Cue Interview

ട്രംപ്-സെലന്‍സ്‌കി വാക്കേറ്റം നയതന്ത്ര ദുരന്തം, പക്ഷേ യുക്രൈന്‍ യുദ്ധം അവസാനിക്കും; വേണു രാജാമണി അഭിമുഖം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായി നടന്ന നയതന്ത്ര ചര്‍ച്ച ഒടുവില്‍ വാക്കേറ്റത്തിലാണ് കലാശിച്ചത്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധത്തില്‍ സഖ്യകക്ഷികളായിരുന്ന രണ്ട് രാജ്യങ്ങളുടെ തലവന്‍മാര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലന്‍സ്‌കിക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തി. ഈ സംഭവത്തെ നയതന്ത്ര ദുരന്തം എന്ന് വിശേഷിപ്പിക്കുകയാണ് നയതന്ത്ര വിദഗ്ദ്ധനും മുന്‍ അംബാസഡറും അധ്യാപകനുമായ വേണു രാജാമണി. അമേരിക്ക പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ യുക്രൈന്‍ യുദ്ധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും ദ ക്യു അഭിമുഖത്തില്‍ വേണു രാജാമണി പറയുന്നു.

ട്രംപും സെലന്‍സ്‌കിയുമായുള്ള വാക്കേറ്റം നയതന്ത്ര ദുരന്തം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ഉണ്ടായ വാക്കേറ്റം നയതന്ത്ര ദുരന്തമാണ്. ഇരു ഭാഗത്തിനും അത് മോശമാണ്. കൂടുതല്‍ ശക്തര്‍ അമേരിക്കയായതുകൊണ്ട് ദോഷം കൂടുതല്‍ യുക്രൈന് തന്നെയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് വഴിതുറക്കാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് മാധ്യമങ്ങളുടെ മുന്നില്‍. എത്ര വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നാലും, ട്രംപ് എന്തെല്ലാം പറഞ്ഞാലും അങ്ങനെയൊരു സാഹചര്യത്തിന് വഴികൊടുക്കാന്‍ പാടില്ലായിരുന്നു.

ഇങ്ങനെയൊരു വാദപ്രതിവാദം ചരിത്രത്തില്‍ ഇല്ലാത്തത്

സാധാരണ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ സ്വകാര്യമായാണ് ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചകളും കൂടുതല്‍ അഭിപ്രായ വ്യത്യാസങ്ങളുള്ള ചര്‍ച്ചകളുമൊന്നും പൊതുജനങ്ങള്‍ കാണാറില്ല. അവ അടച്ചിട്ട മുറികളിലാണ് നടക്കാറുള്ളത്. ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെയൊരു ചര്‍ച്ച നടന്നുവെന്നതാണ് ഇവിടെ സംഭവിച്ചത്. അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ പല തര്‍ക്കങ്ങളും ചര്‍ച്ചകളുമൊക്കെ ഉണ്ടായിക്കാണാം. പക്ഷേ ഇങ്ങനെ പബ്ലിക്കായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് ചെയ്യുന്നത് ബുദ്ധിമോശമാണ്.

അമേരിക്കയും റഷ്യയും തമ്മില്‍ ഒരിക്കലും സൗഹൃദം ഉണ്ടായിരുന്നില്ല. പുതിയ സാഹചര്യത്തില്‍ ട്രംപ്-സെലന്‍സ്‌കി വാക്കേറ്റത്തെ എങ്ങനെ വിശകലനം ചെയ്യാനാകും.

