ഗാസയിലെ ആശുപത്രികളില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പങ്കുവെച്ച് മലയാളി ഡോക്ടര്‍ ഡോ.എസ്.എസ്.സന്തോഷ് കുമാര്‍. അല്‍നാസര്‍ ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ ഒരു മണിക്കൂറിനിടെ എത്തുന്നത് നൂറ് പേരൊക്കെയാണ്. രാത്രിയില്‍ പരിക്കേല്‍ക്കുന്ന ആളുകളെ രാവിലെ 10 മണിയോടെ എത്തിക്കും. വാഹന സൗകര്യമില്ല. കഴുത വണ്ടിയിലും കുതിര വണ്ടിയിലുമൊക്കെയായാണ് പരിക്കേറ്റവരെ കൊണ്ടുവരുന്നത്. എത്തുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ഗുരുതരമായ പരിക്കേറ്റവരായിരിക്കും. എമര്‍ജന്‍സി വിഭാഗത്തില്‍ കിടക്കകള്‍ ഇല്ല. കിടക്കകള്‍ എല്ലാം ആളുകള്‍ എടുത്തുകൊണ്ടു പോയി. ആശുപത്രിയില്‍ വേറെ കിടക്കകളുമില്ല. അതുകൊണ്ട് എല്ലാ ചികിത്സയും നിലത്ത് കിടത്തിയാണ് ചെയ്യുന്നത്. തറയില്‍ പരിക്കേറ്റവരുടെ രക്തവും ഛര്‍ദ്ദിയുമൊക്കെയായി അലങ്കോലമായി കിടക്കുകയായിരിക്കും. അവിടെയാണ് ഈ മുഴുവന്‍ ചികിത്സയും നടക്കുന്നത്.
ഐവി ഫ്‌ളൂയിഡ് ഇല്ല, ആന്റി ബയോട്ടിക്കുകളില്ല. തലയില്‍ പരിക്കേറ്റവര്‍ക്ക് സിടി സ്‌കാന്‍ എടുത്തു നോക്കി സര്‍ജറി നടത്താം. പക്ഷേ സര്‍ജറി ചെയ്താല്‍ വെന്റിലേറ്റര്‍ ഇല്ല. അപ്പോള്‍ സര്‍ജറി ചെയ്യാതിരിക്കും. ഇവരെ പിന്നീട് ബ്ലൂ ഏരിയ എന്ന് അറിയപ്പെടുന്ന മരിക്കാനുള്ള മുറിയിലേക്ക് മാറ്റുകയാണ്. ജീവനുള്ള ആളുകളെ മരിക്കാന്‍ വിടുന്ന ഒരു റൂമാണ് അത്. മറ്റ് പരിക്കുകളുമായി വന്ന് അത്യാവശ്യ ചികിത്സ ലഭിക്കുന്നവര്‍ ചിലപ്പോള്‍ രക്ഷപ്പെടും. എല്ല് പൊട്ടലും ഒടിവുകളുമായി ഗ്രീന്‍ ഏരിയയില്‍ വരുന്നവരാണ് ഇതിലും കൂടുതലുള്ളത്. ആശുപത്രി നിറയെ ഇവരായിരിക്കും. ഇവരെല്ലാവരും ടെന്റ് കെട്ടി വിടെയായിരിക്കും കഴിയുന്നത്. എല്ലൊടിഞ്ഞവര്‍ക്ക് ഇടുന്ന കമ്പി, എക്‌സ്റ്റേണല്‍ ഫിക്‌സേറ്റര്‍ പോലുമില്ല.
അങ്ങനെയുള്ള സാഹചര്യത്തില്‍ നേരത്തേ കമ്പിയിട്ട ആളുകളില്‍ നിന്ന് കമ്പി വാങ്ങാന്‍ നോക്കും. പണം കൊടുത്ത് പറഞ്ഞു വെച്ചിരിക്കും. ഗര്‍ഭിണികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കും. അതുകൊണ്ട് വ്യാജത്തെളിവുണ്ടാക്കാന്‍ ഗര്‍ഭിണികളുടെ മൂത്രം ശേഖരിച്ച് വെക്കുന്നവരുണ്ട്. മൂത്രപരിശോധനയില്‍ അതെടുത്ത് കൊടുക്കും. വീട്ടിലെ പുരുഷന്‍മാര്‍ ഇല്ലാതാകുമ്പോള്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളിലൊക്കെ സ്ത്രീകളും കുട്ടികളും പോകാന്‍ തുടങ്ങും. അതോടെ പരിക്കേറ്റ് എത്തുന്നവരില്‍ സ്ത്രീകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്ന് ഡോ.സന്തോഷ് കുമാര്‍.