370 രൂപയുടെ ചിക്കൻ ബിരിയാണി. ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഈ തുക ഇപ്പോൾ വലിയൊരു ചർച്ചാവിഷയമാണ്. ഒരു പ്രമുഖ സ്റ്റാൻഡ്-അപ്പ് കോമഡി ഷോയിൽ ഉയർന്നുവന്ന സ്ത്രീവിരുദ്ധ പ്രസ്താവനയും അതിനെത്തുടർന്നുണ്ടായ കൈയടികളും കേവലം ഒരു തമാശ എന്നതിനപ്പുറം ഇപ്പോൾ രാജ്യമൊട്ടാകെ വലിയ ഗൗരവമുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്. വിനോദ പരിപാടികളുടെ മറവിൽ ലൈംഗിക അതിക്രമ ചിന്തകൾ മഹത്വവൽക്കരിക്കപെട്ടപ്പോൾ, അതേ വേദിയിൽ വെച്ച് തന്നെ മെഡിക്കൽ ധാർമ്മികതയുടെ കടുത്ത ലംഘനങ്ങളും പരസ്യമായി ആഘോഷിക്കുകയും ചെയ്തു.
യഥാർത്ഥത്തിൽ എന്താണ് ഈ ഷോയിൽ സംഭവിച്ചത്? കേവലം തമാശകൾ മാത്രമായിരുന്നോ? തമാശയുടെ പേരിൽ പൊതുസമൂഹം അംഗീകരിച്ചു നൽകുന്ന ഇത്തരം പ്രസ്താവനകൾ ശെരിക്കും അപകടകാരിയോ? കുറ്റകൃത്യങ്ങളെയും ധാർമ്മിക ലംഘനങ്ങളെയും ലിംഗഭേദമില്ലാതെ ഒരുപോലെ കാണാൻ നമ്മുടെ സമൂഹം തയ്യാറാകാത്തതോ? ചോദ്യങ്ങൾ ഏറെ, ഉത്തരങ്ങൾ ആര് നൽകും?
370 രൂപയുടെ ബിരിയാണി
മറാഠി സ്റ്റാൻഡ് അപ്പ് കോമഡി താരവും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ പ്രണീത് മോറെ നടത്തിയ ഒരു ലൈവ് ഷോയ്ക്കിടയിലാണ് വിവാദങ്ങൾക്ക് കാരണമായ സംഭവം അരങ്ങേറുന്നത്. ഷോയിലെ കാണികളോട് സംസാരിക്കുന്ന 'ക്രൗഡ് വർക്ക്' സെഗ്മെന്റിൽ പങ്കെടുത്ത ഹിമാൻഷു ജാൻഗ്ര എന്ന ഇരുപത്തിമൂന്നുകാരനായ യുവാവ് തന്റെ ഒരു ഡേറ്റിംഗ് അനുഭവം സദസ്സുമായി പങ്കുവെച്ചു. താൻ ഒരു പെൺകുട്ടിയുമായി ഡേറ്റിംഗിന് പോയെന്നും അവിടെ വെച്ച് 370 രൂപ വിലവരുന്ന ചിക്കൻ ബിരിയാണി വാങ്ങി നൽകിയെന്നും അയാൾ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം ആ പെൺകുട്ടി വീട്ടിൽ വിടാൻ ആവശ്യപ്പെട്ടപ്പോൾ താൻ പണം ചിലവഴിച്ചിട്ടുണ്ടെന്നും അത് 'വസൂലാക്കണം' (മുതാലാകണം) എന്ന രീതിയിലുമായിരുന്നു അയാളുടെ സംസാരം.