ഇവിടെ ആവശ്യക്കാരന്‍ കൂടുതല്‍ സെലന്‍സ്‌കി ആയിരുന്നല്ലോ. അതുകൊണ്ട് ഇത് സെലന്‍സ്‌കിക്ക് പറ്റിയ ഒരു അബദ്ധം തന്നെയാണ്. എതിര്‍പക്ഷത്ത് നില്‍ക്കുന്ന, അല്ലെങ്കില്‍ റഷ്യക്ക് അനുകൂലമായി നിലപാടെടുക്കുന്ന യുഎസിനെയും ട്രംപിനെയും കുറച്ചുകൂടി അകറ്റാന്‍ മാത്രമേ ഈ സംഭവത്തിലൂടെ സാധിച്ചിട്ടുള്ളു. നയതന്ത്രപരമായി ട്രംപിന്റെ മനസ് എങ്ങനെ മാറ്റാനായിരുന്നു സെലന്‍സ്‌കിയുടെ ശ്രമിക്കേണ്ടിയിരുന്നത്. അതിന് പകരം പരസ്യമായി അദ്ദേഹം ട്രംപിനെ ഭര്‍ത്സിച്ചു. അതിലൂടെ കാര്യങ്ങള്‍ കുറച്ചുകൂടി വഷളായി എന്ന് മാത്രമേ പറയാന്‍ ചെയ്യാന്‍ കഴിയൂ. ആര് ശരി, ആര് തെറ്റ് എന്നതല്ല. ട്രംപ് പറഞ്ഞ പല കാര്യങ്ങളും തെറ്റാണ്, ന്യായമല്ല, അന്യായമാണ്. സെലന്‍സ്‌കിയുടെ ഭാഗത്താണ് ശരി. എങ്കിലും ഇന്നത്തെ ലോകസാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ട്രംപ് പ്രകടിപ്പിച്ചിട്ടുള്ള റഷ്യ അനുകൂല നിലപാട് മനസില്‍ വെച്ചുകൊണ്ട് സെലന്‍സ്‌കി വളരെ ബോധപൂര്‍വ്വം സ്വയം നിയന്ത്രിക്കുകയും ഇമോഷന്‍സ് അടക്കിപ്പിടിക്കുകയും ചെയ്യണമായിരുന്നു. കള്ളമാണ് കേട്ടതെങ്കിലും മിണ്ടാതെയിരുന്ന് പൊതു പരിപാടി കഴിഞ്ഞുള്ള സ്വകാര്യ ചര്‍ച്ചകളില്‍ ഇതെല്ലാം തുറന്നു തന്നെ സംസാരിക്കാമായിരുന്നു. പക്ഷേ പൊതു വേദിയില്‍ ചെയ്തത് ബുദ്ധിമോശമായി. ഇതിന്റെ ആത്യന്തിക ഫലം എന്താണെന്ന് കണ്ടുതന്നെ അറിയണം. ഇപ്പോള്‍ അമേരിക്ക ഒരു നിലപാടെടുത്തു കഴിഞ്ഞു. ആ നിലപാടില്‍ നിന്ന് ഇനി യുക്രൈന് എന്ത് ലഭിക്കും എന്ന്, യുക്രൈനെ എങ്ങനെ രക്ഷിക്കാനാവും എന്നുള്ളതാണ് പ്രധാന വിഷയം.

സെലന്‍സ്‌കി തന്ത്രപരമായി പെരുമാറണമായിരുന്നു.

അമേരിക്ക ചെയ്യുന്നത്, പറയുന്നത് ഒരുവിധത്തിലും ശരിയല്ല. പക്ഷേ അവരാണ് ലോകത്തെ ഏറ്റവും ശക്തരായ രാജ്യം. അവരുടെ സഹായം ഉണ്ടെങ്കിലേ യുക്രൈന് ഈ യുദ്ധത്തില്‍ നിന്ന് എന്തെങ്കിലും വീണ്ടെടുക്കാന്‍ സാധിക്കൂ. അത് മനസിലാക്കിക്കൊണ്ട് സെലന്‍സ്‌കി തന്ത്രപരമായി പെരുമാറണമായിരുന്നു. യുക്രൈനെ സംബന്ധിച്ച് ഇതൊരു മണ്ടത്തരമായിപ്പോയി. സെലന്‍സ്‌കിയുടെ വൈകാരിക സ്വഭാവവും അവര്‍ അനുഭവിക്കുന്ന യാതനയും കാരണമാണ് അദ്ദേഹം ഇങ്ങനെ പെരുമാറിയതെന്ന് നമുക്ക് കണക്കുകൂട്ടാം. ട്രംപിനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ? അദ്ദേഹം റഷ്യക്ക് അനുകൂലമായ ഒരു നിലപാടെടുത്തു കഴിഞ്ഞു, അതില്‍ത്തന്നെ ഉറച്ചു നില്‍ക്കുന്നു. അമേരിക്ക യുക്രൈനുള്ള പിന്തുണ പിന്‍വലിച്ചാല്‍ അത് വേറാര്‍ക്കും തടയാനുവാന്‍ സാധിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ യുക്രൈന്‍ തന്നെ അനുഭവിക്കേണ്ടി വരും. യൂറോപ്പിനും അനുഭവിക്കേണ്ടിവരും.

യൂറോപ്പും യുക്രൈനും ഇനിയെങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാം. യൂറോപ്പ് സെലന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ അമേരിക്കയ്ക്ക് നല്‍കാവുന്ന തരത്തില്‍ സൈനിക പിന്തുണ നല്‍കാനുള്ള കഴിവ് യൂറോപ്പിനില്ല. മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ യുക്രൈന് വേണ്ടി യുദ്ധം ചെയ്യുന്നതിന് അനുകൂലവുമല്ല. മറുവശത്ത് റഷ്യ ഓരോ ദിവസവും പുതിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്.

