Around us

അരങ്ങിനെയും സ്‌ക്രീനിനെയും ജ്വലിപ്പിച്ച പ്രതിഭ, പി.ബാലചന്ദ്രന് വിട

മലയാളത്തിലെ മുന്‍നിര നാടകകൃത്തും ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലര്‍ച്ചെ 6 മണിക്ക് വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് എട്ടുമാസത്തോളമായി ചികിത്സയിലായിരുന്നു.

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മമ്മൂട്ടി ചിത്രം 'വണ്ണില്‍' പ്രതിപക്ഷ എം.എല്‍.എ.യുടെ വേഷം ചെയ്തിരുന്നു. ഓപ്പറേഷന്‍ ജാവയില്‍ പ്രധാന കഥാപാത്രമായിരുന്നു. പി.കുഞ്ഞിരാമന്‍നായരുടെ ജീവിതവും കലാപസപര്യയും പ്രമേയമാക്കി ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, കമ്മട്ടിപ്പാടം ഉള്‍പ്പെടെ നിരവധി തിരക്കഥകള്‍.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി 1952 ഫെബ്രുവരി 2 ന് ജനനം. എഴുത്തുകാരന്‍, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ്. ചലച്ചിത്ര കഥ-തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 'ഇവന്‍ മേഘരൂപന്‍' എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധായകനായി. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു. 1972 ഇല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തില്‍ 'താമസി' എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എം. ജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ 'കള്‍ട്'ല്‍ പ്രവര്‍ത്തിച്ചു. ''മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം'' എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ''വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം ,ട്രിവാന്‍ഡ്രം ലോഡ്ജ്, മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം , പോലീസ്, കമ്മട്ടിപാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് ''പാവം ഉസ്മാന്‍'' നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി. ''പ്രതിരൂപങ്ങള്‍'' എന്ന നാടകരചനക്കായിരുന്നു അത്.

''പുനരധിവാസം'' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു. വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പില്‍ നടക്കും.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT