പൊട്ടിയൊഴുകിയതും ഇനി എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനം സംഭവിക്കാവുന്നതുമായ ഇന്ത്യയിലെ രാഷ്ട്രീയ അഗ്‌നിപര്‍വ്വതങ്ങളെ കുറിച്ചുള്ള ഇതിലെ ലേഖനങ്ങള്‍ തികച്ചും ഗൗരവമായ ഒരു വായനയാണ് നല്‍കുന്നത്.
എന്‍.കെ. ഭൂപേഷിന്റെ 'ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍' എന്ന ഗ്രന്ഥത്തെക്കുറിച്ച് ഗവേഷകനും എഴുത്തുകാരനുമായ വിനില്‍ പോള്‍ എഴുതുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ വിഭാവനയെയും രാഷ്ട്രഘടനയെയും വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചരിത്രവും സമകാലിക അവസ്ഥയും, കൃത്യതയോടെയും ആധികാരികതയോടെയും വെളിപ്പെടുത്തുന്ന പുസ്തകമാണ് എന്‍.കെ. ഭൂപേഷ് എഴുതിയ 'ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍'. 2022- ജനുവരിയില്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് ആമുഖ കുറിപ്പും, പതിനാല് അധ്യായങ്ങളും പദസൂചിയും ഉള്‍പ്പെടെ 310-പേജുകളാണുള്ളത്. വില 340 രൂപ. ആധുനിക ഇന്ത്യ നേരിട്ട/നേരിടുന്ന ആഭ്യന്തര രാഷ്ട്രീയ വെല്ലുവിളികളെക്കുറിച്ചുള്ള ഒരു റെഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ ഇതിനെ കണക്കാക്കവുന്നതാണ്. ഗവേഷകര്‍ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കും കൂടുതല്‍ ഉപയോഗപ്രദമാകുന്ന ഈ പുസ്തകം ഏതൊരു വായനക്കാരനെയും പിടിച്ചിരുത്തുന്ന ഒരു ഗ്രന്ഥം തന്നെയെന്ന് നിസംശയം പറയാം.
പൊട്ടിയൊഴുകിയതും ഇനി എപ്പോള്‍ വേണമെങ്കിലും സ്‌ഫോടനം സംഭവിക്കാവുന്നതുമായ ഇന്ത്യയിലെ രാഷ്ട്രീയ അഗ്‌നിപര്‍വ്വതങ്ങളെ കുറിച്ചുള്ള ഇതിലെ ലേഖനങ്ങള്‍ തികച്ചും ഗൗരവമായ ഒരു വായനയാണ് നല്‍കുന്നത്. ഇന്ത്യയുടെ വിവിധയിടങ്ങളിലായി ഉയര്‍ന്നുവന്ന പ്രാദേശിക-മത വികാരങ്ങളും അവയ്ക്കെതിരെ കേന്ദ്ര ഭരണകൂടം കൈകൊണ്ട നടപടികളെയും അതോടൊപ്പം വിഘടനവാദ പ്രസ്ഥാനങ്ങള്‍ ജനാധിപത്യ രാഷ്ട്രത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെയും വിശദമാക്കാന്‍ ശ്രമിക്കുന്ന ഈ പുസ്തകം ഹയര്‍സെക്കണ്ടറി തലം മുതല്‍ ബിരുദ- ബിരുദാനന്തര തലം വരെയുള്ള പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റെഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.
വിനില്‍ പോള്‍
കോളനിയാനന്തര ഇന്ത്യയുടെ ആഭ്യന്തര ചരിത്രം പറയാന്‍ ശ്രമിക്കുന്ന പഠനങ്ങളുടെ എണ്ണം കുറവാണെങ്കിലും ഈ മേഖലയില്‍ രാമചന്ദ്ര ഗുഹ പോലുള്ള പണ്ഡിതരുടെ പഠനങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേപോലെ സമീപകാലത്തായി കേരളത്തിലും ഇത്തരം രാഷ്ട്രീയ പഠനങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന ആര്‍.കെ. ബിജുരാജിന്റെ പുസ്തകവും, കേരളപ്പിറവിക്കു ശേഷമുള്ള 25 വര്‍ഷത്തെ രാഷ്ട്രീയ സ്ഥിതിവിഗതികളും സംഭവപരമ്പരകളും സാമൂഹിക മാറ്റങ്ങളുമെല്ലാം വിവരിക്കാന്‍ ശ്രമിക്കുന്ന ചെറിയാന്‍ ഫിലിപ്പിന്റെ കാല്‍നൂറ്റാണ്ട് എന്ന പുസ്തകവുമെല്ലാം സമീപകാലത്ത് ഉയര്‍ന്നു വന്ന രാഷ്ട്രീയ ചരിത്രരചനകളുടെ പുതുമാതൃകകളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്ന എന്‍.കെ. ഭൂപേഷിന്റെ 'ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍' എന്ന പഠനത്തിന് സമമായ മറ്റൊരു പഠനം മലയാളികള്‍ക്കിടയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.