റഷ്യയുടെ മിലിട്ടറി ഇന്‍ഡസ്ട്രി പൂര്‍ണ്ണശക്തിയോടെ ആയുധങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഘട്ടത്തില്‍ റഷ്യയ്ക്ക് യുദ്ധം നിര്‍ത്താന്‍ താല്‍പര്യമില്ല. കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി, അവര്‍ക്ക് ശരിയാണെന്ന് തോന്നുന്ന, ഗുണകരമാണെന്ന് തോന്നുന്ന ഒരു ഘട്ടത്തിലേ അവര്‍ യുദ്ധം നിര്‍ത്തുകയുള്ളു.

വാക്കേറ്റത്തില്‍ സംഭവിച്ചത്

സംഭവിച്ചത് ഒരു ഗൂഢാലോചനയുടെ ഫലമാണോ അതോ കെണിയാണോ എന്നൊന്നും പറയാനാവില്ല. ആ വീഡിയോ കണ്ടാല്‍ അവര്‍ രണ്ടുപേരും അവരുടെ സ്വതസിദ്ധമായ രീതിയില്‍ പെരുമാറിയെന്നേ പറയാന്‍ പറ്റൂ. ഒരു വികാര വിക്ഷോഭമായിരുന്നു. സെലന്‍സ്‌കിക്ക് തന്റെ അഭിപ്രായങ്ങള്‍ അടക്കിപ്പിടിക്കാന്‍ സാധിച്ചില്ല. അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് വെട്ടിത്തുറന്നു പറഞ്ഞത് വിഡ്ഢിത്തമായെന്നേ പറയാന്‍ പറ്റൂ. യുക്രൈനിയന്‍ അംബാഡഡറുടെ അംബാസഡറുടെ പ്രതികരണവും വീഡിയോയില്‍ കാണാമല്ലോ. നയതന്ത്ര ദുരന്തമാണ്. മാധ്യമങ്ങളുടെ മുന്നില്‍ രണ്ടോ മൂന്നോ വാക്കുകള്‍ പറയുകയും പിന്നീട് സ്വകാര്യമായി ചര്‍ച്ച ചെയ്യുകയുമാണ് പതിവ്. ട്രംപ് തന്റെ പുതിയ ശൈലിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ ആളാവാന്‍ ശ്രമിക്കുകയാണ്, അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുകയാണ്, അവയ്ക്ക് മറുപടി തുറന്നു പറയുന്നു. ഈയൊരു സാഹചര്യത്തില്‍ ഇങ്ങനെയൊരു തിരിച്ചടിക്കുള്ള സാധ്യത വളരെയേറെയായിരുന്നു.

ലോകക്രമം മാറിമറിയുമോ?

അമേരിക്കന്‍ വിദേശനയം ഒരു യുടേണ്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. അത് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമോ, സ്ഥായിയാണോ, ട്രംപ് തന്നെ സ്വയം അത് തിരുത്തുമോ അല്ലെങ്കില്‍ ട്രംപിന്റെ പിന്‍ഗാമി തിരുത്തുമോ, യുഎസിന്റെ ഡീപ്പ്‌സ്റ്റേറ്റ് എന്ന് പറയുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും സിഐഎയും മറ്റ് ഏജന്‍സികളും ഇതിനെ എങ്ങനെ കാണുന്നു, അമേരിക്കന്‍ കോണ്‍ഗ്രസ് എങ്ങനെ കാണുന്നു, അവിടുത്തെ ഫോറിന്‍ പോളിസി വിദഗ്ദ്ധര്‍ ഇതിനെ എങ്ങനെ കാണുന്നു എന്നുള്ളതെല്ലാം ഇനി വരും ദിവസങ്ങളിലേ പറയാന്‍ സാധിക്കൂ. തല്‍ക്കാലം ട്രംപ് യുഎസ് വിദേശനയത്തില്‍ റഷ്യയുടെ കാര്യത്തിലെങ്കിലും വലിയൊരു യുടേണ്‍ അടിച്ചിരിക്കുകയാണ്. അന്തിമ നയം എങ്ങനെ പോകുന്നുവെന്ന് ഇപ്പോള്‍ അറിയില്ല. അത് നോക്കിക്കാണണം. ട്രംപിന്റെ ഈ നീക്കങ്ങള്‍ വലിയൊരു മാറ്റം തന്നെയാണ്. പക്ഷേ അത് ലോകക്രമത്തെ മാറ്റുമോ എന്ന് പറയാന്‍ സമയമായിട്ടില്ല.