പെൺകുട്ടിയുടെ പൂർണ്ണമായ വിയോജിപ്പ് വകവെക്കാതെ, അവളുടെ അനുമതിയില്ലാതെ (Consent) ഇരുളടഞ്ഞ ഒരു പാർക്കിൽ വെച്ച് താൻ ലൈംഗികമായി സ്പർശിക്കാൻ ശ്രമിച്ചതായി അയാൾ സദസ്സിന് മുന്നിൽ വിശദീകരിച്ചു. പാർക്കിൽ വെച്ച് നടന്ന ഓരോ കാര്യങ്ങളും, പിന്നീട് തന്റെ മുറിയിൽ വെച്ച് നടന്ന സംഭവങ്ങളും, ആ സമയത്ത് ആ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ വിശദവിവരങ്ങൾ പോലും ആ വലിയ സദസ്സിന് മുന്നിൽ വെച്ച് അയാൾ വളരെ അഭിമാനത്തോടെ അവതരിപ്പിച്ചു.
ഈ പ്രസ്താവനയെ തടയുന്നതിന് പകരം, കൊമീഡിയൻ പ്രണീത് മോറെ ഇതിനെ "പീക്ക് ഗുഡ്ഗാവ് കണ്ടെന്റ്" (Peak Gurgaon Content) എന്ന് വിശേഷിപ്പിക്കുകയാണ് ചെയ്തത്. അവിടെയുണ്ടായിരുന്ന സദസ്സും ആർത്തുചിരിക്കുകയും കൈയടിക്കുകയും ചെയ്തു. മാത്രമല്ല ഷോയിലെ ഏറ്റവും വലിയ സമ്മാനത്തുക ഹിമാൻഷുവിന് നൽകുകയും ചെയ്തു.
സൈബർ രോഷവും ജോലി നഷ്ടപ്പെടലും
ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊതുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. ലൈംഗിക അതിക്രമ ചിന്തകളെ പൊതുവേദിയിൽ പ്രോത്സാഹിപ്പിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉണ്ടായത്. ഇതിനെത്തുടർന്ന് വെബ് ഡെവലപ്പറായ ഹിമാൻഷു ജാൻഗ്ര ജോലി ചെയ്തിരുന്ന ഗുഡ്ഗാവ് ആസ്ഥാനമായുള്ള 'സ്റ്റാർവിക് ഡിസൈൻ' (Starvik Design) എന്ന സ്ഥാപനം അയാളെ ജോലിയിൽ നിന്നും പുറത്താക്കി.
കമ്പനി സ്ഥാപകൻ വിവേക് വിശ്വകർമ്മ പിന്നീട് പുറത്തുവിട്ട ഔദ്യോഗിക വീഡിയോയിൽ ഹിമാൻഷുവിന്റെ പ്രസ്താവനകളെ ശക്തമായി തള്ളിപ്പറഞ്ഞു. ഓഫീസിലെ മറ്റ് ജീവനക്കാരുമായും വനിതാ സഹപ്രവർത്തകരുമായും സംസാരിച്ചപ്പോൾ ഹിമാൻഷു ജോലിസ്ഥലത്ത് മാന്യമായി പെരുമാറുന്ന ആളാണെന്ന വിലയിരുത്തലാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ കമ്പനിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയതും നൂറുകണക്കിന് ഇമെയിലുകളും കോളുകളും വന്നതുമാണ് പെട്ടെന്നുള്ള പിരിച്ചുവിടലിന് പ്രധാന കാരണമായി മാറിയതെന്ന് വിശദീകരിച്ചു.
മെഡിക്കോ വിദ്യാർത്ഥിനിയുടെ ‘ഡെഡ് ബോഡി കോമഡി’
ഇതേ ഷോയിൽ വെച്ച് നടന്ന മറ്റൊരു സംഭവവും സമാന്തരമായി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുംബൈയിലെ കെ.ഇ.എം ഹോസ്പിറ്റലിൽ പഠിക്കുന്ന സേജൽ പവാർ എന്ന വനിതാ മെഡിക്കൽ വിദ്യാർത്ഥിനി ഇതേ ഷോയിൽ പങ്കെടുത്തപ്പോൾ മറ്റൊരു ‘തമാശ’യും പറഞ്ഞു. താനും സഹപാഠികളും ചേർന്ന് മെഡിക്കൽ ഡിസെക്ഷൻ (Dissection) ക്ലാസുകളിൽ പഠനത്തിനായി വെച്ചിരിക്കുന്ന പുരുഷന്മാരുടെ മൃതദേഹങ്ങളുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് പരിഹസിക്കാറുണ്ടെന്നാണ് അവർ പറഞ്ഞത്.
പഠന ആവശ്യങ്ങൾക്കായി ശരീരം ദാനം ചെയ്ത മൃതദേഹങ്ങളോട് കാണിച്ച ഈ പെരുമാറ്റം മെഡിക്കൽ എത്തിക്സിന്റെ (Medical Ethics) കടുത്ത ലംഘനമാണ്. ഒരു മെഡിക്കൽ വിദ്യാർത്ഥി പുലർത്തേണ്ട അടിസ്ഥാനപരമായ മാനുഷിക പരിഗണനകളെപ്പോലും തമാശയായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇവിടെ കണ്ടത്.
പൊതുപ്രതികരണം
ഈ രണ്ട് സംഭവങ്ങളോടും രണ്ട് രീതിയിലാണ് സോഷ്യൽ മീഡിയയും പൊതുസമൂഹവും പ്രതികരിച്ചത്. ഹിമാൻഷുവിന്റെ വീഡിയോയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ രോഷം രൂപപ്പെടുകയും തൊഴിൽപരമായ നടപടികളിലേക്ക് അത് നീങ്ങുകയും ചെയ്തു. പൊതുജനരോഷം ശക്തമായതോടെ ഹിമാൻഷുവും കോമഡിയൻ പ്രണീത് മോറെയും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ആദ്യം പൂട്ടിയിരുന്നു. എന്നാൽ പിന്നീട് ഹിമാൻഷു സോഷ്യൽ മീഡിയയിൽ തിരിച്ചുവരികയും മാപ്പ് പറയുന്നതിന് പകരം ന്യായീകരണങ്ങളുമായി ഇതിനെ വീണ്ടും ഒരു 'കണ്ടെന്റ്' ആക്കി മാറ്റാൻ ശ്രമിച്ചതും ജനരോഷം ഇരട്ടിയാക്കി.
അതേസമയം, മെഡിക്കൽ വിദ്യാർത്ഥിനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ധാർമ്മിക ലംഘനത്തിനെതിരെ തുടക്കത്തിൽ വലിയ തോതിലുള്ള പ്രതികരണങ്ങൾ ഉണ്ടായില്ല. ഇത് സമൂഹത്തിന്റെ ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാണിച്ച് പിന്നീട് നിരവധി ആളുകൾ രംഗത്തുവന്നു. ഇതൊരു പുരുഷ ഡോക്ടറാണ് സ്ത്രീയുടെ മൃതദേഹത്തെക്കുറിച്ച് പറഞ്ഞതെങ്കിൽ കടുത്ത നിയമനടപടികളും കേസും ഉണ്ടായേനെ എന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുയർന്നു. വിമർശനം ശക്തമായതോടെ ഈ വിദ്യാർത്ഥിനിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി.
തമാശകൾക്കപ്പുറം
ഈ രണ്ട് സംഭവങ്ങളും കേവലം വേദിയിലെ തമാശകൾ എന്നതിനപ്പുറം വലിയ ചില സാമൂഹിക പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. "ഇതൊരു തമാശയല്ലേ", "എന്തിനാണ് ഇതിനെ ഇത്ര ഗൗരവമായി കാണുന്നത്" എന്ന രീതിയിലുള്ള പ്രതികരണങ്ങൾ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ വിനോദ പരിപാടികളുടെ മറവിൽ ഇത്തരം ചിന്തകൾ ആഘോഷിക്കപ്പെടുന്നത് വഴി കൃത്യമായ ചില തെറ്റായ സന്ദേശങ്ങളാണ് സമൂഹത്തിന് നൽകപ്പെടുന്നത്.
അവകാശബോധം (Entitlement Mindset): ഒരു സ്ത്രീക്ക് വേണ്ടി പണം ചിലവഴിച്ചാൽ അതിന് പകരമായി അവളുടെ ശരീരത്തിന്മേൽ പുരുഷന് അവകാശമുണ്ടെന്ന് കരുതുന്ന അപകടകരമായ ചിന്താഗതിയാണിത്. ആഹാരം വാങ്ങി നൽകുന്നത് ഒരിക്കലും ഒരു സ്ത്രീയുടെ സ്വയംഭരണാവകാശത്തിന്മേൽ കടന്നുകയറാനുള്ള ലൈസൻസ് അല്ലെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
സമ്മതത്തിന്റെ ലംഘനം (Consent): ഒരു സ്ത്രീ തന്റെ വിയോജിപ്പ് വ്യക്തമാക്കിയാൽ അത് 'നോ' എന്ന് തന്നെയാണ് അർത്ഥം. അവളുടെ അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നത് തമാശയല്ല, മറിച്ച് ക്രിമിനൽ കുറ്റമാണ്. ഇത്തരം അതിക്രമങ്ങളെ തമാശയായി അവതരിപ്പിക്കുന്നതും അതിന് കൈയടിക്കുന്നതും കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണിക്കാൻ മാത്രമേ സഹായിക്കൂ.
മെഡിക്കൽ രംഗത്തെ ധാർമ്മികച്യുതി: പഠന ആവശ്യങ്ങൾക്കായി വിട്ടുനൽകുന്ന മൃതദേഹങ്ങളോട് പുലർത്തേണ്ട അടിസ്ഥാന ബഹുമാനവും പ്രൊഫഷണൽ എത്തിക്സും (Professional Ethics) ലംഘിക്കപ്പെടുന്നതും വിനോദമായി മാറുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ പുലർത്തേണ്ട മാനുഷിക പരിഗണനകൾ ഇവിടെ പൂർണ്ണമായും ഇല്ലാതാകുകയാണ് ചെയ്യുന്നത്.
വിശ്വാസ്യത തകരൽ: ഇത്തരം ചില വ്യക്തികളുടെ പെരുമാറ്റങ്ങൾ കാരണം സ്ത്രീകളെ ബഹുമാനത്തോടെ സമീപിക്കുന്ന മാന്യന്മാരായ പുരുഷന്മാരെപ്പോലും സമൂഹം സംശയദൃഷ്ടിയോടെ നോക്കാൻ ഇടവരുന്നു. ഇത് മനുഷ്യർ തമ്മിലുള്ള പരസ്പര വിശ്വാസത്തെയാണ് തകർക്കുന്നത്
പ്രതിഷേധിച്ച് സോമറ്റോയും താരങ്ങളും
ഈ വിവാദം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ഒതുങ്ങിനിന്നില്ല. വിഷയം വലിയ തോതിൽ ചർച്ചയായതോടെ പ്രമുഖ ബ്രാൻഡുകളും ശക്തമായ നിലപാടുകളുമായി രംഗത്തെത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സൊമാറ്റോയുടേതെന്ന പേരിൽ ഒരു വ്യാജ നോട്ടിഫിക്കേഷൻ സ്ക്രീൻഷോട്ട് (Fake Notification Screenshot) സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ കടുത്ത ഭാഷയിലാണ് സൊമാറ്റോ ഔദ്യോഗികമായി പ്രതികരിച്ചത്. ബിരിയാണി എന്നത് അത്താഴമാണ് അല്ലാതെ സമ്മതമല്ല (Biryani is dinner, not consent) എന്ന് കമ്പനി വ്യക്തമാക്കി. തങ്ങളുടെ പേരിൽ പ്രചരിക്കുന്നത് തികച്ചും വ്യാജമായ സന്ദേശമാണെന്നും ഇത്തരം മോശം ഉള്ളടക്കങ്ങൾ തങ്ങൾ നിർമ്മിച്ചിട്ടില്ലെന്നും സൊമാറ്റോ വിശദീകരിച്ചു. പൊതുജന സുരക്ഷ മുൻനിർത്തി മുന്നൂറ്റി എഴുപത് രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി ലഭിക്കുമെന്നും എന്നാൽ നിയമലംഘനം നടത്തിയാൽ ലോക്കപ്പിൽ ദീർഘകാലത്തെ താമസത്തോടൊപ്പം സൗജന്യ ഭക്ഷണവും ലഭിക്കുമെന്നും മുംബൈ പൊലീസ് മുന്നറിയിപ്പ് നൽകി. പണം നൽകി ഭക്ഷണം വാങ്ങി നൽകുന്നത് ഒന്നിനുമുള്ള അനുമതിയല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പൊലീസിന്റെ ഈ പോസ്റ്റർ. ഇതോടെ 'ബിരിയാണി ഈസ് നോട്ട് കൺസെന്റ്' (#BiryaniIsNotConsent) എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രെൻഡിംഗ് (Trending) ആയി മാറി.
