിട്ടുണ്ട്.. കുട്ടികള്‍ കരയുമ്പോള്‍ കരച്ചിലടക്കാന്‍ എന്തും ചെയ്യുന്ന മാതാപിതാക്കളെ ഞാന്‍ ചെറുപ്പം മുതല്‍ക്കേ കാണാറുണ്ട്. എന്നാല്‍ ഞാന്‍ കരയുമ്പോള്‍ എനിയ്‌ക്കൊപ്പം കരയാന്‍ മാത്രം കഴിയുന്ന എന്റെ അമ്മയുമച്ഛനുമുണ്ട്. ആ അമ്മയെയാണ് ഹൈക്കോടതി ഉത്തരവുമായ് ചെന്നപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ അപമാനിച്ച് വിട്ടത്. അതും പോരാഞ്ഞ് അവര്‍ ഞങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നടക്കമുള്ള നുണ പ്രചരണങ്ങള്‍. പ്രാഥമികമായ മനുഷ്യത്വവും ജനാധിപത്യ ബോധവുമുള്ള മനുഷ്യരായ് ഇത്തരം ഉദ്യോഗസ്ഥരും ചില ജനപ്രതിനിധികളും സ്വയം പരിഷ്‌കരിക്കപ്പെടേണം. നിങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ടുള്ള പരാതികളുമായ് മുന്നോട്ട് പോവുക തന്നെ ചെയ്യും.

ഇത് എന്റെ മാത്രം വിഷയമല്ല. ഒരു പാട് വിദ്യാര്‍ത്ഥികള്‍ ഈ ദിവസങ്ങളില്‍ അവര്‍ക്കനുഭവിക്കേണ്ടി വരുന്ന വിവേചനത്തെ ഈ തുറന്നു പറഞ്ഞിട്ടുണ്ട്. പല മനുഷ്യരും കുറേയേറെ കാലങ്ങളായ് തുറന്നു പറയുന്നതാണ്. അവ അഡ്രസ്സ് ചെയ്യപ്പെടണം. അവര്‍ക്കും നീതി വേണം.

ഒരിക്കല്‍ കൂടി കൂടെ നിന്ന ഓരോരുത്തരോടും നിറഞ്ഞ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഒപ്പം ആദിവാസി ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ അഭയ് ഫ്ലാവിയര്‍ സാസയുടെ ഒരു കവിതയിലെ വരികള്‍ കൂടി കുറിയ്ക്കട്ടെ.

'നിങ്ങള്‍ ഔദാര്യമായി തരുന്ന മേല്‍വിലാസങ്ങളെ, നിങ്ങളുടെ വിധിതീര്‍പ്പുകളെ, രേഖകളെ, നിര്‍വചനങ്ങളെ, നേതാക്കളെ രക്ഷാധികാരികളെ ഞാന്‍ നിരസിക്കുന്നു, തള്ളിക്കളയുന്നു, പ്രതിരോധിക്കുന്നു. കാരണം അവയെല്ലാം എന്റെ നിലനില്‍പ്പിനെയും എന്റെ വീക്ഷണങ്ങളെയും എന്റേതായ ഇടത്തെയും എന്റെ വാക്കുകളെയും ഭൂപടങ്ങളെയും രൂപങ്ങളെയും അടയാളങ്ങളെയും നിഷേധിക്കുന്നവയാണ്, അവയെല്ലാം നിങ്ങളെ ഒരു ഉന്നതപീഠത്തില്‍ പ്രതിഷ്ഠിച്ച് താഴേക്ക് എന്നെ നോക്കാനുള്ള മായാപ്രപഞ്ചത്തെയുണ്ടാക്കലാണ്, അതുകൊണ്ട് എന്റെ ചിത്രം, അത് ഞാന്‍ തന്നെ വരച്ചുകൊള്ളാം, എന്റെ ഭാഷയെ ഞാന്‍ തന്നെ രചിച്ചുകൊള്ളാം, എന്റെ യുദ്ധങ്ങള്‍ ജയിക്കാനുള്ള കോപ്പുകള്‍ ഞാന്‍ തന്നെ നിര്‍മിച്ചുകൊള്ളാം', നമ്മള്‍ ഒത്തുചേര്‍ന്ന് പൊരുതുക , നിവര്‍ന്ന് നില്‍ക്കുക, അന്തസ്സുയര്‍ത്തിപ്പിടിക്കുക.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT