കേണല്‍ സോഫിയ ഖുറേഷിയുടെ മതം തിരഞ്ഞ മന്ത്രിയുടെ രാജ്യസ്‌നേഹം

കേണല്‍ സോഫിയ ഖുറേഷിക്ക് പുതിയ ഒരു പട്ടം ചാര്‍ത്തിക്കിട്ടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ രാജ്യത്തെ ജനങ്ങളെ അറിയിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥയായ അവരെ ഭീകരരുടെ സഹോദരിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി മന്ത്രിയായ വിജയ് ഷാ. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച അവരോട് നമ്മള്‍ അവരുടെ സഹോദരിയെ തന്നെ അയച്ച് പ്രതികാരം ചെയ്തിരിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. നമ്മുടെ ഹിന്ദു സഹോദരങ്ങളെ വസ്ത്രമുരിഞ്ഞ് നോക്കിയാണ് അവര്‍ കൊന്നത്.

അവരുടെ വീടുകളിലെത്തി അവരെ ഇല്ലാതാക്കാന്‍ അവരുടെ സഹോദരിയെ യുദ്ധവിമാനത്തില്‍ കയറ്റിവിടുകയാണ് മോദിജി ചെയ്തത്. നമ്മുടെ സഹോദരികളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാന്‍ അവരുടെ സമുദായത്തില്‍ നിന്ന് അവരുടെ സഹോദരിയെ അയക്കുകയാണ് മോദിജി ചെയ്തതെന്നും മന്ത്രി ഇന്ദോറില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ച മൂന്ന് പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തേ രാജ്യദ്രോഹിയായി മാറിയിരുന്നു.

വെടിനിര്‍ത്തല്‍ മാധ്യമങ്ങളെ അറിയിച്ചതോടെയാണ് അദ്ദേഹം രാജ്യദ്രോഹിയും പാക് അനുകൂലിയുമായി മാറിയത്. സംഘപരിവാര്‍ അണികളാണ് മിസ്രിയെ രാജ്യദ്രോഹിയാക്കിയതെങ്കില്‍ ബിജെപി മന്ത്രി തന്നെയാണ് കേണല്‍ ഖുറേഷിയെ ഭീകരരുടെ സഹോദരിയാക്കി മാറ്റിയിരിക്കുന്നത്. രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള അവകാശം ആര്‍ക്കും നല്‍കിയതായി കേട്ടിട്ടില്ല. യുദ്ധസാഹചര്യം മാറിയതുകൊണ്ട് ഇനി ഇങ്ങനെയൊക്കെ കാണേണ്ടിവരും.

Related Stories

No stories found.
logo
The Cue
www.thecue.in