

സോഷ്യല്‍ മീഡിയയിലെ ചെറിയൊരു ട്രോളില്‍ നിന്ന് തുടങ്ങി, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ പിടിച്ചുലച്ച 'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ' (CJP) ചരിത്രവിജയം ആവേശകരമാണ്. 'പാറ്റകള്‍' എന്ന് വിളിച്ച് അപമാനിച്ചവർക്ക് മുന്നിൽ വെറും 72 മണിക്കൂര്‍ കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വന്ന്, രാജ്യത്തിലെ യുവാക്കളുടെ കരുത്ത് തെളിയിച്ച ‘കോക്രോച്ച് ജനതാ പാർട്ടിയുടെയും യുവത്വത്തിന്റെയും കഥയാണിത്. 37 ദിവസം തെരുവിലിറങ്ങി നടത്തിയ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആ ചരിത്രനേട്ടത്തിന്റെ നാള്‍വഴികള്‍ ഭാവിയിലെപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പാഠപുസ്തകമായിരിക്കും.
ഒരു വാക്കില്‍ തുടങ്ങിയ അഗ്‌നി
15 മെയ് 2026. കോടതി നടപടികള്‍ക്കിടയില്‍ തൊഴിലില്ലാത്തവരെയും ആക്ടിവിസ്റ്റുകളെയും ചീഫ് ജസ്റ്റിസ് "പാറ്റകളോട്" (Cockroaches) ഉപമിച്ചതോടെയാണ് തുടക്കം. ആ ഒറ്റ വാക്ക് വലിയൊരു പ്രതിഷേധത്തിന് തിരികൊളുത്തി. 72 മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റിലൂടെ അതേ പാറ്റകൾ തിരിച്ചടിച്ചു. ആ അധിക്ഷേപത്തെ ട്രോളായും പിന്നീട് ശക്തമായൊരു ആയുധമായും അവര്‍ മാറ്റി. അങ്ങനെ 'Cockroach Janta Party' (CJP) പിറവിയെടുത്തു. തൊട്ടടുത്ത ദിവസങ്ങളിൽ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങള്‍ കൂടിയായപ്പോള്‍ സംഗതി പുകഞ്ഞു കത്താന്‍ തുടങ്ങി.
മീമുകളില്‍ നിന്ന് തെരുവിലേക്ക്; 'ബട്ടര്‍ഫ്ലൈ എഫക്റ്റ്'
മെയ് അവസാനം മുതല്‍ പാറ്റയുടെ ചിത്രങ്ങളും പോസ്റ്ററുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. വെറുമൊരു ഓണ്‍ലൈന്‍ ട്രെന്‍ഡ് മാത്രമായി ഒതുങ്ങേണ്ടിയിരുന്ന ഈ മുന്നേറ്റം ജൂണ്‍-ജൂലൈ മാസങ്ങളില്‍ ഇന്ത്യയൊട്ടാകെ വന്‍ സമരമായി മാറി. പരീക്ഷാര്‍ത്ഥികള്‍ക്ക് നീതി തേടി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് തെരുവിലിറങ്ങിയത്.
ആക്ടിവിസ്റ്റ് സോനം വാങ്ചുക് കൂടി ഒപ്പം ചേര്‍ന്ന് നിരാഹാരം ആരംഭിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടി. ഒടുവില്‍ ജൂലൈ 20ന് ഡല്‍ഹിയില്‍ നടന്ന 'സന്‍സദ് ചലോ' (Sansad Chalo) മാര്‍ച്ച് ഭരണകൂടത്തെ വിറപ്പിച്ചു. ഡല്‍ഹി പൊലീസും ആര്‍എഎഫും നടത്തിയ ലാത്തിച്ചാര്‍ജും അതിക്രമങ്ങളും യുവനിരയുടെ വീര്യം കൂട്ടുകയേ ചെയ്തുള്ളൂ.
രാജിയും സര്‍ക്കാരിന്റെ കീഴടങ്ങലും
ജൂലൈ 24ന് സര്‍ക്കാരും സിജെപിയും തമ്മിലുള്ള ചര്‍ച്ചകളില്‍ വിട്ടുകൊടുക്കാനാവാത്ത ആ പ്രധാന ആവശ്യം മുന്നിലെത്തി, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക.
ജൂലൈ 25ന് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഒടുവില്‍ ധര്‍മേന്ദ്ര പ്രധാന്‍ പടിയിറങ്ങി. സമരം നയിച്ച കൂട്ടായ്മ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും കേന്ദ്രം അംഗീകരിച്ചു.
നീറ്റ്-യുജി പരീക്ഷ ക്രമക്കേടിൽ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം.
പ്രതിഷേധിച്ചവര്‍ക്ക് എതിരെ എടുത്ത കേസുകളും നടപടികളും പൂര്‍ണ്ണമായി പിന്‍വലിക്കല്‍.
ഡല്‍ഹി പൊലീസിന്റെയും ആര്‍എഎഫിന്റെയും അതിക്രമങ്ങളില്‍ പരസ്യമായ മാപ്പ് പറയല്‍.
ഈ ആവശ്യങ്ങളെല്ലാം നേടിയെടുത്താണ് സമരം വിജയകരമായി അവസാനിപ്പിച്ചത്. പാരമ്പര്യ രാഷ്ട്രീയ വഴികളിലൂടെയല്ലാതെ, ജെന്‍സി തലമുറയുടെ ഡിജിറ്റല്‍ കൂട്ടായ്മകള്‍ക്ക് എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഈ പ്രക്ഷോഭം തെളിയിച്ചിരിക്കുന്നു. അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ ചവിട്ടിമെതിക്കപ്പെടാന്‍ ഞങ്ങള്‍ പാറ്റകളല്ല, കത്തിയമരുന്ന അഗ്നിയാണെന്ന് ഓര്‍മ്മിപ്പിച്ചു. ഒരു അധിക്ഷേപത്തില്‍ നിന്ന് ലോകം ഞെട്ടിയ ഒരു വിപ്ലവത്തിലേക്ക്.
ഭാവി എന്ത്?
അടുത്ത പ്രധാനപെട്ട ചോദ്യം അതായിരുന്നു. എന്താവും കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാവി? ഈ ഒരു സമരവിജയത്തോടെ പിരിഞ്ഞ് പോകുമോ? അതോ ഭാവിയിൽ ഒരു രാഷ്ട്രീയ പാർട്ടി ആയി വളരുമോ? സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മറുപടി,
ഇതൊരു തുടക്കം മാത്രം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. വിമര്‍ശിച്ചവര്‍ക്കും കൂടെ നിന്നവർക്കും നന്ദി!'