കുശാ കപില (Kusha Kapila), ഡോളി സിംഗ് (Dolly Singh) തുടങ്ങിയ പ്രമുഖ ഡിജിറ്റൽ കണ്ടെന്റ് ക്രിയേറ്റർമാരും ഈ സംഭവത്തെ പരസ്യമായി അപലപിച്ചു. കലാരംഗത്ത് നിന്നും ഈ സംഭവത്തെ തള്ളിപ്പറഞ്ഞ് രാജ്യത്തെ പ്രമുഖ സ്റ്റാൻഡ്-ആപ്പ് കോമഡി താരങ്ങളും രംഗത്തുവന്നു. തമാശകൾ ലൈംഗിക അതിക്രമ ചിന്തകളെ (Rape Culture) ന്യായീകരിക്കാൻ തുടങ്ങുമ്പോൾ നമ്മൾ എന്തിനെ നോക്കിയാണ് ചിരിക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് സയൻ ഘോഷ് വ്യക്തമാക്കി. ഇത്തരം വേദികൾ പുരുഷന്മാർക്ക് ഒത്തുചേരാനുള്ള തെറ്റായ ഇടങ്ങളായി മാറുന്നതിനെ ഡെബി സാഹയും വിമർശിച്ചു. കേവലം കാഴ്ചക്കാരെ (Views) കൂട്ടാൻ വേണ്ടി മാത്രമാണ് ഇത്തരം വിവാദ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതെന്ന് ശിലാദിത്യ ചാറ്റർജി തുറന്നടിച്ചു. പുതിയ തലമുറ തങ്ങളെ മാതൃകയാക്കുന്നതിനാൽ കോമഡി താരങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം വേണമെന്ന് പ്രിയം ഘോഷ് ഓർമ്മിപ്പിച്ചു. വിനോദത്തിന്റെ പേരിൽ അതിക്രമ ചിന്തകൾ വിളിച്ചുപറയാനുള്ള വേദിയല്ല സ്റ്റാൻഡ്-ആപ്പ് കോമഡി എന്ന് വ്യക്തമാക്കുന്നതായിരുന്നു സഹപ്രവർത്തകരായ കലാകാരന്മാരുടെ പ്രതികരണങ്ങൾ.
വിനോദ പരിപാടികളുടെയും കോമഡി ഷോകളുടെയും പേരിൽ ലൈംഗിക അതിക്രമ ചിന്തകളെയും പ്രൊഫഷണൽ എത്തിക്സ് ലംഘനങ്ങളെയും മഹത്വവൽക്കരിക്കുന്നത് പൊതുസമൂഹം ഗൗരവമായി കാണേണ്ടതുണ്ട്. തമാശകൾക്ക് സാമൂഹികമായ ഉത്തരവാദിത്തം ഉണ്ടെന്ന് തിരിച്ചറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കേവലം കാഴ്ചക്കാർക്കും വ്യൂസിനും വേണ്ടി എന്ത് മോശം ഉള്ളടക്കങ്ങളും വിനോദമാക്കി മാറ്റുന്നത് വരുംതലമുറയ്ക്ക് നൽകുന്നത് തെറ്റായ സന്ദേശമാണ്.