Explainer

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

ജോലി സമയം കഴിഞ്ഞ് തൊഴിലുടമയോ മേധാവിയോ ജോലി ആവശ്യത്തിനായി വിളിക്കുകയോ മെസേജ് ചെയ്യുകയോ ഇമെയില്‍ ചെയ്യുകയോ ചെയ്താല്‍ അതിനോട് പ്രതികരിക്കാതിരിക്കാന്‍ തൊഴിലാളിക്ക് ലഭിക്കുന്ന അവകാശമാണ് റൈറ്റ് ടു ഡിസ്‌കണക്ട്. നിലവില്‍ ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളില്‍ അങ്ങനെയൊരു അവകാശം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. അഥവാ അങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല. നമ്മുടെ തൊഴില്‍ നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും ഭേദഗതി ചെയ്യപ്പെട്ടതുമായ കാലഘട്ടങ്ങളില്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ചിട്ടില്ല. അല്ലെങ്കില്‍ അവ തൊഴില്‍ മേഖലയില്‍ ഉണ്ടാക്കാന്‍ ഇടയുണ്ടായിരുന്ന ഇംപാക്ടിനെക്കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍.

അതായത് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും സാധാരണമായതോടെ ജോലികള്‍ എവിടെവെച്ചും ചെയ്യാം എന്ന സാഹചര്യമായിട്ടുണ്ട്. ഐടി, ടെക് മേഖലയില്‍ പ്രത്യേകിച്ചും. അത്തരം ജോലികള്‍ ചെയ്യുന്നവര്‍ അവരുടെ നിശ്ചിത ജോലി സമയത്തിന് ശേഷവും ഓഫീസിന് പുറത്തായാലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നുണ്ട്. ജോലി സമ്മര്‍ദ്ദം കൂടുതലാണെന്ന് പരാതിപ്പെടുന്നവരില്‍ അധികവും ഇത്തരത്തില്‍ ഓണ്‍ലൈനില്‍ ജോലി ചെയ്യുന്നവരാണ്. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തിന് ശേഷവും അവര്‍ക്ക് ഓഫീസ് കമ്യൂണിക്കേഷനുകളോട് പ്രതികരിക്കേണ്ടി വരുന്നു. പ്രതികരിച്ചില്ലെങ്കില്‍ നടപടികളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നു. പെര്‍ഫോമന്‍സ് ഇവാല്യുവേഷനില്‍ മോശമാക്കപ്പെടുന്നു. ഓഫീസ് സമയത്തിന് ശേഷമുള്ള കമ്യൂണിക്കേഷനുകളോട് പ്രതികരിക്കുന്നത് നിര്‍ബന്ധമല്ലെന്ന അവകാശമാണ് റൈറ്റ് ടു ഡിസ്‌കണക്ട് ഉറപ്പു വരുത്തുന്നത്. ഐടി മേഖലയില്‍ മാത്രമല്ല, പുതിയ കാല ജോലികളില്‍ എല്ലാം തന്നെ ഈ അവകാശം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്‌കണക്ട് എന്ന സ്വകാര്യ ബില്ലില്‍ പറയുന്നത്.

ഫെബ്രുവരി ആറിന് രാജ്യസഭയില്‍ എ.എ.റഹിം എംപിയും അതിന് മുന്‍പ് ലോക്‌സഭയില്‍ ഡിസംബര്‍ ആറിന് എന്‍സിപി എംപി സുപ്രിയ സുലെയും സ്വകാര്യ ബില്ലായി ഇത് അവതരിപ്പിച്ചു. തൊഴിലാളികള്‍ ഈ അവകാശം വിനിയോഗിക്കുന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ അച്ചടക്ക നടരപടികളോ പ്രകടനം വിലയിരുത്തുമ്പോള്‍ നെഗറ്റീവ് റിമാര്‍ക്കുകളോ പ്രമോഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുകയോ ചെയ്യരുതെന്ന് ബില്ലുകളില്‍ വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് കാലത്ത് വ്യാപകമായ വര്‍ക്ക് ഫ്രം ഹോം രീതി അതിന് ശേഷം തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച ഒരു പ്രതിസന്ധിയുണ്ട്. വ്യക്തിപരവും പ്രൊഫഷണലുമായ ജീവിതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയെന്നതാണ് അത്. കുടുംബത്തിനൊപ്പമോ വ്യക്തിപരമായ കാര്യങ്ങള്‍ക്കോ സമയം ചെലവഴിക്കാന്‍ കഴിയാതെ വരുന്നത് പലരുടെയും മാനസികാരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. ജോലിക്കൂടുതല്‍ കാരണം സ്‌ട്രെസ്സും ആന്‍സൈറ്റിയും ബാധിച്ചവരുടെ എണ്ണം കൂടി. ചിലര്‍ അമിത ജോലി സമ്മര്‍ദ്ദത്താല്‍ ജീവനൊടുക്കി. ഇത്തരം ഒരു അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് കാരണമായത് ഈ അനുഭവങ്ങളാണ്. 2024 ജൂലൈയില്‍ മലയാളിയായ ആന്‍ സെബാസ്റ്റ്യന്‍ പേരയില്‍ എന്ന 26കാരിയായ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ജോലി സമ്മര്‍ദ്ദം മൂലം മരിച്ചതോടെ ഈ വിഷയം വലിയ തോതില്‍ ചര്‍ച്ചയായി. തൊഴില്‍ സ്ഥാപനങ്ങള്‍ റൈറ്റ് ടു ഡിസ്‌കണക്ട് നയം രൂപീകരിക്കണമെന്നും തൊഴിലാളി പ്രതിനിധികളുമായോ ട്രേഡ് യൂണിയനുകളുമായോ ചര്‍ച്ച ചെയ്ത് അത് നടപ്പാക്കണമെന്നുമാണ് ബില്ലിലെ നിര്‍ദേശം.