ഇന്ത്യന്‍ സംവിധാനം നേരിട്ട ആഭ്യന്തര വെല്ലുവിളിക്കുറിച്ചുള്ള ഈ പുസ്തകത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങള്‍ കശ്മീരിന്റെ അനുഭവങ്ങളെയാണ് വിവരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനകത്തുതന്നെ ഏറ്റവും കൂടുതല്‍ സൈനിക സാന്നിധ്യമുള്ള പ്രദേശമെന്ന വൈരുദ്ധ്യത്തിലേക്ക് കശ്മീരികളുടെ ജീവിതം മാറ്റപ്പെട്ടതിന്റെ ചരിത്രമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ജമ്മു കശ്മീരിന് സംഭവിച്ച അന്യവത്കരണവും മനുഷ്യാവകാശ ലംഘനങ്ങളും സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ച ഈ മൂന്ന് ലേഖനങ്ങളിലൂടെ വായനക്കാര്‍ കടന്നുപോകുമ്പോള്‍ മറ്റൊരു കശ്മീരിനെയും ഇന്ത്യയെയുമാണ് കാണുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളെയാണ് അടുത്ത ആറ് അധ്യായങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.
അസമിന്റെ ദേശീയതാവാദങ്ങളും വംശീയതയുമാണ് രണ്ട് അധ്യായങ്ങളിലൂടെ ഭൂപേഷ് വിശദമാക്കുന്നത്. അസമിലേക്ക് കുടിയേറി പാര്‍ത്തവര്‍ കൂടുതല്‍ സമ്പത്തും ഭൂമിയും നേടിയെടുത്തുവെന്ന ആരോപണവും തദ്ദേശീയരുടെ ഭൂമി നഷ്ടമായി എന്ന ആരോപണവും മുന്‍നിര്‍ത്തിയാണ് അസമില്‍ വലിയ സംഘര്‍ഷം രൂപപ്പെട്ടുവരുന്നത്. അസം പ്രക്ഷോഭം നടക്കുന്ന കാലത്ത് ഉയര്‍ന്നു വന്ന പ്രസ്ഥാനമായ ഉള്‍ഫയുടെ ( United Liberation Front of Assam) പ്രക്ഷോഭങ്ങളെ വിലയിരുത്തുകയും അസം പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച വിവാദങ്ങളിലേക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതുമായ ലേഖനങ്ങളാണ് ഇതിലുള്ളത്. 2014-ല്‍ ഏഷ്യന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം ആ വര്‍ഷം മാത്രം മൂന്ന് ലക്ഷം പേര്‍ക്കാണ് അസമില്‍ സംഘര്‍ഷം കാരണം കിടപ്പാടം നഷ്ട്മായത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആഭ്യന്തരമായി അഭയാര്‍ത്ഥികളാക്കപ്പെട്ടത് ആ വര്‍ഷം അസമിലായിരുന്നു എന്ന റിപ്പോര്‍ട്ട് ഈ ഭീകരാവസ്ഥ വെളിപ്പെടുത്തുവാനായി ഭൂപേഷ് ഉദ്ധരിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ പുതിയ ഉന്മൂലന പദ്ധതികള്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട് എന്ന കാര്യവും ഈ ലേഖനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കരുതുന്ന, സൈനിക സാന്നിധ്യത്തിന്റെ കാര്യത്തിലും ഏറ്റവും മുമ്പിലുള്ള മണിപ്പൂരിന്റെ ആഭ്യന്തര പ്രശ്‌നങ്ങളാണ് അടുത്ത അധ്യായം ചര്‍ച്ച ചെയ്യുന്നത്. മറ്റൊരു അധ്യായം മിസോറാമാണ്. ഒരു പ്രകൃതിദുരന്തം ഒരു രാഷ്ട്രീയ കലാപത്തിലേയ്ക്കും പിന്നീട് അടിച്ചമര്‍ത്തലിലേയ്ക്കും ചെറുത്തുനില്‍പ്പിലേക്കുമായി മാറുന്നതെങ്ങനെ എന്നതിന്റെ കഥയാണ് മിസോറാമിന്റേത്. നാഗാലാന്‍ഡ് ജനതയുടെ പോരാട്ടമാണ് അടുത്ത അധ്യായം ചര്‍ച്ച ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതലുള്ള നിയമങ്ങളും അതിനോടുള്ള പ്രതികരണങ്ങളും വിശദമാക്കിക്കൊണ്ടാണ് ഭൂപേഷ് നാഗാലാന്‍ഡിന്റെ സാമൂഹിക അനുഭവം വിശദമാക്കുന്നത്. പതിറ്റാണ്ടുകളായി നാഗവംശജര്‍ക്ക് എതിരാണ് ഇന്ത്യ എന്ന വാദത്തിനെ എങ്ങനെയെല്ലാമാണ് സാധൂകരിച്ചതെന്നും അതില്‍ നിന്നും എങ്ങനെയാണ് വേറിട്ട ഒരു നിലപാടിലേക്ക് എത്തിച്ചേര്‍ന്നതെന്നുമാണ് ഈ ലേഖനം അന്വേഷിക്കുന്നത്. ത്രിപുരയിലെ വിഘടനവാദത്തിന്റെ ഉള്‍വഴികള്‍ വിശദമാക്കിക്കൊണ്ടാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആഭ്യന്തര വെല്ലുവിളികള്‍ പൂര്‍ത്തികരിക്കുന്നത്.
ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍
ഈ പുസ്തകത്തില്‍ ഇടതുപക്ഷ ആശയങ്ങള്‍ ഉയര്‍ത്തിയ ആഭ്യന്തര വെല്ലുവിളികള്‍ വിശകലനം ചെയ്യപ്പെടുന്നത് തെലങ്കാന സമരത്തിന്റെയും നക്‌സല്‍ പ്രസ്ഥാനത്തിന്റെ അനുഭവങ്ങളിലൂടെയാണ്. കര്‍ഷക തൊഴിലാളികളുടെ ജീവിതം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് ആദ്യമായി കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട സായുധ സമരമെന്ന നിലയില്‍ ശ്രദ്ധനേടിയ തെലങ്കാന സമരവും നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെയും ചരിത്രത്തെ വീണ്ടെടുക്കുന്ന രണ്ട് ലേഖനങ്ങളാണ് ഇതില്‍ ശ്രദ്ധേയമായുള്ളത്. പ്രത്യേകിച്ച് നക്‌സല്‍ പ്രസ്ഥാനത്തിനോടുള്ള സി.പി.ഐ.എമ്മിന്റെ നിലപാടുകളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകളുമെല്ലാം മറ്റൊരു ആഭ്യന്തര പ്രശനത്തെ കൂടി തുറന്നു കാണിക്കുന്നുണ്ട്. അതോടൊപ്പം മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് പട്ടം ചാര്‍ത്തലിന്റ ഇടുങ്ങിയ വശങ്ങളെയും ഈ ലേഖനങ്ങളില്‍ കാണാനാവും.
പഞ്ചാബില്‍ നിന്നും ഉയര്‍ന്നുവന്ന വെല്ലുവിളികളും മുന്‍പ്രധാനമന്ത്രി ഇന്ദ്രാഗാന്ധിയുടെ കൊലപാതകത്തിലേക്ക് എത്തിച്ച സംഭവവികാസങ്ങളെയും അടയാളപ്പെടുത്തുന്ന ലേഖനമാണ് ഈ പുസ്തകത്തിലെ ശ്രദ്ധേയമായ മറ്റൊന്ന്. തെക്കേ ഇന്ത്യയിലെ ദ്രാവിഡപ്രസ്ഥാനവും ഹിന്ദുത്വവിരുദ്ധ പ്രക്ഷോഭങ്ങളുമാണ് അവസാന രണ്ട് അധ്യായങ്ങള്‍.
