Cue Interview

വലതുപക്ഷത്തിന് എന്തും ചെയ്യാം, ഇടതുപക്ഷത്തിന് അതിനുള്ള ലൈസന്‍സില്ല, അമൃതാനന്ദമയിയുടെ രാഷ്ട്രീയം വ്യക്തം; കെ.ഇ.എന്‍ അഭിമുഖം

ആള്‍ദൈവങ്ങളെ ആദരിക്കുന്നതും കെട്ടിപ്പിടിക്കുന്നതും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷക്കാര്‍ക്ക് ചേര്‍ന്നതല്ലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. അമൃതാനന്ദമയിക്ക് രാഷ്ട്രീയമുണ്ട്. എന്നാല്‍ നവോത്ഥാന നിലപാടെടുക്കുന്നവരാണ് വ്യക്തമായ നിലപാട് എടുക്കേണ്ടത്. നവോത്ഥാനം എന്നത് തുടര്‍ പ്രക്രിയയാണ്. നവോത്ഥാനത്തെ സംബന്ധിച്ചിടത്തോളം പഴയ കാഴ്ചപ്പാട്, പുതിയ കാഴ്ചപ്പാട് എന്ന വിഭജനം തന്നെ അപ്രസക്തമാണ്. ഭാവി തലമുറ മാത്രമല്ല, വര്‍ത്തമാന തലമുറയും ഭൂതകാലത്തിലെ നവോത്ഥാന യോദ്ധാക്കള്‍ക്ക് കഴിഞ്ഞാല്‍ അവരും പരിഹസിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ പരിമിതപ്പെടുത്തരുത്. വലതുപക്ഷക്കാര്‍ക്ക് എന്തും ചെയ്യാം. അവര്‍ക്ക് അതിനുള്ള ലൈസന്‍സുണ്ട്. പക്ഷേ ഇടതുപക്ഷത്തിന് അതിനുള്ള ലൈസന്‍സില്ല. ജനങ്ങള്‍ ഒരു മാതൃക പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ ഒരു മാതൃക പിന്തുടരാത്ത മനുഷ്യരുടെ മനസില്‍ പോലും മാതൃക സംബന്ധിച്ചുള്ള ഒരു അബോധ സങ്കല്‍പമുണ്ട്. ആ സങ്കല്‍പത്തിന് കാവല്‍ നില്‍ക്കാന്‍ ചരിത്രപരമായി ബാധ്യതപ്പെട്ടവരാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷക്കാര്‍. ആ കാഴ്ചപ്പാടില്‍ പോറല്‍ വീഴുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകും. അതിനുള്ള അവസരം ജനായത്ത, നവോത്ഥാന, മാനവിക, ഇടതുപക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലെന്ന് ദ ക്യു അഭിമുഖത്തില്‍ കെ.ഇ.എന്‍ പറഞ്ഞു.

വലതുപക്ഷക്കാര്‍ക്ക് എന്തും ചെയ്യാം. അവര്‍ക്ക് അതിനുള്ള ലൈസന്‍സുണ്ട്. പക്ഷേ ഇടതുപക്ഷത്തിന് അതിനുള്ള ലൈസന്‍സില്ല. ജനങ്ങള്‍ ഒരു മാതൃക പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ ആരും ആരുടെയും മാതൃക പിന്തുടരുന്നുണ്ടാവില്ല. പക്ഷേ അങ്ങനെ ഒരു മാതൃക പിന്തുടരാത്ത മനുഷ്യരുടെ മനസില്‍ പോലും മാതൃക സംബന്ധിച്ചുള്ള ഒരു അബോധ സങ്കല്‍പമുണ്ട്. ആ അബോധ സങ്കല്‍പത്തിന് കാവല്‍ നില്‍ക്കാന്‍ ചരിത്രപരമായി ബാധ്യതപ്പെട്ടവരാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷക്കാര്‍.

കമ്യൂണിസ്റ്റ് മന്ത്രി അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നത്, ആദരിക്കുന്നത് ആ പ്രസ്ഥാനത്തിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള വ്യതിചലനമായല്ലേ കാണാന്‍ കഴിയുക?

നവോത്ഥാനത്തെ സംബന്ധിച്ചിടത്തോളം പഴയ കാഴ്ചപ്പാട്, പുതിയ കാഴ്ചപ്പാട് എന്ന വിഭജനം തന്നെ അപ്രസക്തമാണ്. നവോത്ഥാനം എന്ന് പറയുന്നത് ഒരു ഭൂതകാല സംഭവമല്ല. പലര്‍ക്കും അങ്ങനെയൊരു ധാരണയുണ്ട്, ഇത് പൊയ്കയില്‍ അപ്പച്ചനും മഹാത്മാ അയ്യന്‍കാളിയും ശ്രീനാരായണഗുരുവും വക്കം മൗലവിയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും, പട്ടിക അപൂര്‍ണ്ണമാണ്. അങ്ങനെ വളരെ പ്രഗത്ഭരായ ആളുകളുടെ ഇടപെടലും ആ കാലവുമാണ് നവോത്ഥാനമെന്ന്. ആ കാലത്ത് അവര്‍ നിര്‍വ്വഹിച്ചു, നേതൃത്വം നല്‍കി. അതിന്റെ തുടര്‍ച്ചയാണ് നമ്മള്‍. അതിന്റെ കണ്ണികളായ, ചരിത്രപരമായി ഉത്തരവാദപ്പെട്ടവരാണ്. ആ കരുത്ത് കാണിക്കണം. നവോത്ഥാനം എന്നത് തുടര്‍ പ്രക്രിയയാണ്. അതില്‍ തളിര്‍ക്കണം. അതിന് പകരം നമ്മള്‍ തലതാഴ്ത്തുന്ന തരത്തിലുള്ള, ഭാവി തലമുറ മാത്രമല്ല, വര്‍ത്തമാന തലമുറയും ഭൂതകാലത്തിലെ നവോത്ഥാന യോദ്ധാക്കള്‍ക്ക് സാങ്കല്‍പികമായി ശിരസുയര്‍ത്താന്‍ കഴിഞ്ഞാല്‍ അവരും നമ്മളെ പരിഹസിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ പരിമിതപ്പെടുത്തരുത്.

വലതുപക്ഷക്കാര്‍ക്ക് എന്തും ചെയ്യാം. അവര്‍ക്ക് അതിനുള്ള ലൈസന്‍സുണ്ട്. പക്ഷേ ഇടതുപക്ഷത്തിന് അതിനുള്ള ലൈസന്‍സില്ല. ജനങ്ങള്‍ ഒരു മാതൃക പ്രതീക്ഷിക്കുന്നുണ്ട്. മനുഷ്യര്‍ ആരും ആരുടെയും മാതൃക പിന്തുടരുന്നുണ്ടാവില്ല. പക്ഷേ അങ്ങനെ ഒരു മാതൃക പിന്തുടരാത്ത മനുഷ്യരുടെ മനസില്‍ പോലും മാതൃക സംബന്ധിച്ചുള്ള ഒരു അബോധ സങ്കല്‍പമുണ്ട്. ആ അബോധ സങ്കല്‍പത്തിന് കാവല്‍ നില്‍ക്കാന്‍ ചരിത്രപരമായി ബാധ്യതപ്പെട്ടവരാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷക്കാര്‍. അവര്‍ ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളില്‍ ത്യാഗപൂര്‍ണ്ണമായ പല സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍, ആത്മത്യാഗത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവര്‍ ഒക്കെയായിരിക്കും. ജനങ്ങള്‍ അവരുടെ മനസില്‍ കാത്തുസൂക്ഷിക്കുന്ന ആ മാതൃക സംബന്ധിച്ചുള്ള മഹത്തായ കാഴ്ചപ്പാടുണ്ടല്ലോ, ആ കാഴ്ചപ്പാടില്‍ പോറല്‍ വീഴുമ്പോള്‍ അവര്‍ മൊത്തത്തില്‍ പരിഭ്രാന്തരാകും. അതിനുള്ള അവസരം ജനായത്ത, നവോത്ഥാന, മാനവിക, ഇടതുപക്ഷ കാഴ്ചപ്പാട് പുലര്‍ത്തുന്ന ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല.

ഒത്തുതീര്‍പ്പ് ചില സന്ദര്‍ഭങ്ങളില്‍ ആവശ്യമാകും. ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പലവിധ ഒത്തുതീര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒത്തുതീര്‍പ്പുകള്‍ എന്തിന് വേണ്ടി? പുറകോട്ട് മലര്‍ന്ന് വീഴാനാണോ? മുന്നോട്ടേക്ക് കുതിക്കാനാണോ? ഇതാണ് മൗലികമായ ചോദ്യം.

എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത് പ്രാവര്‍ത്തികമാണോ എന്ന ചോദ്യം അവിടെ അവശേഷിക്കുന്നില്ലേ?

സൈദ്ധാന്തിക രാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും വേര്‍തിരിയുന്ന അതിര്‍ത്തി എന്ന് പറയുന്നത് ആവിധം പൂര്‍ണ്ണമായി വേര്‍തിരിഞ്ഞു കിടക്കുന്ന ഒന്നല്ല. അതായത് നമ്മള്‍ പറയുന്നതും ചെയ്യുന്നതും തമ്മില്‍ എത്രകണ്ട് പൊരുത്തമുണ്ടാകുമോ അത്രകണ്ടാണ് ഇടതുപക്ഷ രാഷ്ട്രീയം പ്രകാശപൂര്‍ണ്ണമാകുന്നത്. ഒത്തുതീര്‍പ്പ് ചില സന്ദര്‍ഭങ്ങളില്‍ ആവശ്യമാകും. ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ പലവിധ ഒത്തുതീര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒത്തുതീര്‍പ്പുകള്‍ എന്തിന് വേണ്ടി? പുറകോട്ട് മലര്‍ന്ന് വീഴാനാണോ? മുന്നോട്ടേക്ക് കുതിക്കാനാണോ? ഇതാണ് മൗലികമായ ചോദ്യം. അതല്ലാതെ സിദ്ധാന്തവും പ്രയോഗവും തമ്മില്‍ പൂര്‍ണ്ണമായ പൊരുത്തം സാധ്യമാണോ അല്ലയോ എന്നതൊരു നോണ്‍ ഇഷ്യൂവാണ്. ഇന്നത്തെ ഒരു പശ്ചാത്തലത്തില്‍ ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന സൈദ്ധാന്തിക നിലപാടും പ്രായോഗികമായുള്ള നമ്മുടെ ജീവിത പശ്ചാത്തലവും പൊരുത്തപ്പെടില്ലല്ലോ? പൊരുത്തപ്പെടില്ലെന്ന് ആഴത്തില്‍ തിരിച്ചറിയുന്നത് കൊണ്ടാണല്ലോ ഒരാള്‍ ഇടതുപക്ഷമായിരിക്കുന്നത്.

നമ്മള്‍ പുസ്തകങ്ങളിലൊക്കെ വായിച്ചത്, മനസിലാക്കിയത് കാമ, ക്രോധ, ലോഭ മത്സരാദികളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്ന, ഇന്ദ്രിയങ്ങളെ ജയിച്ച, ഉദാത്തതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒന്നാണ് ആത്മീയത എന്നാണ്. എന്തിനാണ് ഇത്രയും രോഷാകുലരാകുന്നത്?

വലതുപക്ഷ രാഷ്ട്രീയം പിന്തുടരുന്നവര്‍ക്ക് എന്തിനും ലൈസന്‍സുണ്ട്. അവര്‍ എന്തു ചെയ്താലും വലിയ വിമര്‍ശനമൊന്നും ഇല്ലല്ലോ? ഇടതുപക്ഷ പശ്ചാത്തലം ഉള്ളതു കൊണ്ടാണല്ലോ ചെറിയ വിമര്‍ശനങ്ങളെങ്കിലും ഉയര്‍ന്നു വരുന്നത്. അതായത് ഇടതുപക്ഷ ആശയങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ വലതുപക്ഷം പോലും വലതുപക്ഷത്തിന് അനുവദിക്കപ്പെട്ട 'സത്കര്‍മ്മങ്ങള്‍' ചെയ്യുമ്പോള്‍ പോലും പരിഭ്രാന്തരാകും. കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്ക് അഭിമാനിക്കാന്‍ കഴിയാവുന്ന വലിയ നേട്ടങ്ങളൊക്കെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ളത്. അത് മാത്രമല്ല, നമ്മള്‍ ഈ വീഴ്ചകളെക്കുറിച്ച് പറയുമ്പോള്‍ തന്നെ അതിന്റെ അപ്പുറത്തായിട്ടുള്ള കാര്യങ്ങളുണ്ട്.

എന്റെയൊരു സുഹൃത്ത് പങ്കുവെച്ച ഒരു അനുഭവം പറയാം. കരുവാരക്കുണ്ടില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു ഹോട്ടല്‍. 2020ല്‍ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വലിയൊരു പദ്ധതിയാണ്. 20 രൂപക്ക് ആളുകള്‍ക്ക് തെറ്റില്ലാത്ത ഒരു ഭക്ഷണം കൊടുക്കുക. പട്ടിണിക്ക് എതിരെ കേരളം നടത്തിയ വലിയൊരു പ്രതിരോധമാണ് അത്. ആ ഹോട്ടല്‍ നടത്തുന്നത് ഒരു നായര്‍ സ്ത്രീയാണ്. ഭക്ഷണം എടുത്തു കൊടുക്കുന്നതൊക്കെ അടിസ്ഥാന ജനവിഭാഗത്തില്‍പെട്ട വേറൊരു സ്ത്രീയാണ്. ഇവരെക്കൊണ്ട് ഭക്ഷണം വിളമ്പിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വരില്ലെന്ന് അവിടെ ഭക്ഷണം കഴിക്കാന്‍ വരുന്ന ചിലര്‍ പറഞ്ഞത്രേ. നിങ്ങള്‍ ആളെ മാറ്റണമെന്ന് പറഞ്ഞു. അപ്പോള്‍ ആ സ്ത്രീയെ ചേര്‍ത്തു പിടിച്ചുകൊണ്ട്, അങ്ങനെയാണെങ്കില്‍ ഞാന്‍ ഹോട്ടല്‍ പൂട്ടാമെന്ന് അവര്‍ പറഞ്ഞു.

ഇത് മുകുന്ദന്റെയോ മറ്റാരുടെയോ കഥയില്‍ ഉള്ളതല്ല. ഇങ്ങനെ നമുക്ക് ഊര്‍ജ്ജം പകരുന്ന നിരവധി കാര്യങ്ങള്‍ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് ഇന്നും നടക്കുന്ന നവോത്ഥാന സമരത്തിന്റെ ഫലമാണ്. ഒരു സാധാരണ സ്ത്രീയാണ് പറയുന്നത്. അവരെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ എടുത്തു. ജില്ലാ കമ്മിറ്റിയിലേക്കും എടുക്കാമെന്ന് പറഞ്ഞു. രണ്ട് ചെറുകഥ എഴുതിയയാളും മൂന്ന് കവിതയെഴുതിയ ആളും മാത്രമല്ല സാംസ്‌കാരിക പോരാളികള്‍ എന്ന് പറയുന്നത്. ഇതെല്ലാം വലിയ പോരാട്ടമാണ്. അവര്‍ക്ക് വലിയ ആസ്തിയൊന്നും ഇല്ല. ഇത് പൂട്ടിപ്പോകുകയാണെങ്കില്‍ പൂട്ടിപ്പൊയ്‌ക്കോട്ടെ. നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ ഭക്ഷണം കഴിച്ചാല്‍ മതി എന്ന് പറയുന്ന ആ ധീരതയുണ്ടല്ലോ, അതാണ് നവോത്ഥാനം.

ഇതെല്ലാം ജാതിമേല്‍ക്കോയ്മയുടെ അഹന്തയാണ്. ആ അഹന്തയാണ് കിംവദന്തികളും കെട്ടുകഥകളുമായി ഇവരുടെ മേല്‍ കെട്ടിവെച്ചത്. ഇവരുടെ അനുവാദത്തോട് കൂടിയാണോ എന്ന് അറിയില്ല, അതിന്റെയൊരു പിന്‍ബലത്തിലാണ് ഒരുതരം സവര്‍ണ്ണവത്കരണത്തിന്റെ വാദവുമായി വരുന്നത്. അതില്‍ തന്നെ കൃത്യം പൊളിറ്റിക്‌സുണ്ടല്ലോ? പിന്നെ ഇവിടെ വരുന്നതും അതിന് കാവലായി പ്രവര്‍ത്തിക്കുന്നതും കഥകള്‍ പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നതുമൊക്കെ ആരാണെന്ന് വ്യക്തമാണ്.

അമൃതാനന്ദമയി എന്ന വ്യക്തിക്ക്, അല്ലെങ്കില്‍ അവര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയം ഉണ്ട് എന്നാണോ താങ്കള്‍ക്ക് തോന്നുന്നത്. എങ്ങനെയാണ് അവരുടെ രാഷ്ട്രീയത്തെ നോക്കിക്കാണുന്നത്?

അമൃതാനന്ദമയിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അവരുടെ ജീവചരിത്രത്തില്‍ മുമ്പ് ഞാന്‍ വായിച്ചത്, അന്നൊക്കെ ഇങ്ങനെയൊരു ആശ്രമം ഉണ്ടാക്കാന്‍ ഒരു താല്‍പര്യവുമില്ല, ഞാന്‍ കൂട്ടിലെ കിളിയായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഗെയിലും മറ്റും നിര്‍ബന്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു ആശ്രമം രൂപപ്പെടുത്തുന്നത്. അത് തന്നെ അവരുടെ വിദേശ പൗരത്വത്തിന്റെയൊക്കെ പശ്ചാത്തലത്തില്‍ അവര്‍ക്ക് ഇവിടെ താമസിക്കുന്നതിന് കൂടി വേണ്ടിയാണ് എന്ന അര്‍ത്ഥത്തിലുള്ള ആശയമാണ് അവരുടെ ജീവചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ ഏറ്റവും മൗലികമായ ഒരു ചോദ്യം, സ്വയം ആത്മീയമായിട്ട് ഒരു വെളിപാടുണ്ടാകുന്നതും ആ വെളിപാടിന്റെ അടിസ്ഥാനത്തില്‍ ഞാനൊരു ആശ്രമം കെട്ടിപ്പടുക്കുകയും ചെയ്തു എന്നുമല്ല അവര്‍ പറഞ്ഞത്. അത് അന്വേഷിക്കപ്പെടേണ്ട ഒരു കാര്യമാണ്.

രണ്ടാമത് 1980കള്‍ വരെ ഞങ്ങള്‍ക്ക് യാതൊരുവിധ മാധ്യമ പിന്തുണയും ലഭിച്ചില്ല എന്ന് അവര്‍ പരാതിപ്പെടുന്നുണ്ട്. സത്യത്തില്‍ ആത്മീയതയില്‍ പരാതിക്കോ പരിഭവത്തിനോ പ്രലോഭനത്തിനോ സമ്മര്‍ദ്ദത്തിനോ യാതൊരു പ്രസക്തിയും ഇല്ല. മൂന്നാമത്തേത്, പിന്നീട് മാധ്യമങ്ങളില്‍ നമ്മള്‍ കാണുന്നത് അവരുടെ പരാതിയൊക്കെ എത്രയോ പിന്നിലാക്കുന്ന തരത്തില്‍ വന്‍തോതിലുള്ള പിന്തുണയാണ്. അതിനൊപ്പം തന്നെ അവര്‍ക്ക് എതിരെയുള്ള വിമര്‍ശനത്തിന് ഇടം ചുരുങ്ങിച്ചുരുങ്ങി വരുന്നതും നമ്മള്‍ കാണുന്നുണ്ട്. സത്യത്തില്‍ ഒരു ആത്മീയ സ്ഥാപനം ഒരു വിമര്‍ശനത്തെയും പ്രകോപനത്തോടെ കാണേണ്ടതില്ല. നമ്മുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആത്മീയ സ്രോതസ്സൊന്നും ഉള്ളയാളല്ല. അദ്ദേഹം നൈയാമിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണ്. എന്നിട്ടും അദ്ദേഹത്തിന് നേരെ ഷൂസ് വലിച്ചെറിഞ്ഞ ആ അഭിഭാഷകനെ വെറുതെ വിട്ടേക്കാനാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ഉണ്ടായിട്ടുള്ള ദുരൂഹമായ പല സംഭവങ്ങളും കാണിക്കുന്നത് വളരെ പ്രകോപനപരമായിട്ട് ആശ്രമത്തിലുള്ളവര്‍ പെരുമാറി എന്നതാണ്. അതില്‍ അമൃതാനന്ദമയി വാദിയാണോ പ്രതിയാണോ എന്നുള്ളത് മറ്റൊരു വിഷയമാണ്. എന്തോ അറബി വാക്ക് ഉച്ചരിച്ചു, സംസാരിച്ചു എന്നുള്ളതാണ് സത്‌നാം സിങ്ങിനെതിരായ കുറ്റം. പൊതിരെ തല്ലുകിട്ടി എന്നുള്ളത് പരമാര്‍ത്ഥമാണ്. സത്യത്തില്‍ അറബിയോ സംസ്‌കൃതമോ പറഞ്ഞാല്‍ പ്രകോപിതരാകേണ്ട ഒരു കാര്യവും ഇല്ല. ആത്മീയ അന്വേഷണം നടത്തിക്കൊണ്ടിരുന്ന ഒരു യുവാവിന്റെ ജീവിതമാണ് നഷ്ടമായത്. അതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇനി അമൃതാനന്ദമയി കഴിഞ്ഞാല്‍ ആശ്രമത്തിന്റെ അടുത്ത അമ്മ എന്ന വിധത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന ഗെയില്‍ ട്രെഡ് വെല്‍. അവര്‍ ഒരു ഹോളി ഹെല്‍ എന്നൊരു പുസ്തകം എഴുതി. അവരുടെ പീഡാനുഭവങ്ങള്‍ തുറന്നു പറഞ്ഞു. ആദ്യം അവരുടെ ഇന്റര്‍വ്യൂ നല്‍കാന്‍ ചാനലുകള്‍ ഉണ്ടായിരുന്നു. അവരുടെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ചെറിയ തോതിലെങ്കിലും പ്രസിദ്ധീകരണക്കാര്‍ വന്നു. അവരുടെ പുസ്തകം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചവര്‍ക്ക് എതിരെ ചെറിയ തോതില്‍ ആക്രമണം ഉണ്ടായി. തൃശൂരില്‍ അതിന് എതിരെ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഒരു പ്രഭാഷകനായിട്ട് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. കെ.വേണു ഉള്‍പ്പെടെ നിരവധിപേര്‍ അതില്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നു. സത്യത്തില്‍ ആശ്രമത്തില്‍ ഇത്രയും കാലം ജീവിച്ച ഗെയില്‍ ട്രെഡ്‌വെല്‍ ഒരു പുസ്തകം എഴുതിക്കഴിഞ്ഞപ്പോള്‍ ഇത്രയേറെ പ്രകോപിതരാകുന്നത് എന്തിനാണ്? അതാണോ ആത്മീയത?

നമ്മള്‍ പുസ്തകങ്ങളിലൊക്കെ വായിച്ചത്, മനസിലാക്കിയത് കാമ, ക്രോധ, ലോഭ മത്സരാദികളില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്ന, ഇന്ദ്രിയങ്ങളെ ജയിച്ച, ഉദാത്തതയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഒന്നാണ് ആത്മീയത എന്നാണ്. എന്തിനാണ് ഇത്രയും രോഷാകുലരാകുന്നത്? ഞാന്‍ എന്റെ പ്രബന്ധത്തില്‍ അഴീക്കോട് മാഷിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കുന്നുണ്ട്. അഴീക്കോട് മാഷ് പറഞ്ഞ പല കാര്യങ്ങളിലൊന്ന് എല്ലാത്തിനും ഒരു അക്കൗണ്ടബിലിറ്റി വേണം എന്നാണ്. ഇത്രയേറെ പണം കിട്ടുന്നു, എവിടുന്നൊക്കെയാ കിട്ടുന്നത്, ആരൊക്കെയാ കൊടുത്തത്, എന്ത് ആവശ്യത്തിനാണ് കൊടുത്തത്? അതിന്റെയൊരു കണക്ക് വേണം. കണക്ക് അവര്‍ സ്വയം പ്രസിദ്ധീകരിക്കണം അല്ലെങ്കില്‍ മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ഇതൊക്കെയാണ്, ഈ സോഴ്‌സില്‍ നിന്നൊക്കെയാണ് പണം കിട്ടിയതെന്ന് പറയണം.

അഴീക്കോട് മാഷിന്റെ ഉദാഹരണം തന്നെയാണെന്ന് തോന്നുന്നു. ശാകുന്തളത്തില്‍ ശകുന്തളയെ സര്‍വ്വാഭരണ വിഭൂഷിതയായി കണ്ടപ്പോള്‍ ഗൗതമി ചോദിക്കുന്നുണ്ട്, ഇതൊക്കെ എവിടെനിന്ന് കിട്ടിയെന്ന്. അത് കണ്വമുനിയുടെ ശക്തികൊണ്ടാണെന്ന് പറയുന്നുണ്ട്. അതുപോലെതന്നെ ഒരാള് പെട്ടെന്ന് ഒരു വലിയ വീടുണ്ടാക്കുമ്പോള്‍ ഒന്നുകില്‍ ലോട്ടറി അടിച്ചതാണെന്ന് പറയുന്നു, അല്ലെങ്കില്‍ നിധി കിട്ടിയതാണെന്ന് പറയുന്നു, അല്ലെങ്കില്‍ പറമ്പ് വിറ്റിട്ടാണെന്ന് പറയുന്നു. എന്തായാലും സോഴ്‌സ് പറയണമല്ലോ? ആ സോഴ്‌സ് ചോദിച്ചതിന്റെ പേരിലാണ് ഞാന്‍ ഓര്‍ക്കുന്നത് അഴീക്കോട് മാഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചുവെന്നാണ്. എന്തായാലും അഴീക്കോട് മാഷിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചില്ല. മാഷിന് വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഇതൊക്കെ എന്ത് കാര്യത്തിന്?

