മോഹന്‍ലാലിനോട് എന്തുകൊണ്ട് ആര്‍എസ്എസ് ശത്രുത? Watch
ഒരിക്കല്‍ മിത്രമാണെന്ന് കരുതിയിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ ഇപ്പോള്‍ കൊടിയ ശത്രുക്കളുടെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ് സംഘപരിവാര്‍. എമ്പുരാന്‍ വിവാദത്തിന് ശേഷം ഗള്‍ഫ് മാധ്യമത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത മോഹന്‍ലാലിനെ രാജ്യവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് മുഖമാസിക ഓര്‍ഗനൈസര്‍ നടത്തിയത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ ക്ഷണമുണ്ടായിട്ടും പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയിലും പങ്കെടുത്തില്ല. എമ്പുരാനില്‍ ഗുജറാത്ത് കലാപം വിഷയമാക്കിയതില്‍ കടുത്ത പക. ഒടുവില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഗള്‍ഫ് മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തു. മോഹന്‍ലാലിനോടുള്ള സംഘപരിവാര്‍ വിരോധത്തിന്റെ നാള്‍വഴികളാണ് ഇത്. മലയാളത്തിന്റെ സൂപ്പര്‍താരത്തെ സംഘപരിവാര്‍ ലക്ഷ്യമിട്ടു തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് കരുതിയിരുന്ന മോഹന്‍ലാലിനെ അടുത്തിടെയുണ്ടായ ചില സംഭവങ്ങളോടെ അവര്‍ പൂര്‍ണ്ണമായും കൈവിട്ടിരിക്കുകയാണ്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയിലേക്ക് ക്ഷണിച്ചിട്ടും ലാലേട്ടന്‍ പോകാത്തതില്‍ അവര്‍ക്ക് ചെറിയ വിഷമമുണ്ടായിരുന്നു. അതിന് ശേഷം പൊതുതെരഞ്ഞെടുപ്പ് നടന്നു. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് മോഹന്‍ലാലിനെ വിളിച്ചിരുന്നു. പക്ഷേ അതിലും അദ്ദേഹം പങ്കെടുത്തില്ല. ആ സംഭവത്തിന് ശേഷവും മോഹന്‍ലാല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളാണെന്ന്, സഹയാത്രികനാണെന്ന് അവര്‍ വിശ്വസിച്ചു. സംഘപരിവാര്‍ ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന പരിപാടികളില്‍ മോഹന്‍ലാല്‍ തുടര്‍ച്ചയായി പങ്കെടുത്തതും മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റിന്റെ തലപ്പത്തുള്ളവരില്‍ ഭൂരിഭാഗം പേരും ആര്‍എസ്എസ് നേതൃത്വത്തിലുള്ളവരാണെന്നതും അവരുടെ വിശ്വാസം വളര്‍ത്തിയെന്നതാണ് സത്യം. പൊതുവില്‍ സംഘപരിവാറിനോട് ചേര്‍ന്ന് നീങ്ങുന്നയാള്‍ എന്ന ധാരണ അത് സമൂഹത്തിലുണ്ടാക്കിയിരുന്നു. എന്നാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പകരം അബ്രാം ഖുറേഷിയായി ലാല്‍ അവതരിച്ച, ഗുജറാത്ത് കലാപം പശ്ചാത്തലമാക്കിയ എമ്പുരാന്‍ പുറത്തുവന്നതോടെ സാഹചര്യങ്ങള്‍ മൊത്തം മാറി.
