Cue Interview

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

വന്യജീവി ആക്രമണങ്ങളില്‍ സാധാരണക്കാര്‍ മരിക്കുന്നത് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷത്തിന്റെ വാര്‍ത്തകള്‍ വരുമ്പോള്‍ ഭരണകൂടങ്ങള്‍ ചില പരിഹാര മാര്‍ഗ്ഗങ്ങളുമായി രംഗത്തെത്തും. എന്നാല്‍ അവ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമോ? വന്യജീവികളുമായുള്ള സംഘര്‍ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടോ? അവ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്? കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും വൈല്‍ഡ് ലൈഫ് ബയോളജിസ്റ്റുമായ ഡോ.പി.എസ്.ഈസ സംസാരിക്കുന്നു.

വന്യജീവി ആക്രമണങ്ങള്‍ ചെറുക്കാന്‍ ശാസ്ത്രീയ പഠനങ്ങള്‍ ഏറെ നടന്നിട്ടുണ്ടെങ്കിലും മരണങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുന്നില്ല എന്നാണോ? ഒറ്റമൂലി ഒന്നും കയ്യിലില്ല എന്നാണ് വനം മന്ത്രി പോലും പറയുന്നത്?

യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്പര്യം ഇല്ല. വയനാട്ടിലുള്ള പഴയ പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നത് മൃഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നത് ജൂണ്‍, ജൂലൈ ഓഗസ്റ്റ് സെപ്റ്റംബര്‍ ആണെന്നതാണ്. വനത്തിനുള്ളിൽ മഴക്കാലത്ത് വെള്ളം ഇല്ലെന്നോ ഭക്ഷണം ഇല്ലെന്നോ ഒന്നും പറയാന്‍ പറ്റില്ല. വയനാട്ടിലൊക്കെ മനുഷ്യരും മൃഗങ്ങളുമായുള്ള സംഘർഷം വർദ്ധിക്കുന്നു എന്ന് പറഞ്ഞാല്‍ എനിക്ക് വലിയ അദ്ഭുതം തോന്നുന്നില്ല. കാരണം കാടിന്റെ അകത്ത് നിറയെ സെറ്റില്‍മെന്റ്‌സ് ആണ്. ആനകളും മനുഷ്യരും ഇതിനിടയിലൂടെ നടക്കുന്നു. മനുഷ്യരുമായിട്ട് ഇന്ററാക്ട് ചെയ്യാനുള്ള സാധ്യത വര്‍ധിക്കുന്ന രീതിയിലുള്ള ഭൂവിനിയോഗം ഉള്ളപ്പോള്‍ തീര്‍ച്ചയായിട്ടും അതുണ്ടാകും. ഞാന്‍ ഇതിനെ അപകടമെന്നേ പറയുകയുള്ളൂ. ആ അപകടങ്ങള്‍ വരാനുണ്ടായ സാഹചര്യങ്ങള്‍ എന്താണെന്ന് വിശകലനം നടത്തിയിട്ട് അത് കറക്റ്റ് ചെയ്യാന്‍ നോക്കണം. എത്ര റിപ്പോര്‍ട്ട് കൊടുത്താലും കറക്ഷന്‍ നടക്കുന്നില്ല. പല റിപ്പോര്‍ട്ടുകളുണ്ട്. കാരണങ്ങളെ കുറിച്ചും ഇപ്പോള്‍ നടക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എത്രമാത്രം ഫലപ്രദമാണെന്നും എന്തുകൊണ്ട് ഫലപ്രദമാകുന്നില്ല എന്നും ഞാന്‍ തന്നെ ചില റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. ഒന്നും സംഭവിക്കുന്നില്ല. പറഞ്ഞിട്ട് കാര്യമില്ല.

ആനകള്‍ വെള്ളത്തിന് വേണ്ടിയാണ്, ഭക്ഷണം ഇല്ലാഞ്ഞിട്ടാണ് പുറത്തേക്ക് വരുന്നതെന്ന് പറയുന്നത് അത് പറഞ്ഞുണ്ടാക്കിയവരുടെ ആഗ്രഹം മാത്രമാണ്. യാഥാര്‍ത്ഥ്യവുമായിട്ട് അതിന് ബന്ധമൊന്നുമില്ല.

വേനല്‍ക്കാലത്താണ് മൃഗങ്ങള്‍ കാടിറങ്ങാറുള്ളതെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ മഴയുള്ള സമയത്തും മൃഗങ്ങള്‍ നാട്ടിലെത്തുന്ന സംഭവങ്ങളുണ്ടാകുന്നു. മൃഗങ്ങളുടെ, പ്രത്യേകിച്ച് ആനകളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ടോ?

ആനകള്‍ വെള്ളത്തിന് വേണ്ടിയാണ്, ഭക്ഷണം ഇല്ലാഞ്ഞിട്ടാണ് പുറത്തേക്ക് വരുന്നതെന്ന് പറയുന്നത് അത് പറഞ്ഞുണ്ടാക്കിയവരുടെ ആഗ്രഹം മാത്രമാണ്. യാഥാര്‍ത്ഥ്യവുമായിട്ട് അതിന് ബന്ധമൊന്നുമില്ല. കാരണം വയനാട്ടില്‍ ആനകള്‍ വെള്ളത്തിന് വേണ്ടിയാണ് പുറത്തേക്ക് വന്നത് എന്ന് പറഞ്ഞ് 2024ല്‍ ഹൈക്കോടതി അപ്പോയിന്റ് ചെയ്ത കമ്മിറ്റിയുടെ ഭാഗമായി ഞങ്ങള്‍ അവിടെ ചെന്ന് നോക്കുമ്പോള്‍ അവിടെ ധാരാളം വെള്ളം ഉണ്ട്. ധാരാളം എന്ന് പറഞ്ഞാല്‍ പത്തെഴുപതോളം കുളമുണ്ട്. മുഴുവന്‍ കുളങ്ങളിലും വെള്ളം ഉണ്ട്. ഇത് വനംവകുപ്പ് തന്നെയുണ്ടാക്കുന്ന കുപ്രചാരണം ആണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവരാണല്ലോ കാട്ടിൽ ഭക്ഷണം ഇല്ല എന്നൊക്കെ പറയുന്നത്. പിന്നെ മൃഗങ്ങള്‍ ഇപ്പോഴെന്നല്ല, എപ്പോഴും പുറത്തേക്ക് വരുന്നുണ്ട്. അതിന് പല കാരണങ്ങളുണ്ട്. ഓരോ സ്ഥലത്തും ഓരോ കാരണങ്ങളാകാനേ സാധ്യതയുള്ളൂ.

ഇതിന്റെ ഒരു പ്രശ്‌നം, ആരും കോണ്ടെക്‌സ്റ്റ് അനാലിസിസ് നടത്തുന്നില്ല എന്നതാണ്. പണ്ട് തൊട്ടേ ആവശ്യപ്പെടുന്നതാണ് കോണ്ടെക്‌സ്ച്വല്‍ അനാലിസിസ് നടത്തണമെന്ന്. കാരണം ഏത് സന്ദര്‍ഭത്തില്‍ എങ്ങനെയുള്ള സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നതെന്ന് വ്യക്തമായാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റും. അതിവിടെ നടക്കുന്നില്ല.

സീറോ കോണ്‍ഫ്‌ളിക്ട് എന്ന് പറയുന്ന സാഹചര്യം ഇല്ല. ഏറ്റുമുട്ടലുകള്‍ എത്രമാത്രം കുറയ്ക്കാന്‍ പറ്റും എന്നാണ് നോക്കേണ്ടത്.

അതിരപ്പള്ളിയിലെ എണ്ണപ്പന പ്ലാന്റേഷനാണ് ആനകളെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നതെന്ന് തോന്നുന്നു.

എണ്ണപ്പന പ്ലാന്റേഷന്‍ സ്ഥാപിച്ചത് പഴയ തെറ്റ്. അത് കൂടാതെയാണ് പൈനാപ്പിള്‍ കൃഷി തുടങ്ങിയത്. ഹെക്ടര്‍ കണക്കിനാണ് സർക്കാരിൻ്റെ പൈനാപ്പിൾ കൃഷി. ഇത് ആ പ്രദേശത്തേക്ക് ആനകളുടെ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നത് മാത്രമല്ല ആനകളെ ആകര്‍ഷിക്കുന്ന ഒന്നുകൂടിയാണ് പൈനാപ്പിള്‍. കാട്ടിനുള്ളില്‍ ഭക്ഷണം ഇല്ല എന്ന് പറയാനാവില്ല. എന്നാല്‍ ഭക്ഷണം ഉണ്ടോ ഇല്ലയോ എന്നുള്ളതിനെപ്പറ്റി ഒന്നും ഒരു സര്‍വ്വേയും നടത്തിയിട്ടില്ല എന്നതുകൂടിയുണ്ട്.

വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. എന്തായിരിക്കും ഇതിനൊരു പരിഹാരം?

വാര്‍ത്തകള്‍ ഏത് രീതിയില്‍ വ്യാഖ്യാനിക്കുന്നു എന്നുള്ള പ്രശ്‌നവുമുണ്ട്. നാട്ടിലുള്ള ആനകള്‍ ആള്‍ക്കാരെ കൊന്നിട്ട് ഇവിടെ വലിയ പ്രശ്‌നം ഉണ്ടായിട്ടുണ്ടോ? എന്നിട്ട് ഇപ്പോഴും ആനകളെ കൊണ്ട് വരുന്നില്ലേ? അതിന് ഏത് തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് വരുന്നത്? എന്തുകൊണ്ട് അതിനെതിരെ ആരും ശബ്ദിക്കുന്നില്ല? വ്യാഖ്യാനമാണ് പ്രശ്‌നം. കൊന്നു, അല്ലെങ്കില്‍ ആക്രമിച്ച് കൊന്നു എന്നൊക്കെ പറയും. ഇത് അപകടത്തിൽ സംഭവിക്കുന്നതാണ്. ഉപയോഗിക്കുന്ന ഭാഷയുടെ പ്രശ്‌നങ്ങളൊക്കെ ഉണ്ട്. വയനാട് നിന്നുള്ളൊരു വാര്‍ത്ത എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ശബരിമല ഭക്തർ സഞ്ചരിച്ച ഒരു വാഹനം ഒരു ആനയെ മുട്ടി. ആ ആന അപകടത്തില്‍പ്പെട്ടതാണ്. വണ്ടി പോയിടിച്ചിട്ട് ആനയ്ക്ക് പരിക്കു പറ്റിയതാണ്. ഒരു പത്രത്തില്‍ വാർത്ത വന്നത് വണ്ടി ഇടിച്ചു ആനയ്ക്ക് പരിക്ക് പറ്റി, ആനയെ ചികിത്സിക്കുന്നു എന്ന്. വേറൊന്നില്‍ വന്നത് കാട്ടാന ആക്രമിച്ച് അയ്യപ്പന്മാരുടെ വാഹനത്തിന് കേടു പറ്റി എന്നായിരുന്നു. അപ്പോള്‍ ഓരോത്തരുടെ മനോഗതി അനുസരിച്ചും അവരുടെ മാനസികനില അനുസരിച്ചുള്ള രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമുക്ക് തോന്നും, ഇത് ഭീകരമാണല്ലോ എന്ന്.

എന്താണിതിന്റെ കൃത്യമായ പരിഹാരം? ഇപ്പോ മന്ത്രി തന്നെ പറയുന്നത് ഒറ്റമൂലി ഇല്ല എന്നുള്ളതാണല്ലോ?

എക്സ്പെർട്ട്സിൻ്റെ അഭിപ്രായം കേട്ടുകൊണ്ട് വേണം മന്ത്രി പരിഹാരം നിർദ്ദേശിക്കാൻ. വിദഗ്ദ്ധർ പണ്ടുതൊട്ടേ പറയുന്നുണ്ട് സീറോ കോണ്‍ഫ്‌ളിക്ട് എന്ന് പറയുന്ന സാഹചര്യം ഇല്ലെന്ന്. ഏറ്റുമുട്ടലുകള്‍ എത്രമാത്രം കുറയ്ക്കാന്‍ പറ്റും എന്നാണ് നോക്കേണ്ടത്. മനുഷ്യര്‍ കാടിന്റെ പരിസരത്തും കാടിന്റെ ഉള്ളിലും ഒക്കെ കയറുന്ന സാഹചര്യത്തില്‍ വന്യജീവികള്‍ക്ക് സ്വതന്ത്ര വിഹാരത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഏറ്റുമുട്ടലുകൾ എത്രമാത്രം കുറയ്ക്കാന്‍ പറ്റും എന്നുള്ളത് മാത്രമാണ് നോക്കേണ്ടത്.

കൃഷി എന്തായാലും നടത്തിയേ പറ്റൂ. സര്‍വൈവലിന്റെ പ്രശ്‌നമാണ്. ഇത്രയും ജനസംഖ്യ ഉള്ള സ്ഥിതിക്ക് കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കാതെ പറ്റില്ലല്ലോ?

കാടിനോട് ചേര്‍ന്ന പ്രദേശങ്ങള്‍ അല്ല. കാടിന്റെ അകത്തുള്ള പ്രദേശങ്ങളെപ്പറ്റിയാണ് കൂടുതല്‍ പറയേണ്ടത്. അതാണ് ഞാന്‍ പറഞ്ഞത്. എവിടെയാണ് ഇത് സംഭവിക്കുന്നത്, കോണ്‍ടെക്‌സ്റ്റ് നോക്കണം എന്ന് പറഞ്ഞത്. മന്ത്രിയുടെ ചില പ്രസ്താവനകള്‍ കണ്ടു. അദ്ദേഹം എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പ്രസ്താവന നടത്തിയതെന്നൊന്നും എനിക്കറിയില്ല. ഒരു പക്ഷേ അദ്ദേഹത്തിന് വേണ്ട റിപ്പോര്‍ട്ടുകളൊന്നും കൊടുത്തിട്ടുണ്ടാവില്ല. ഒരു പഠനവും കാണുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് തെറ്റാണ്. മന്ത്രി വന്ന ഉടനെ തന്നെ അങ്ങനെയൊരു പ്രസ്താവന നടത്തണമെങ്കില്‍ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നാണ് ഞാന്‍ പറയുക. ഹൈക്കോടതി കമ്മിറ്റി കൊടുത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ അവക്ക് എന്ത് സംഭവിച്ചു? ഞാനും വേറെ മൂന്ന് പേരും കൂടി ചേര്‍ന്നുള്ള കമ്മിറ്റിയാണ് വയനാട്ടിലെയും മൂന്നാറിലെയും അന്വേഷണം നടത്തിയത്. റിപ്പോർട്ടിൽ നടപടിയൊന്നും ഉണ്ടായില്ലല്ലോ? ഇവിടെ അതുപോലെ മറ്റു പഠനങ്ങളുണ്ട്. നമുക്ക് നയപരമായിട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ഉതകുന്ന രീതിയിലുള്ള പഠനങ്ങളുണ്ട്. ഇപ്പോഴും ആളുകള്‍ക്ക് വേണ്ടത് പ്രതിരോധ മാര്‍ഗ്ഗമാണ്. എല്ലാവർക്കും ആന മതില് മതി. ആറളത്ത് ഗവണ്‍മെന്റ് തന്നെ പ്രഖ്യാപിച്ച ഞാനടങ്ങുന്ന ഒരു കമ്മിറ്റി പഠിച്ചിട്ട് കൊടുത്തിരുന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് ചവറ്റു കൊട്ടയില്‍ ഇട്ടുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടിക്കാര് തന്നെ ഇവിടെ ആന മതില്‍ മതി എന്ന് തീരുമാനിച്ചു. ആറളത്തെ പ്രശ്‌നം ഇപ്പോഴും തീര്‍ന്നിട്ടില്ല. പല മാര്‍ഗ്ഗങ്ങളുടെ സങ്കലനമായിരുന്നു ഞങ്ങള്‍ പറഞ്ഞത്. റിപ്പോർട്ട് ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല.

ആറളത്ത് കോണ്‍ഫ്‌ളിക്റ്റ് തീര്‍ക്കാന്‍ വേണ്ടി ഉള്ള കോറിഡോറിന്റെ കാര്യം പറയുന്നുണ്ട്. ഹാബിറ്റാറ്റിന്റെ കാര്യം പറയുന്നുണ്ട്. ഹാബിറ്റാറ്റിന്റെ കാര്യം എത്രമാത്രം മോശമാണെന്ന് എനിക്ക് അറിയില്ല. ആരാണ് അനാലിസിസ് എടുത്തതെന്ന് അറിയില്ല. പിന്നെ ഇതൊക്കെ സക്‌സസ് ഫുള്‍ ആണോ ഇല്ലയെന്നുള്ള മോണിറ്ററിംഗ് സംവിധാനം ഒന്നും ഇല്ല. കടലില്‍ കായം കലക്കുന്ന മാതിരിയാണ്. അപ്പോള് അത് മോണിറ്റര്‍ ചെയ്യണം.

ഇതുപോലെ വന്യജീവി പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പ്രത്യേകിച്ച് ആന അടക്കമുള്ളവയുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇലക്ട്രിക്ക് ഫെന്‍സിങ് ആണ് ഒരു പരിഹാരമായിട്ട് പറയുന്നത്. ഇപ്പൊ ഇലക്ട്രിക്ക് ഫെന്‍സിങ് ഉള്ള സ്ഥലത്താണ്. ആതിരപ്പള്ളിയില്‍ പ്രശ്‌നം ഉണ്ടായിരിക്കുന്നത് ഇതൊരു പരിഹാരമാണോ?

ഇലക്ട്രിക് ഫെന്‍സ് എന്നുള്ള വാക്ക് തന്നെ തെറ്റാണ്. സോളാര്‍ പവേര്‍ഡ് ഫെന്‍സ് ആണ്. ഇലക്ട്രിക്ക് ഫെന്‍സ് എന്ന് പറയുമ്പോള്‍ നേരെ കറണ്ട് കൊടുത്തിട്ടുള്ള ഒന്നാണെന്ന് പലരും പറയാറുണ്ട്. ഇത് യഥാർത്ഥത്തിൽ സോളാര്‍ പവര്‍ ഫെന്‍സ് ആണ്. സോളാര്‍ പവേര്‍ഡ് ഫെന്‍സ് നന്നായിട്ടുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് നന്നായിട്ട് ഇന്‍സ്റ്റാള്‍ ചെയ്യണം. കറക്റ്റ് ലൊക്കേഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, അത് ഇടയ്ക്കിടയ്ക്ക് മെയിന്റെയ്ന്‍ ചെയ്യുക എന്നിവയും പ്രധാനമാണ്. മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ സാമ്പത്തിക ലാഭമുള്ള ഒന്നാണ് ഇത്. ഇവ സ്ഥാപിച്ചാല്‍ മാത്രം പോരാ, കൃത്യമായ സംരക്ഷിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും വേണം.

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

ജേക്‌സ് ബിജോയ്‌യുടെ സംഗീതം; മോളിവുഡ് ടൈംസിലെ അദ്രി ജോ പാടിയ 'ഗോട്ട്' സോങ്

SCROLL FOR NEXT