അന്താരാഷ്ട്ര തൊഴില്‍ സംഘടന, ഐഎല്‍ഒയുടെ കണക്കുകള്‍ അനുസരിച്ച് തൊഴിലാളികളെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. 51 ശതമാനം പേര്‍ ആഴ്ചയില്‍ ശരാശരി 49 മണിക്കൂറിലേറെ ജോലി ചെയ്യുന്നു. 88 ശതമാനത്തോളം തൊഴിലാളികളെ ജോലി സമയത്തിന് ശേഷവും ഓഫീസ് ആവശ്യങ്ങള്‍ക്കായി തൊഴിലുടമകള്‍ വിളിക്കുന്നുണ്ടെന്ന് മറ്റൊരു സര്‍വേ പറയുന്നു. ഐഎല്‍ഒയുടെ കണക്ക് അനുസരിച്ച് ഓവര്‍ടൈം ജോലി കാരണമുള്ള മരണങ്ങളുടെ ടോപ് ലിസ്റ്റിലും ഇന്ത്യയുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ റൈറ്റ് ടു ഡിസ്‌കണക്ട് ഒരു നയമായി രൂപീകരിക്കപ്പെടേണ്ടതുണ്ട്.

2017ല്‍ റൈറ്റ് ടു ഡിസ്‌കണക്ട് നടപ്പാക്കിയ ഫ്രാന്‍സാണ് ഈ അവകാശം ആദ്യമായി തൊഴിലാളികള്‍ക്ക് അനുവദിച്ചത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, ഇറ്റലി, പോര്‍ച്ചുഗല്‍, അര്‍ജന്റീന തുടങ്ങി വിവിധ രാജ്യങ്ങളില്‍ അതിന് ശേഷം ഇതൊരു തൊഴില്‍ അവകാശമായി നടപ്പാക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ ഇല്ലെങ്കിലും ജര്‍മന്‍ കമ്പനികള്‍ 2011 മുതല്‍ തന്നെ നയം നടപ്പാക്കിയിരുന്നു.

ഇന്ത്യയില്‍ ഇതൊരു നിയമമാകുമോ എന്നതും ചോദ്യമാണ്. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും സ്വകാര്യ ബില്ലായാണ് റൈറ്റ് ടു ഡിസ്‌കണക്ട് അവതരിപ്പിക്കപ്പെട്ടത്. സ്വകാര്യ ബില്ലുകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സഭകള്‍ ചര്‍ച്ച ചെയ്ത് നിയമമാക്കിയ പാരമ്പര്യമുള്ളു. അതേ പരിഗണന മാത്രമേ ഈ ബില്ലുകള്‍ക്കും ലഭിക്കാന്‍ ഇടയുള്ളു. എങ്കിലും സഭാ രേഖകളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടതായ ഇത്തരമൊരു അവകാശത്തെക്കുറിച്ച് രേഖപ്പെടുത്തുമെന്നത് വളരെ പ്രധാനമാണ്.

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

മുഹമ്മദ് ദീപക് എന്ന പേര് എന്തുകൊണ്ട് ഹിന്ദുത്വക്ക് ഷോക്ക് ട്രീറ്റ്‌മെന്റാകുന്നു?

SCROLL FOR NEXT