പൃഥ്വിരാജിനെ സംഘപരിവാര്‍ ഉന്നമിടുന്നതിന് കാരണം | Empuran | Prithviraj Sukumaran

എമ്പുരാന്‍ റിലീസ് ചെയ്തത് മാര്‍ച്ച് 27നാണ്, സിനിമ റിലീസ് ചെയ്ത് ഒരാഴ്ച തികയും മുമ്പ് ഇന്ത്യയിലെ സംഘപരിവാറിന്റെ മുഖപത്രം ഓര്‍ഗനൈസര്‍ പൃഥ്വിരാജിനെ ഉന്നമിട്ട് പ്രസിദ്ധീകരിച്ചത് 9 ലേഖനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് കൃത്യമായ സാമ്യമുള്ള കഥാപാത്രത്തെ വില്ലനാക്കി വിദേശസഹായത്തോടെ വെടിവച്ച് കൊല്ലാന്‍ ശ്രമിക്കുന്ന സിനിമ, ആഭ്യന്തരമന്ത്രി അമിത് ഷായെയും അജിത് ഡോവലിനെയും വകവരുത്താന്‍ ഗൂഢാലോചന നടത്തുന്നതായി ചിത്രീകരിക്കുന്ന സിനിമ, രാജ്യത്തിനെതിരെയും രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികളെയും അപമാനിക്കുന്ന സിനിമ, ഹിന്ദുവിനെ ഒന്നാകെ വില്ലന്‍മാരാക്കിയ സിനിമ തുടങ്ങിയ ദുര്‍വ്യാഖ്യാനങ്ങളും വിചിത്രവാദങ്ങളുമടങ്ങുന്നവയാണ് ഈ ലേഖനങ്ങളിലേറെയും.

എമ്പുരാന്‍ മോഹന്‍ലാല്‍ നായകനായ സിനിമയാണ്, മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം, മലയാളത്തിലെ അതിവേഗ 200 കോടി ചിത്രം. സല്‍മാന്‍ ഖാന്‍ നായകനായ സിക്കന്ദര്‍ എന്ന ഈദ് റിലീസിനെ പോലും കളക്ഷനില്‍ പിന്നിലാക്കി വിജയക്കുതിപ്പ് നടത്തിയ ചിത്രം.

ലോക്‌സഭയിലും രാജ്യസഭയിലുമടക്കം രാജ്യത്തെ രാഷ്ട്രീയ സാമൂഹിക പരിസരങ്ങളില്‍ ഒരാഴ്ചയിലേറെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വലിയ ചര്‍ച്ചയായ സിനിമ. പക്ഷേ ഈ സിനിമക്കെതിരെ അസഹിഷ്ണുതയുടെ സര്‍വരൂപങ്ങളും പ്രയോഗിക്കുന്ന സംഘപരിവാര്‍ എല്ലാ നിലക്കും ഉന്നമിട്ടത് പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെയും സംവിധായകനെയുമാണ്. സംഘപരിവാറിനും ബിജെപിക്കും രാജ്യത്തെ ഹിന്ദുത്വശക്തികള്‍ക്കും എമ്പുരാനില്‍ തുടങ്ങിയതല്ല പൃഥ്വിരാജിനോടുള്ള വിരോധം. അവരുടെ കണ്ണില്‍ രാജ്യദ്രോഹിയും രാജ്യവിരുദ്ധ നിലപാടുകളുള്ളയാളും ഹിന്ദുവിരുദ്ധനും ദേശവിരുദ്ധ നിലപാടുകള്‍ പല കാലങ്ങളില്‍ ആവര്‍ത്തിക്കുന്നയാളുമാണ് പൃഥ്വിരാജ് സുകുമാരന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന 2019ല്‍ മലയാളത്തിലെ സിനിമാ താരങ്ങളും ആ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ്, പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രതികരിച്ചു. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. റെവല്യൂഷന്‍ ഇസ് ഹോം ഗ്രോണ്‍, ഓള്‍വേയ്‌സ് എന്ന് പൃഥ്വിരാജ് കുറിച്ചു. റൈസ് എന്ന ഹാഷ്ടാഗോടെ, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമായി പ്രഖ്യാപിക്കുന്നതായിരുന്നു ആ പോസ്റ്റ്. പൃഥ്വിരാജിന്റെ കൂറ് നിയമവിരുദ്ധമായി ഇവിടെ താമസിക്കുന്നവരോടാണോ അതോ നിയമപരമായി അഭയം തേടിയവര്‍ക്ക് പൗരത്വം നല്‍കാന്‍ നീക്കം നടത്തുന്ന സര്‍ക്കാരിനോടാണോ എന്ന് വ്യക്തമാക്കണമെന്നായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ അന്ന് പ്രതികരിച്ചത്. പൃഥ്വിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്‌സുകളില്‍ പിന്നീട് സംഘപരിവാര്‍ അണികള്‍ ചീത്തവിളികളുമായെത്തി. വന്‍ സൈബര്‍ ആക്രമണമായിരുന്നു അന്ന് താരം നേരിട്ടത്. അന്ന് മുതലാണ് പൃഥ്വിരാജ് സംഘപരിവാറിന്റയും ബിജെപി സര്‍ക്കാരിന്റയും കണ്ണിലെ കരടാകുന്നത്.

