മൂന്നാം ബഹിരാകാശ ദൗത്യത്തിലെ സുനിത വില്യംസ് | Sunita Williams

Summary

എട്ട് ദിവസത്തെ ദൗത്യവുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തി ഒന്‍പത് മാസത്തോളം അവിടെ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങുകയാണ്. നാസയുടെ രണ്ട് ബഹിരാകാശ ദൗത്യങ്ങളില്‍ ഭാഗമായ ആസ്‌ട്രോനോട്ട്, ബോയിംഗ് സ്റ്റാര്‍ലൈനര്‍ മിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട വെറ്ററന്‍, ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ചെലവഴിച്ച രണ്ടാമത്തെ വനിത, സ്‌പേസ് വോക്കില്‍ റെക്കോര്‍ഡ് നേടിയ വനിതാ ബഹിരാകാശ സഞ്ചാരി, മൂന്നു തവണ ബഹിരാകാശ ദൗത്യം നടത്തിയ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ആരാണ്. ബഹിരാകാശ സഞ്ചാരിയായി സുനിത തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെയാണ്?

നാസയുടെ ആസ്‌ട്രോനോട്ട് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ യുഎസ്എസ് സായ്പാന്‍ എന്ന വിമാനവാഹിനിക്കപ്പലില്‍ അസിസ്റ്റന്റ് എയര്‍ ബോസ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു സുനിത വില്യംസ്. 1998ലായിരുന്നു ആ സംഭവം. യുഎസ് നേവിയുടെ ടെസ്റ്റ് പൈലറ്റും പിന്നീട് 30ലേറെ എയര്‍ക്രാഫ്റ്റുകള്‍ പറത്താന്‍ പരിശീലനം ലഭിക്കുകയും അവയില്‍ ട്രെയിനിംഗ് കൊടുക്കുകയും ചെയ്യുന്ന ടെസ്റ്റ് പൈലറ്റ് ഇന്‍സ്ട്രക്ടറുമായിരുന്നു അവര്‍.

ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ നിയോഗിക്കപ്പെട്ട ചരിത്രമുണ്ട് സുനിതയ്ക്ക്. യുദ്ധത്തിന്റെ ഫലമായി അഭയാര്‍ത്ഥികളായി മാറിയ കുര്‍ദിഷ് വംശജര്‍ക്ക് സഹായം നല്‍കുന്നതിനായി നടത്തിയ ഓപ്പറേഷന്‍ പ്രൊവൈഡ് കംഫര്‍ട്ടിലാണ് സുനിത പങ്കെടുത്തത്.

കുര്‍ദിസ്താന്‍ മേഖല വ്യോമ നിരോധിതമാക്കാന്‍ അമേരിക്കയും സഖ്യസേനകളും നടത്തിയ ഓപ്പറേഷനിലും സുനിത പങ്കാളിയായി. 1992ല്‍ ആന്‍ഡ്രൂ ചുഴലിക്കാറ്റ് വീശിയടിച്ച മയാമി, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ നടന്ന രക്ഷാ ദൗത്യത്തില്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയി അവര്‍ നിയോഗിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വംശജനായ ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയന്‍ വംശജയായ ബോണി പാണ്ഡ്യയുടെയും മകള്‍. 1983ല്‍ യുഎസ് നേവല്‍ അക്കാഡമിയില്‍ ചേര്‍ന്ന സുനിത 1987ല്‍ അവിടെനിന്ന് ഫിസിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ഫ്‌ളോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും നേടി.

1993ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളിലേക്ക് സുനിത തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെ നിന്ന് ലഭിച്ച പരിശീലനത്തിന് പിന്നാലെ റോട്ടറി വിംഗ് എയര്‍ക്രാഫ്റ്റ് ടെസ്റ്റ് ഡയറക്ടറേറ്റിലേക്ക് പ്രൊജക്ട് ഓഫീസറായി നിയമിതയായി. 1995ല്‍ നേവല്‍ ടെസ്റ്റ് പൈലറ്റ് സ്‌കൂളിലേക്ക് ഇന്‍സ്ട്രക്ടറായി തിരികെയെത്തുന്നു. അവിടെ നിന്ന് യുഎസ്എസ് സായ്പാന്‍ എന്ന വിമാനവാഹിനിയില്‍ അസിസ്റ്റന്റ് എയര്‍ ബോസ് ആയി നിയമിതയാകുന്നു. ഇക്കാലയളവില്‍ 30 വ്യത്യസ്ത എയര്‍ക്രാഫ്റ്റുകളിലായി 3000ലേറെ മണിക്കൂറുകളുടെ ഫ്‌ളൈറ്റ് അവര്‍ പൂര്‍ത്തിയാക്കിയിരുന്നു. യുഎസ്എസ് സായ്പാനില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് സുനിത ആസ്‌ട്രോനോട്ട് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

