News n Views

‘ലോക സിനിമയിലെ ഇതിഹാസത്തിന്റെ കൂടെ’; അടൂര്‍ ഗോപാലകൃഷ്ണനൊപ്പം വേദി പങ്കിട്ട ചിത്രം പങ്കുവെച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍ 

THE CUE

വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനൊപ്പം വേദി പങ്കിട്ട ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍. മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് യൂണിയന്‍ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. ലോക സിനിമയിലെ ഇതിഹാസത്തിന്റെ കൂടെ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് യൂണിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനാല്‍ അവഹേളിക്കപ്പെട്ടെന്ന നടന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ മധ്യസ്ഥതയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പായത്. പ്രശ്‌നം അവസാനിച്ചെങ്കിലും അനില്‍ രാധാകൃഷ്ണ മനോന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് നടന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് അടൂരുമായി വേദി പങ്കിടുന്ന ചിത്രം നടന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടന്‍ വ്യക്തമാക്കി. അനില്‍ രാധാകൃഷ്ണമേനോനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരത്തേ അവസാനിപ്പിച്ചതാണെന്നും ഇപ്പോഴത്തെ വേദി പങ്കിടലിനെ ഏതെങ്കിലും തരത്തില്‍ അതുമായി ബന്ധപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ദ ക്യുവിനോടുള്ള പ്രതികരണം. തന്റെ ചിത്രങ്ങളില്‍ ചാന്‍സ് ചോദിക്കുന്ന ഒരു മൂന്നാം കിട നടനൊപ്പം സ്റ്റേജ് പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞെന്നും അതിനാല്‍ ഒരു മണിക്കൂര്‍ വൈകി എത്തിയാല്‍ മതിയെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചെന്നായിരുന്നു ബിനീഷ് ബാസ്റ്റിന്റെ വെളിപ്പെടുത്തല്‍. അനില്‍ രാധാകൃഷ്ണ മേനോന്‍ സംസാരിച്ചുകൊണ്ടിരിക്കെ കടന്നുവന്ന് വേദിയില്‍ നിലത്തിരുന്ന് പ്രതിഷേധിച്ച ബിനീഷ് സദസ്സിനോട് ഇക്കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു.

ഇതിന്റെ വീഡിയോ വൈറലായതോടെ ബിനീഷിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തി. ബിനീഷിന് വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ ഫെഫ്ക വിഷയത്തില്‍ ഇടപെട്ട് സംവിധായകനോട് വിശദീകരണം ചോദിച്ചു. ഇരുവരെയും ഇരുത്തി സമവായ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. സംഭവം ജാതീയ പ്രശ്‌നമല്ലെന്നും അനില്‍ രാധാകൃഷ്ണമേനോന്റെ ജാഗ്രതക്കുറവാണെന്നുമായിരുന്നു ഫെഫ്കയുടെ വിശദീകരണം. അനില്‍ രാധാകൃഷ്ണ മേനോന്റെ പെരുമാറ്റത്തില്‍ ജാതീയത ഉണ്ടായിരുന്നതായി അദ്ദേഹത്തിനോ, ബിനീഷ് ബാസ്റ്റിനോ, യൂണിയന്‍ ഭാരവാഹികള്‍ക്കോ തോന്നിയിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും കൈകൊടുത്ത് ആശ്ലേഷിച്ചു. പ്രശ്‌നം അവസാനിച്ചെന്നും എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും ബിനീഷ് വ്യക്തമാക്കുകയും ചെയ്തു.

'ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത, മൈക്ക് അനൗൺസ്മെന്റുമായി ടീം പെരുമാനി' ; ചിത്രം മെയ് 10ന് തിയറ്ററുകളിൽ

നാൻ താൻ ഹീറോ നാൻ താൻ വില്ലൻ - From AjithKumar To Thala Ajith

'തല്ലുമാലക്ക് ശേഷം സ്പോർട്സ് കോമഡി ചിത്രവുമായി ഖാലിദ് റഹ്മാൻ' ; നസ്ലെൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

യുഎഇയിലെ വിവിധയിടങ്ങളില്‍ മഴ, ഓറഞ്ച് അലർട്ട്

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

SCROLL FOR NEXT