2021ല്‍ സേവ് ലക്ഷദ്വീപ് പ്രക്ഷോഭത്തിന് അനുകൂലമായി പൃഥ്വിരാജ് അഭിപ്രായം പറഞ്ഞത് സംഘപരിവാറിനെ പ്രകോപിതരാക്കി. നിയമങ്ങളും പരിഷ്‌കാരങ്ങളും ഭേദഗതികളും ഭൂമിക്കു വേണ്ടി മാത്രമാവരുതെന്നും അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാവണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് എഴുതി. ഒരു രാജ്യത്തെ നിര്‍ണ്ണയിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അവരുടെ ജീവിതരീതിയെ തകര്‍ത്തുകൊണ്ട് വികസനം നടപ്പാക്കുകയെന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് പൃഥ്വിരാജ് ചോദിച്ചു.

2022ല്‍ ജനഗണമന എന്ന സിനിമ പുറത്തുവന്നപ്പോള്‍ അതിലെ ചില പരാമര്‍ശങ്ങളും ഡയലോഗുകളും സംഘപരിവാറിനെ ചൊടിപ്പിച്ചു. പൃഥ്വിരാജ് തന്നെ നിര്‍മിച്ച ഈ ചിത്രത്തിലെ കോടതി സീന്‍ ഡയലോഗുകള്‍ അന്ന് തന്നെ വിവാദമായി മാറി. പ്രകോപനകരമെന്നാണ് ആര്‍എസ്എസ് മുഖമാസിക ഓര്‍ഗനൈസര്‍ ആ ഡയലോഗുകളെ ഇന്ന് വിശേഷിപ്പിക്കുന്നത്.

വാരിയംകുന്നനില്‍ നായകനാകാന്‍ പൃഥ്വിരാജ് എടുത്ത തീരുമാനവും സംഘപരിവാര്‍ വിവാദമാക്കി മാറ്റി. മലബാര്‍ കലാപം സിനിമയാക്കാനുള്ള ശ്രമത്തിനെതിരെ തുടക്കത്തില്‍ തന്നെ സംഘപരിവാര്‍ തടസമുന്നയിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന കഥാപാത്രമാകുമെന്ന പ്രഖ്യാപനത്തില്‍ പൃഥ്വിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ സംഘപരിവാര്‍ അണികള്‍ വിദ്വേഷം ഒഴുക്കി. പിന്നീട് പൃഥ്വിരാജ് ആ ചിത്രത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും വിഷയം ഏറെക്കാലം ചര്‍ച്ചയില്‍ നിന്നിരുന്നു.

ഒടുവില്‍ ഗോധ്രയും ഗുജറാത്ത് കലാപവും പരാമര്‍ശിച്ച എമ്പുരാനെതിരെയും സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും മുടക്കുമുതലുള്ള കമേഴ്‌സ്യല്‍ ചിത്രത്തില്‍ രാഷ്ട്രീയം പറയാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ എന്ന പേര് പൃഥ്വിക്ക് ലഭിച്ചെങ്കിലും അയാളെ രാജ്യവിരുദ്ധനും തീവ്രവാദ ആശയങ്ങളെ പിന്തുണയ്ക്കുന്നയാളുമായി ചിത്രീകരിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓര്‍ഗനൈസര്‍ ലേഖനങ്ങളിലെല്ലാം തന്നെ പൃഥ്വിരാജ് ദേശവിരുദ്ധനാണ്. സിനിമയുടെ ആദ്യ അര മണിക്കൂറില്‍ ഗുജറാത്ത് കലാപത്തിന്റെ ഇരകളായവരെക്കുറിച്ച് പറഞ്ഞുകൊണ്ട്, അവര്‍ നേരിട്ട ക്രൂരതകള്‍ ചിത്രീകരിച്ചുകൊണ്ട്, ബാബു ബജ്രംഗിമാരുടെ പേരുകള്‍ വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് അയാള്‍ നടത്തിയത് ചെറുതല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ അതിനെ എതിര്‍ക്കാനും സംവിധായകനെ ദേശദ്രോഹിയാക്കാനും കലാപത്തെ പിന്തുണച്ചവര്‍ മുന്നിലുണ്ടായിരുന്നു.

മോഹന്‍ലാലും മുരളി ഗോപിയുമൊക്കെ വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും പൃഥ്വിരാജ് ഒരു പടി മേലെ വിമര്‍ശിക്കപ്പെടുന്നു, സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിന് വിധേയനാക്കപ്പെടുന്നു. സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടാകുന്നതും അതില്‍ അഭിപ്രായമുണ്ടാകുന്നതുമാണ് അവര്‍ക്ക് പൃഥ്വിരാജില്‍ കാണാന്‍ കഴിയുന്ന കുറ്റം. ജീവിതത്തിലും സിനിമയിലും സ്വന്തം നിലപാടും രാഷ്ട്രീയവും വിളിച്ചു പറയുന്നുവെന്നതാണ് അയാള്‍ക്കെതിരെ അവര്‍ക്ക് സമര്‍പ്പിക്കാനുള്ള കുറ്റപത്രം.

Related Stories

No stories found.
logo
The Cue
www.thecue.in