രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചു നിര്‍ത്തുന്നവരോടാണ്; ഇനിയും എന്ത് തെളിവുകളാണ് നിങ്ങള്‍ക്ക് വേണ്ടത്?

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചു. പ്രതികരണത്തേക്കാള്‍ പ്രതിരോധമായിരുന്നു അതെന്ന് പറയേണ്ടി വരും. ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തിനെ മറ്റു പാര്‍ട്ടികളില്‍ സമാന ആരോപണമുണ്ടായാല്‍ ചെയ്യുന്നത് പോലെ സംരക്ഷിച്ചു പിടിക്കുന്നില്ലല്ലോ എന്നാണ് ഷാഫി പറമ്പില്‍ ചോദിക്കുന്നത്. ശരിയാണ്, പാര്‍ട്ടിയിലെ സ്ഥാനം രാഹുല്‍ രാജിവെച്ചിട്ടുണ്ട്. അത് പക്ഷേ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണെന്ന് മാത്രം പറയരുത്. ഗതികേടുകൊണ്ടായിരുന്നു ആ രാജിയെന്ന് നിങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിയാം.

രാഹുലിനോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടോ, അതോ രാഹുല്‍ പറഞ്ഞതു പോലെ സ്വയം രാജി നല്‍കിയതാണോ എന്ന് വ്യക്തമാക്കാന്‍ ഒരു നേതാവും തയ്യാറാകുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്നത് ഒന്നിലേറെ ആരോപണങ്ങളാണ്. ഗുരുതരമായ ഓഡിയോ റെക്കോര്‍ഡുകള്‍ വന്നിരിക്കുന്നു. എന്നിട്ടും ഇത്തരത്തില്‍ ന്യായീകരിക്കുന്നത് എന്തിനാണ്? രാഹുലിനെതിരെ നിയമപരമായി പരാതിയില്ല, ആരും പരാതി നല്‍കിയിട്ടില്ല എന്നൊക്കെയാണ് പ്രതിരോധിക്കുന്നത്. രാഹുല്‍ നിരപരാധിയാണെന്ന് തോന്നുന്നുണ്ടോ, ആരോപണങ്ങളെക്കുറിച്ച് നേരത്തേ അറിയാമോ, പരാതികളില്‍ കഴമ്പില്ലെന്ന അഭിപ്രായമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങളില്‍ താങ്കള്‍ക്ക് മറുപടിയില്ല. പകരം സിപിഎം പ്രവര്‍ത്തകര്‍ക്ക് സമാനമായ സംഭവമുണ്ടായാല്‍ നിങ്ങള്‍ ഇങ്ങനെ ചോദിക്കില്ലെന്നും കോണ്‍ഗ്രസ് എടുത്തതു പോലെയൊരു നിലപാട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞുകൊണ്ട് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് രക്ഷപ്പെടുകയാണ് ഷാഫി.

രാഹുലിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്തുവെന്ന് പറയുകയും അത് മാതൃകാപരമാണെന്ന് വിശേഷിപ്പിക്കുകയുമാണ് നിങ്ങള്‍ ചെയ്യുന്നത്. വിദ്യാഭ്യാസവും രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയുമുള്ള കേരള സമൂഹത്തിന് മുന്നിലേക്കാണ് ഷാഫീ നിങ്ങള്‍ അസംബന്ധ ചോദ്യങ്ങളുമായി ഇറങ്ങുന്നത്. അവയ്ക്ക് നിങ്ങള്‍ മറുപടി പറയേണ്ടിവരും, അല്ലെങ്കില്‍ കേരള സമൂഹം നിങ്ങളെക്കൊണ്ട് മറുപടി പറയിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in