ഡീപ്പ് സ്റ്റേറ്റ് എന്ന് അറിയപ്പെടുന്ന ബ്യൂറോക്രസി, ഇന്റലിജന്‍സ്, ലോകമെമ്പാടുമുള്ള എംബസികളുടെ ഓഫീസര്‍മാര്‍ എല്ലാവരും ഇതിന് വിരുദ്ധമായി ചിന്തിക്കുന്നവരാണ്. അവരെയെല്ലാവരെയും ഒരുമിച്ച് മാറ്റാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ നേതാക്കള്‍ എല്ലാവരും ട്രംപിനെ അനുകൂലിച്ച് നില്‍ക്കുന്നു. എല്ലാവര്‍ക്കും ട്രംപിനെ പേടിയാണ്. ട്രംപ് എന്തു പറയുന്നു, അതുതന്നെയാണ് അവര്‍ അനുവര്‍ത്തിക്കുന്നത്. ഡീപ്പ് സ്റ്റേറ്റിന്റെ സ്വാധീനം വളരെ സാവധാനമായിരിക്കും. അവര്‍ നിശബ്ദമായിരുന്ന് ട്രംപിന്റെ നയങ്ങള്‍ ഇല്ലാതാക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനും ശ്രമിക്കും. ഡീപ്പ് സ്റ്റേറ്റിനെ തന്നെ മാറ്റണമെന്ന് പറഞ്ഞാണ് ഇലോണ്‍ മസ്‌കും ട്രംപും പ്രവര്‍ത്തിക്കുന്നത്.

റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കുമോ

തീര്‍ച്ചയായും. അമേരിക്ക പിന്തുണ പിന്‍വലിച്ചു കഴിഞ്ഞാല്‍ യുക്രൈനിന് പോരാടി നില്‍ക്കാന്‍ സാധിക്കില്ല. യൂറോപ്പിന് അതിനുള്ള കരുത്തില്ല. യുദ്ധം എന്തായാലും അന്തിമ ഘട്ടത്തിലാണ്. പക്ഷേ, എന്ത് ഒത്തുതീര്‍പ്പോടെയാണ് ആ യുദ്ധം അവസാനിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. റഷ്യയുടെ പ്രധാന ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നേറ്റോ അംഗമാവില്ല എന്നതും റഷ്യ പിടിച്ചെടുത്ത പ്രവിശ്യകള്‍ റഷ്യയുടെ കൈവശം തന്നെ തുടരാം എന്ന ഒരു നിലപാടും അവര്‍ എടുത്തു കഴിഞ്ഞു. ഇനിയൊരു വെടിനിര്‍ത്തല്‍ ഉണ്ടാകുമോ, അത് എങ്ങനെ നടപ്പാക്കപ്പെടും എന്നുള്ള ചോദ്യങ്ങളാണ് ബാക്കിയുള്ളത്. റഷ്യക്കെതിരായ അമേരിക്കന്‍ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും സാധാരണ നയതന്ത്ര ബന്ധങ്ങളിലേക്ക് നീങ്ങുകയും ചെയ്യുമെന്ന തീരുമാനവും ട്രംപ് എടുത്തുകഴിഞ്ഞു. യൂറോപ്പും യുക്രൈനും അതിന് എതിരാണ്. അമേരിക്ക പിന്തുണ പൂര്‍ണ്ണമായും പിന്‍വലിച്ചു കഴിഞ്ഞാല്‍ യുക്രൈന്റെ അവസ്ഥ കൂടുതല്‍ മോശമാവുകയേയുള്ളു.

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

ആ പാട്ട് എഴുതിക്കൊടുത്തപ്പോള്‍ ഷാന്‍ റഹ്മാന്‍ പറഞ്ഞു, മാന്‍ വെല്‍ക്കം ടും അവര്‍ ടീം എന്ന്: മനു മഞ്ജിത്ത്

'അമ്മ'യിൽ നിന്ന് പോയവരുടെ ഭാഗം കേൾക്കട്ടെ, എന്നിട്ട് തീരുമാനം: ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അഭിമുഖം

അച്ഛനെയും കൊണ്ട് ആശുപത്രിയില്‍ പോകുമ്പോള്‍ അവിടുള്ളവര്‍ സെല്‍ഫിക്കായി നില്‍ക്കുന്നത് കണ്ട് അദ്ദേഹം സന്തോഷിച്ചിരുന്നു: വെങ്കിടേഷ്

മലയാളത്തിന്‍റെ ഗെയിം ചേഞ്ചറായിരുന്നു ആ സിനിമ, പിന്നീട് ചലച്ചിത്ര മേഖലിയുണ്ടായത് വലിയ മാറ്റങ്ങള്‍: അജു വര്‍ഗീസ്

SCROLL FOR NEXT