അത് മാത്രമല്ല. സംഘപരിവാര്‍ ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, അമൃതാനന്ദമയി എന്നിങ്ങനെ ഒരു ത്രിത്വം രൂപപ്പെടുത്തി. ഇവരുടെ ജീവചരിത്രത്തിലൊക്കെ പറയുന്നത് ഒരു സവര്‍ണ്ണവല്‍ക്കരണത്തിന്റെ കഥകളാണ്. കീഴാള ജീവിതത്തിന്റെ മഹത്വം ആഘോഷിക്കുന്ന ഒരു കഥയും ഇവരുടെ ജീവചരിത്രത്തില്‍ ഇല്ല. ഇവരുടെ അമ്മ ദമയന്തി വ്രതം അനുഷ്ഠിക്കും. വ്രതം തീരാന്‍ നേരത്ത് തെങ്ങ് ചാഞ്ഞ് വന്ന് ഇളനീര്‍ പറിക്കാന്‍ പാകത്തിന് നിന്നുകൊടുക്കും. അവരെ ജനങ്ങള്‍ പട്ടത്തിയമ്മ എന്നാണ് വിൡച്ചത്. എന്തിന് പട്ടത്തിയമ്മ എന്ന് മാത്രം വിളിക്കണം? നായരമ്മ എന്നോ ഈഴവ അമ്മ എന്നോ ഒക്കെ വിളിക്കാമല്ലോ? തകഴിയുടെ ചെമ്മീനിലുമുണ്ട് ഇതുപൊലൊരു പ്രശ്‌നം. ഇതെഴുതാന്‍ വേണ്ടി ആലപ്പുഴ ഹോട്ടലില്‍ താമസിച്ചു. അവിടെ നല്ല ഭക്ഷണമായിരുന്നു. ഒരു മത്തായീടെ ഹോട്ടലാണ്. അത്രയും വൃത്തിയും വെടിപ്പും ഉള്ളതുകൊണ്ട് ആളുകളൊക്കെ മത്തായിപ്പോറ്റി എന്നാ വിളിച്ചിരുന്നതെന്ന്. വൃത്തി പോറ്റിക്ക് മാത്രമേയുള്ളോ? പറയുന്നതിന് ഒരു അതിര് വേണ്ടേ?

ഇതെല്ലാം ജാതിമേല്‍ക്കോയ്മയുടെ അഹന്തയാണ്. ആ അഹന്തയാണ് കിംവദന്തികളും കെട്ടുകഥകളുമായി ഇവരുടെ മേല്‍ കെട്ടിവെച്ചത്. ഇവരുടെ അനുവാദത്തോട് കൂടിയാണോ എന്ന് അറിയില്ല, അതിന്റെയൊരു പിന്‍ബലത്തിലാണ് ഒരുതരം സവര്‍ണ്ണവത്കരണത്തിന്റെ വാദവുമായി വരുന്നത്. അതില്‍ തന്നെ കൃത്യം പൊളിറ്റിക്‌സുണ്ടല്ലോ? പിന്നെ ഇവിടെ വരുന്നതും അതിന് കാവലായി പ്രവര്‍ത്തിക്കുന്നതും കഥകള്‍ പ്രചരിപ്പിക്കുന്നതിന് മുന്നില്‍ നില്‍ക്കുന്നതുമൊക്കെ ആരാണെന്ന് വ്യക്തമാണ്. കെ.ആര്‍.മീര ഒരു അഭിമുഖത്തിന് ആവശ്യപ്പെട്ടപ്പോള്‍ ചോദ്യം മുന്‍കൂട്ടി എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. അതുതന്നെ ഒരു അനൗചിത്യമാണ് ശരിക്കും. അവര്‍ ഒരു ചോദ്യം ചോദിച്ചു, ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ടല്ലോ എന്ന്. ഒരു ബന്ധവുമില്ല ആരുമായിട്ടും എന്ന് ഒറ്റവാക്കില്‍ പറയുന്നതിന് പകരം അവര്‍ സനാതനികളാണല്ലോ എന്നാണ് അവര്‍ പറഞ്ഞത്. ആ സനാതനി എന്താണ് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ പൊളിറ്റിക്‌സ് വളരെ കൃത്യമാണ്. അവര്‍ക്ക് രാഷ്ട്രീയം കൊണ്ടുനടക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമുണ്ട്. എന്തിനും അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ ജനായത്ത, മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്ത് നിലപാട് സ്വീകരിക്കണം? അതേ പ്രശ്‌നമുള്ളു.

ഒരു പത്ത് ആളുകള്‍ക്ക് കൈകൊടുക്കുമ്പോള്‍ തന്നെ എന്റെ കൈ കുഴഞ്ഞു പോകും. അവര്‍ നൂറുകണക്കിന് ആളുകളെ ആശ്ലേഷിക്കുന്നുണ്ട്. ഹഗ്ഗിംഗ് സെയിന്റ് എന്ന് ഇവര്‍ അടയാളപ്പെടുന്നുണ്ട്. അതൊക്കെ ശരിയാണ്. ഇന്ന് ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയണമെങ്കില്‍ അതിന് ഒരു കഴിവുണ്ടാകണമല്ലോ? സാന്ത്വന പ്രതിഭ എന്ന് ഒരു കുറിപ്പില്‍ ഞാന്‍ എഴുതിയിരുന്നു. സാന്ത്വനിപ്പിക്കാനുള്ള കഴിവ് ഒരു കഴിവ് തന്നെയാണല്ലോ? നമ്മുടെ നാട്ടിലെ ചില ആള്‍ക്കാര്‍, നമുക്ക് ഒരു പരിചയവും ഉണ്ടാകില്ല, നമ്മള്‍ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരിക്കും. അവരുടെ സാന്നിധ്യം തന്നെ നമുക്കൊരു സ്വസ്ഥത നല്‍കും. അതേസമയം വേറെ ചിലര്‍, അവരെയും നമുക്കൊരു പരിചയവും ഉണ്ടാകില്ല. അവര്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിപ്പോയാല്‍ മതിയെന്ന് നമ്മള്‍ വിചാരിക്കും. ഭൗതികവാദപരമായി തന്നെ ഇത് അപഗ്രഥിക്കപ്പെടേണ്ടതുണ്ട്.