1998 ജൂണിലായിരുന്നു സുനിതയുടെ ഭാവി തന്നെ മാറ്റിമറിച്ച ആ സംഭവം. അതേ വര്‍ഷം ഓഗസ്റ്റില്‍ പരിശീലനം ആരംഭിച്ചു. പരിശീലനം അല്‍പം കടുത്തതായിരുന്നു. സ്‌പേസ് ഷട്ടില്‍, ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ ട്രെയിനിംഗ്, വെള്ളത്തിലും വനത്തിലും പെട്ടാല്‍ അതിജീവിക്കാനുള്ള പരിശീലനം, കടുത്ത ശാരീരിക പരിശീലനങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. അവയെല്ലാം സുനുത വിജയകരമായി പൂര്‍ത്തിയാക്കി. അതിന് ശേഷം റഷ്യന്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസില്‍ പരിശീലനം നടത്തി. ഒന്‍പത് ദിവസം വെള്ളത്തിനടിയില്‍ കഴിഞ്ഞു കൂടുന്ന പരിശീലനം ഉള്‍പ്പെടെ ഇവിടെ നിന്ന് നേടി. തുടര്‍ന്നായിരുന്നു ആദ്യത്തെ ബഹിരാകാശ യാത്ര. കല്‍പന ചൗളയ്ക്ക് ശേഷം ബഹിരാകാശത്തേക്ക് കുതിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയെന്ന പേര് സ്വന്തമാക്കിക്കൊണ്ട് ബഹിരാകാശ നിലയത്തിലേക്ക്

2006 ഡിസംബര്‍ 9നായിരുന്നു അത്. എസ്ടിഎസ് 116 മിഷന്‍ എന്ന് അറിയപ്പെടുന്ന ആ ദൗത്യത്തില്‍ സ്‌പേസ് ഷട്ടില്‍ ഡിസ്‌കവറിയിലായിരുന്നു യാത്ര. 195 ദിവസങ്ങള്‍ നീണ്ട ആ ദൗത്യത്തില്‍ ഫ്‌ളൈറ്റ് എന്‍ജിനീയര്‍ ആയിരുന്നു അവര്‍. നാല് ബഹിരാകാശ നടത്തങ്ങള്‍ ആ ദൗത്യത്തില്‍ സുനിത നടത്തി. 29 മണിക്കൂറുകള്‍. ഇവ രണ്ടും അന്ന് റെക്കോര്‍ഡുകളായിരുന്നു. നിലയത്തിലെ ട്രെഡ് മില്ലില്‍ ഓടിക്കൊണ്ട് ബോസ്റ്റണ്‍ മാരത്തോണിലും അവര്‍ പങ്കെടുത്തു.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2012 ജൂലൈയിലായിരുന്നു സുനിത പങ്കാളിയായ രണ്ടാം ദൗത്യം നടന്നത്. അപ്പോഴേക്കും സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ നാസ അവസാനിപ്പിച്ചിരുന്നു. റഷ്യയുടെ സോയൂസ് പേടകത്തിലായിരുന്നു സുനിതയുടെ രണ്ടാം യാത്ര. 127 ദിവസങ്ങള്‍ നീണ്ട ദൗത്യത്തില്‍ അവര്‍ മൂന്ന് ബഹിരാകാശ നടത്തങ്ങള്‍ കൂടി ചെയ്തു. 21 മണിക്കൂറുകള്‍. രണ്ട് ദൗത്യങ്ങളിലായി 321 ദിവസങ്ങള്‍ ബഹിരാകാശ നിലയത്തില്‍ അവര്‍ പൂര്‍ത്തിയാക്കി. 2015ലാണ് നാസയുടെ കൊമേഴ്‌സ്യല്‍ ക്രൂ പ്രോഗ്രാമിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍, ബോയിംഗ് സ്റ്റാര്‍ലൈനര്‍ എന്നിവയടങ്ങുന്ന പ്രോജക്ടാണ് ഇത്. സ്റ്റാര്‍ലൈനറിന്റെ ആദ്യ ക്രൂ ദൗത്യത്തില്‍ പങ്കെടുത്തുകൊണ്ടാണ് സുനിത 2024 ജൂണ്‍ 5ന് വീണ്ടും ഐഎസ്എസില്‍ എത്തുന്നത്.

ബുച്ച് വില്‍മോറും സുനിതയും എത്തിയ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഹീലിയം ലീക്ക് കണ്ടെത്തിയതോടെ എട്ടു ദിവസത്തേക്ക് മാത്രം ഉദ്ദേശിച്ച ദൗത്യം നീണ്ടു. പേടകം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ച നാസ കഴിഞ്ഞ സെപ്റ്റംബറില്‍ അത് തിരികെയിറക്കി. അപ്രതീക്ഷിതമായി 9 മാസം സുനിതയ്ക്കും ബുച്ച് വില്‍മോറിനും ബഹിരാകാശത്ത് കഴിയേണ്ടി വന്നു. ഒടുവില്‍ മാര്‍ച്ച് 16ന് ബഹിരാകാശ നിലയത്തില്‍ ക്രൂ 10 മിഷനുമായി എത്തിച്ചേര്‍ന്ന സ്‌പേസ്എക്‌സ് ഡ്രാഗണ്‍ പേടകത്തില്‍ അവര്‍ മടങ്ങുന്നു. നാസയുടെ നിക്ക് ഹേഗ്, റോസ്‌കോസ്‌മോസ് കോസ്‌മോനോട്ട് ആയ അലക്‌സാന്‍ഡര്‍ ഗോര്‍ബുനോവ് എന്നിവരും ഇവര്‍ക്കൊപ്പം ഭൂമിയിലേക്ക് മടങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in