സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മോംമ്സ് ആന്‍റ് വൈവ്സ് യുഎഇയില്‍ പ്രവർത്തനം ആരംഭിച്ചു. ഷാർജ എക്സ്പോ സെന്‍ററില്‍ നടന്ന ചടങ്ങില്‍ എം കെ മുനീർ എം എല്‍ എ, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ , ആസിഫലി , മംമ്ത മോഹൻദാസ് , നവ്യ നായർ , ജുമൈല ദിൽഷാദ്, മോംമ്സ് ആന്‍റ് വൈവ്സ് സിഇഒ മുഹമ്മദ് ദിൽഷാദ് എന്നിവർ ചേർന്ന് ആപ്പ് ലോഞ്ച് ചെയ്തു .
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി വനിതാ സമൂഹം മോംമ്സ് ആന്‍റ് വൈവ്സ് നെഞ്ചിലേറ്റിക്കഴിഞ്ഞെന്നുവെന്ന് പറഞ്ഞ കുഞ്ചാക്കോബോബന്‍ ഭാര്യയുടെ സുഹൃത്ത് ഈ ആപ്പിന്‍റെ ബിസിസിനെസ് സാധ്യതയെ കുറിച്ച് സംസാരിച്ചതും ചടങ്ങില്‍ സൂചിപ്പിച്ചു. ഇത്തരം ആധുനിക സൗകര്യങ്ങൾ കുടുംബശ്രീ അടക്കമുള്ള കൂട്ടായ്മകൾക്ക് ഉപകാരപ്രദമാകുമെന്ന് എംകെ മുനീർ എം എൽ എ വിലയിരുത്തി. സ്ത്രീകൾക്ക് ലോകത്തിന്‍റെ സാധ്യതകളിലേക്ക് വാതിൽ തുറക്കുന്ന മഹത്തായ ആശയം ആണിതെന്നായിരുന്നു സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രതികരണം.
ചെറിയ ആശയങ്ങൾ പോലും വലിയ രീതിയിൽ ആഘോഷിക്കപ്പെടത്തക്ക രീതിയിൽ വലിയ മാറ്റങ്ങൾക്ക് ഈ ആപ്പ് വഴി വെക്കുമെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു. വിവിധ കാരണങ്ങള്‍കൊണ്ട് ജോലി തുടരാന്‍ കഴിയാത്തവർക്കും ഇഷ്ടപാഷനെ വരുമാനമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് ഇത്തരത്തിലൊരു ആശയം ആപ്പിലൂടെ നടപ്പിലാക്കുന്നതെന്ന് മുഹമ്മദ് ദിൽഷാദ് പറഞ്ഞു. സ്വന്തമായി വരുമാനമുണ്ടാവുകയെന്നുളളത് ഓരോരുത്തരേയും സംബന്ധിച്ച് പ്രധാനമാണ്. അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും.ഒരു ആഗോള സ്ത്രീ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുന്ന തരത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള സ്ത്രീകളെ സാമ്പത്തികമായ സ്വാതന്ത്ര്യത്തിലേക്കും ഉയർന്ന ജീവിത നിലവാരത്തിലേക്കും മാറ്റുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ താരങ്ങളായ രമേഷ് പിഷാരടി , അനാർക്കലി മരിക്കാർ , നേഹ നാസ്നിൻ എന്നിവർ പങ്കെടുത്തു , ആർ ജെ മിഥുനും രഞ്ജിനി ഹരിദാസും അവതാരകരായ പരിപാടിയിൽ ഗായികമാരായ സിതാര കൃഷ്ണകുമാറും ശിവാംഗി കൃഷ്ണകുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച ഗാനങ്ങളും റംസാൻ മുഹമ്മദും സാനിയ അയ്യപ്പനും ചേർന്നവതരിപ്പിച്ച ഡാൻസും ചടങ്ങിന് മിഴിവേകി.പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും മോംമ്സ് ആന്‍റ് വൈവ്സ് ലഭ്യമാകും.