ചില ആഫ്രിക്കന്‍ ഗോത്രക്കാര്‍ക്കൊക്കെ അനസ്‌തേഷ്യ കൊടുക്കേണ്ടത്രേ! വെടിയുണ്ടയൊക്കെ കീറിയെടുക്കാന്‍ പറ്റും. അത് അവരുടെയൊരു ജനിതക പ്രത്യേകതയാണ്. അതുപോലെ പാലസ്തീന്‍ പോരാളികളെക്കുറിച്ച് വായിച്ചിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പില്‍ ടെന്റുകള്‍ ഒക്കെ താല്‍ക്കാലിക ആശുപത്രിയാക്കിയിട്ട്, ഡോക്ടര്‍ പറയുന്നുണ്ട് ക്ലോറോഫോമോ ഒന്നും തരാനില്ലല്ലോ എന്ന് പറയുമ്പോള്‍ അത് വേണ്ട, ഞങ്ങള്‍ പാലസ്തീന്‍ പടയാളികളാണ്. നിങ്ങള്‍ വെടിയുണ്ട കീറിയെടുക്കാന്‍ നോക്ക് എന്ന് അവര്‍ കൂളായിട്ട് പറയുന്നുണ്ട്. ഈ ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു ജനിതക സവിശേഷതയാണ്. രണ്ടാമത്തേത് അവരുടെ ഒരു കമ്മിറ്റ്‌മെന്റ് ഒക്കെയായിട്ട് ആയിരിക്കും. അങ്ങനെയുള്ള ആളുകളെയായിരിക്കണം ഒരുപക്ഷേ ഈ കോര്‍പറേറ്റുകളോ വ്യവസായ സംരംഭകരോ ഒക്കെ കണ്ടെത്തിയിട്ട് ആള്‍ദൈവം ആക്കുന്നത്. അല്ലാതെ എനിക്ക് ആള്‍ദൈവം ആകണമെന്ന് വിചാരിച്ചാല്‍ ആള്‍ദൈവം ആകാന്‍ പറ്റില്ലല്ലോ? അത് പഠിക്കപ്പെടേണ്ട ഒരു കാര്യമാണ്.

പക്ഷേ നവോത്ഥാന നിലപാട് പുലര്‍ത്തുന്നവര്‍ വ്യക്തമായ നിലപാടെടുക്കണം. അതാണ് പ്രശ്‌നം. ഇവരുടെ ജീവചരിത്രത്തില്‍ ഇവര്‍ തുപ്പല് കൊണ്ട് കുഷ്ഠരോഗം മാറ്റി എന്ന് പറയുന്നുണ്ട്. ലോകം മുഴുവന്‍ കുമിള രൂപത്തില്‍ വായിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറയുന്നുണ്ട്. ഇതിനൊക്കെ എന്ത് അടിസ്ഥാനം? അങ്ങനെയാണെങ്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആവശ്യമില്ലല്ലോ? പരസ്പര വൈരുദ്ധ്യമാണ്. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട് പക്ഷേ ഇതിനിടെ തിരക്ക് വര്‍ദ്ധിക്കുന്നുമുണ്ട്. നവോത്ഥാനം എങ്ങോട്ടാണ് പോകുന്നത് എന്നൊരു വല്ലാത്ത വീര്‍പ്പുമുട്ടലിലാണ് ഞാന്‍ സത്യത്തില്‍ ലേഖനം എഴുതിയത്.

25 ആം വർഷത്തിലേക്ക് കടന്ന് പെയ്സ് ഗ്രൂപ്പ്, ആഘോഷങ്ങള്‍ക്ക് തുടക്കം

മാത്യുവിന്റെ കരിയറിലെ ഒരു ശ്രദ്ധേയമായ സിനിമയായിരിക്കും നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്: നൗഫൽ അബ്ദുള്ള

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് കരസേന

'ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി'; അടൂർ ഗോപാലകൃഷ്ണനെതിരെ ബൈജു

രണ്ട് പോലീസുകാരിലൂടെ പറയുന്ന കഥ, 'പാതിരാത്രി' ക്രൈം ഡ്രാമയും ത്രില്ലറുമാണ്: റത്തീന

SCROLL FOR NEXT