'ബ്രിട്ടീഷ്‌കാരുടെ അടിമയാക്കപ്പെട്ടതുമൂലം നമുക്ക് പലതും നഷ്ടമായിട്ടുണ്ടെങ്കിലും മനുഷ്യരെന്ന ബോധത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ബ്രിട്ടന്റെ ഭരണം സഹായിച്ചുവെന്നും വടക്കേ ഇന്ത്യക്കാരുടെ അടിമയായി തുടര്‍ന്നിരുന്നുവെങ്കില്‍ കീഴാള ജാതി വിഭാഗങ്ങള്‍ മാത്രമായി ഒരു വലിയ വിഭാഗത്തിന്റെ അസ്തിത്വം മാറ്റപ്പെട്ടേനെ', എന്നും ഇ. വി. രാമസ്വാമി നായ്ക്കര്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ ഇന്ത്യയുടെ ബഹുസ്വരതയേയും അവയുടെ നിഷേധത്തില്‍ ഉണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെയും തെന്നിന്ത്യന്‍ കാഴ്ചകളാണ് ഈ അധ്യായങ്ങളില്‍ നാം കാണുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലൂടെയും അവ മുന്നോട്ട് വെച്ച ആശയങ്ങളിലൂടെയും വികസിക്കപ്പെടുന്ന ഈ ഭാഗം ദ്രാവിഡ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഹിന്ദി ഭാഷയ്ക്ക് എതിരായ പ്രക്ഷോഭങ്ങളിലൂടെ ദ്രാവിഡ രാഷ്ട്രം ഇന്ന് അതിന്റെ അസ്തിത്വത്തിനെ നിലനിര്‍ത്തുന്നത് എങ്ങനെയെല്ലാമാണ് എന്നതിന്റെ സൂക്ഷ്മ രാഷ്ട്രീയമാണ് അവസാന ലേഖനം.
എന്‍.കെ. ഭൂപേഷ്
ഭൂപേഷിന്റെ ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിരവധി സംഘര്‍ഷങ്ങളുടെയും ചോദ്യങ്ങളുടെയും മുന്‍പിലാണ് നാം എത്തിച്ചേരുന്നത്. എന്നാല്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ ഉള്ളില്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര സമരങ്ങളെയും അവയ്‌ക്കെതിരായ പ്രക്ഷോഭങ്ങളെയുമെല്ലാം കോര്‍ത്തിണക്കിയ ഈ പുസ്തകം മറ്റ് ചില വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.
രാഷ്ട്രീയ പ്രശ്‌നങ്ങള്‍ എന്ന നിലയിലാണ് ഇതിലുള്‍പ്പെടുത്തിയ സംഭവങ്ങളെ സമീപിച്ചിട്ടുള്ളത് എന്ന് ഭൂപേഷ് ആമുഖത്തില്‍ പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങള്‍ മറ്റൊരു വലിയ ഒഴിവാക്കലിന് വഴിവെച്ചു എന്ന് തോന്നുന്നു. മുഖ്യധാരാ രാഷ്ട്രീയ സമരങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ച ഭൂപേഷിന്റെ പുസ്തകം ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്ത് ദീര്‍ഘകാലമായി നീതിയ്ക്കായി സമരം നടത്തുന്ന ആദിവാസി, ദളിത്, മത-ലൈംഗീക ന്യൂനപക്ഷങ്ങളുടെ അവകാശപ്പോരാട്ടങ്ങളില്‍ ഒന്നിനെയും ആഭ്യന്തര വിഷയമായി കണക്കാക്കിയിട്ടില്ല എന്ന വിമര്‍ശനം നേരിടുന്നുണ്ട്. അതോടൊപ്പം ആഭ്യന്തര കലാപങ്ങള്‍ എന്ന നിലയില്‍ പുസ്തകത്തില്‍ വികസിക്കപ്പെടുന്ന സംഭവങ്ങളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ള അക്കാദമിക പഠനങ്ങളുമായി വിമര്‍ശനപരമായോ സൗഹൃദപരമായോ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനു ഭൂപേഷിന്റെ എല്ലാ ലേഖനങ്ങള്‍ക്കും സാധിച്ചോ എന്ന കാര്യത്തില്‍ അത്ര ഉറപ്പില്ല. പ്രത്യേകിച്ച് തെന്നിന്ത്യന്‍ വിഷയങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ സ്വീകരിച്ച അക്കാദമിക മുറുക്കം തെലുങ്കാന, നക്‌സല്‍ പ്രസ്ഥാനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല. എന്തായാലും മലയാളി വായനക്കാര്‍ക്കും ഗവേഷകര്‍ക്കും മുന്‍പില്‍ പുതിയ ഒരു ഇന്ത്യയെ കാട്ടികൊടുക്കുന്നതിനു ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. നാം ജീവിക്കുന്ന രാജ്യത്തിന്റെ വര്‍ത്തമാനകാല അവസ്ഥ എത്ര ഭീകരമാണെന്നും ഇന്നത്തെ ഭരണകൂടത്തിനെ കുറിച്ചുള്ള ഒരു തിരിച്ചറിവും ഈ പുസ്തകം നിര്‍മ്മിക്കുന്നുണ്ട്. ഈ പുസ്തകം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കും എന്നതിന് സംശയമില്ല.