തമിഴ്‌നാട് സര്‍ക്കാരിന്റെ 'തായ് മാമന്‍ തങ്കമോതിരം' പദ്ധതിയില്‍ സ്വര്‍ണ്ണ മോതിരങ്ങള്‍ വിതരണം ചെയ്യാനുള്ള കരാര്‍ കല്യാണ്‍ ജൂവലേഴ്‌സിന്. തമിഴ്‌നാട്ടില്‍ ഒട്ടാകെ ഒരു ഗ്രാം തൂക്കമുള്ള, 22 കാരറ്റ്, 916 ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണമോതിരങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള കരാറാണ് ഇത്. തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ പ്രകാരം കല്യാണ്‍ ജൂവലേഴ്‌സ് 38,550 ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണമോതിരങ്ങള്‍ വിതരണം ചെയ്യും.
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാം സ്വര്‍ണ്ണ മോതിരം നല്‍കുന്ന പദ്ധതിയാണ് തായ് മാമന്‍ തങ്കമോതിരം. കരാര്‍ പ്രകാരം, മോതിരങ്ങള്‍ നിര്‍മ്മിക്കുകയും ഹാള്‍മാര്‍ക്ക് ചെയ്യുകയും തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശിക്കുന്ന നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുകയും ചെയ്യുക എന്നതാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ ചുമതല.
തമിഴ് കുടുംബങ്ങളില്‍ സ്വര്‍ണത്തിന് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടെന്നും അത് കുട്ടികള്‍ക്കുള്ള സമ്മാനമായി ലഭിക്കുമ്പോള്‍ കൂടുതല്‍ ആഴത്തിലുള്ള അര്‍ത്ഥം കൈവരുന്നുവെന്നും കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്ല്യാണരാമന്‍ പറഞ്ഞു. കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കുമുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് തായ് മാമന്‍ തങ്കമോതിരം പദ്ധതിയിലൂടെ വെളിവാകുന്നത്. ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ കല്യാണ്‍ ജൂവലേഴ്‌സിന് അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ പ്രതീക്ഷകളുടെയും കുട്ടിയുടെ ഭാവിയുടെയും ചെറുതെങ്കിലും അര്‍ത്ഥവത്തായ പ്രതീകമാണ് ഓരോ മോതിരവും. പരമാവധി ശ്രദ്ധയോടെയും ഗുണനിലവാരത്തോടെയും സുതാര്യതയോടെയും ഈ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കല്യാണ്‍ ജൂവലേഴ്‌സിന് നിലവില്‍ തമിഴ്‌നാട്ടില്‍ 30 ഷോറൂമുകളുണ്ട്. കൂടാതെ ആദ്യത്തെ പ്രാദേശിക ബ്രാന്‍ഡായ 'അക്ഷയ തങ്ക മാളിക' ചെന്നൈയില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബ്രാന്‍ഡിനെയും ആഭരണശേഖരങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://www.kalyanjewellers.net/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.