പിന്നീട് ഒന്ന് ഒതുങ്ങിയെങ്കിലു ആ കലി ഇതുവരെ അടങ്ങിയിട്ടില്ലെന്നതാണ് ഗള്‍ഫ് മാധ്യമത്തിന്റെ പുരസ്‌കാരം സ്വീകരിച്ച മോഹന്‍ലാലിനെതിരെ ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസര്‍ എഴുതിയ ലേഖനവും ലാലിനെതിരെ തുടരുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണവും വ്യക്തമാക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിന്റെ കവര്‍ ഫോട്ടോ മാറ്റിയതിന് പിന്നാലെ തുടങ്ങി സൈബര്‍ ആക്രമണം. ഭീകരതക്കെതിരെ സൈന്യവും സര്‍ക്കാരും നടത്തിയ നീക്കങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച പോസ്റ്റില്‍ വിദ്വേഷ കമന്റുകള്‍ കുമിഞ്ഞുകൂടി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന വെടിവെച്ചിടുന്നത് ഖുറേഷിയുടെ ടീമിനെയാണെന്ന് കമന്റുകള്‍ വന്നു. മോഹന്‍ലാല്‍ യുദ്ധത്തിന് ഇറങ്ങണമെന്ന് ആവശ്യമുയര്‍ന്നു. ഗള്‍ഫ് മാധ്യമത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനെതിരെ ഓര്‍ഗനൈസര്‍ ലേഖനം എഴുതി. ഇന്ത്യാ-പാക് സംഘര്‍ഷം നടക്കുമ്പോള്‍ ജമാ അത്തേ ഇസ്ലാമി പ്രസിദ്ധീകരണത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രകോപനം. മോഹന്‍ലാല്‍ ലഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന വ്യക്തിയാണെന്നും പണം കിട്ടിയാല്‍ പാകിസ്ഥാനില്‍ പോകുമോയെന്നും ഓര്‍ഗനൈസര്‍ ചോദിച്ചു. പിന്നീട് പിന്‍വലിച്ചെങ്കിലും ഈ ലേഖനത്തില്‍ മോഹന്‍ലാലിന്റെ സൈനിക പദവി തിരിച്ചെടുക്കണമെന്ന ആവശ്യവും ഉണ്ടായിരുന്നു.
എമ്പുരാന്‍ സിനിമയുടെ റിലീസ് നാളുകളില്‍ കടുത്ത വിദ്വേഷ കമന്റുകളാണ് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിറഞ്ഞൊഴുകിയത്. എമ്പുരാന്റെ കഥ പൂര്‍ണ്ണമായും കേള്‍ക്കാതെയാണ് അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിച്ചതെന്ന് മേജര്‍ രവിയെപ്പോലെയുള്ള ബിജെപി സഹയാത്രികരായ ചലച്ചിത്രപ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും സൈബര്‍ ആക്രമണത്തിന് കുറവൊന്നും ഉണ്ടായില്ല. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ എമ്പുരാന്‍ സംഘപരിവാരത്തെ കുറച്ചൊന്നുമല്ല പൊള്ളിച്ചത്. പിന്നീട് അണിയറ പ്രവര്‍ത്തകര്‍ തന്നെ മുന്‍കയ്യെടുത്ത് ചിത്രത്തില്‍ ചില ഭാഗങ്ങള്‍ വെട്ടിമാറ്റുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തെങ്കിലും സംഘപരിവാര്‍ കലിയടങ്ങിയില്ല. ഓര്‍ഗനൈസര്‍ ഇരുപതിലേറെ ലേഖനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കിടെ എമ്പുരാനെതിരെ പ്രസിദ്ധീകരിച്ചു. മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലനുമൊക്കെ വില്ലന്‍മാരായി ചിത്രീകരിക്കപ്പെട്ടു. പൃഥ്വിരാജ് തീവ്രവാദ ആശയങ്ങളുടെ വക്താവാണെന്ന് തീറെഴുതപ്പെട്ടു. മോഹന്‍ലാലിന്റെ സൈനിക പദവി തിരിച്ചെടുക്കണമെന്ന് ആ സമയത്ത് ഓര്‍ഗനൈസര്‍ ആവശ്യപ്പെട്ടിരുന്നതാണ്.
ഇപ്പോള്‍ ലാലേട്ടന്‍ സംഘപരിവാര്‍ അണികള്‍ക്ക് ഹലാലേട്ടനാണ്. അദ്ദേഹത്തിന്റെ സൈനിക പദവി ഉടന്‍ തന്നെ സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍. 2010ല്‍ ഗ്രാന്റ് കേരള ഫെസ്റ്റിവലില്‍ സൈനിക വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിനെ അവര്‍ മറന്നിട്ടില്ല. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി പദവി വഹിക്കുന്ന മോഹന്‍ലാലിനെ അവര്‍ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. സംഘപരിവാറിന് അദ്ദേഹം മാതൃരാജ്യത്തെ ശത്രുവായി മാറിയിരിക്കുന്നു.