
കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബിനൊപ്പം. കൊല്‍ക്കത്തയെ നയിക്കുന്നത് അജിങ്ക്യ രഹാനെ. ലഖ്‌നൗ മുന്‍ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ഡല്‍ഹിയിലെത്തിയെങ്കിലും നയിക്കുക അക്ഷര്‍ പട്ടേല്‍. ഋഷഭ് പന്ത് ഇത്തവണ ലഖ്‌നൗവിന് ഒപ്പം. ആരൊക്കെയാണ് ഐപിഎലില്‍ കൂടുവിട്ട് കൂടുമാറിയ ക്യാപ്റ്റന്‍മാര്‍?
കഴിഞ്ഞ നവംബറില്‍ ദുബായില്‍ വെച്ച് ഐപിഎല്‍ ലേലം ആരംഭിക്കുമ്പോള്‍ അജിന്‍ക്യ രഹാനെയെ ആര്‍ക്കും വേണ്ടായിരുന്നു. 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 13 മാച്ചുകളില്‍ നിന്നായി 20.17 ആവറേജില്‍ 242 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. ലേലത്തിന്റെ അവസാന ഘട്ടത്തില്‍ കൊല്‍ക്കത്ത തന്നെ രഹാനെയെ വാങ്ങി. അടിസ്ഥാന വിലയായ വെറും ഒന്നര കോടിക്ക്. പക്ഷേ, രഹാനെയെ കൊല്‍ക്കത്ത അവതരിപ്പിക്കുന്നത് അവരുടെ ക്യാപ്റ്റനായാണ് എന്നതാണ് സര്‍പ്രൈസ്. സീസണിലെ ഏറ്റവും പ്രതിഫലം കുറഞ്ഞ ക്യാപ്റ്റന്‍ എന്നൊക്കെ വേണമെങ്കില്‍ പറയാം. കൊല്‍ക്കത്ത 23.75 കോടിക്ക് വീണ്ടും വാങ്ങിയ വെങ്കടേഷ് അയ്യരാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അങ്ങനെ സര്‍പ്രൈസുകള്‍ നിറഞ്ഞതാണ് ഈ സീസണിലെ ഐപിഎല്‍ ക്യാപ്റ്റന്‍മാരുടെ പട്ടിക.
ഡല്‍ഹി ക്യാപിറ്റല്‍സിലാണ് മറ്റൊരു സര്‍പ്രൈസ് ക്യാപ്റ്റന്‍ വന്നത്. പത്ത് ടീമുകളില്‍ ഏറ്റവും ഒടുവില്‍ ക്യാപ്റ്റനെ പ്രഖ്യാപിച്ചതും ഡല്‍ഹി തന്നെയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്ന കെ.എല്‍.രാഹുലിനെ ഡല്‍ഹി ഇത്തവണ 14 കോടി രൂപയ്ക്ക് വാങ്ങി. നേരത്തേ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായിരുന്ന ഫാഫ് ഡുപ്ലെസിയും ടീമിലുണ്ട്. എങ്കിലു അവസാന നിമിഷം ഇവരെ രണ്ടു പേരെയും ഒഴിവാക്കിക്കൊണ്ട് മറ്റൊരാളുടെ പേര് പ്രഖ്യാപിക്കപ്പെടുന്നു. അക്ഷര്‍ പട്ടേല്‍ എന്ന പേര്. ഏറ്റവും ഒടുവില്‍ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അക്ഷര്‍ പട്ടേലിന്റെ കളി മികവ് നമ്മള്‍ കണ്ടതാണ്. 2019 മുതല്‍ ഡല്‍ഹിക്കൊപ്പം അക്ഷര്‍ ഉണ്ട്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള ഒരു മാച്ചില്‍ ടീമിനെ നയിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് കപ്പ് നേടിക്കൊടുത്ത ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായാണ് എത്തുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ 5 ഇന്നിംഗ്‌സുകളില്‍ നിന്നായി 243 റണ്‍സുകള്‍ സമ്പാദിച്ചുകൊണ്ട് മികച്ച ഫോമിലാണ് ശ്രേയസ് അയ്യര്‍ ഐപിഎല്‍ കളിക്കാനെത്തുന്നത്. കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്തെങ്കിലും അവിടെ തനിക്ക് വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്ന പരിഭവം പറഞ്ഞുകൊണ്ടാണ് ഐപിഎലിന് മുന്‍പ് ശ്രേയസ് വാര്‍ത്തകളില്‍ നിറയുന്നതെന്നതും ശ്രദ്ധേയം. 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് വാങ്ങിയത്. ഈ ഐപിഎലിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിഫലത്തുകയാണ് ഇത്.
കെ.എല്‍.രാഹുല്‍ പോയ ഒഴിവില്‍ ലഖ്‌നൗവിനെ ഇത്തവണ നയിക്കാനെത്തുന്നത് ഋഷഭ് പന്താണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയിരിക്കുന്നത്. പന്തിനെ വാങ്ങിയെടുക്കാന്‍ ഡല്‍ഹി മത്സരിച്ചതോടെ ആദ്യം ഉറപ്പിച്ച 20.75 കോടിയില്‍ നിന്ന് 6.25 കോടി കൂടുതല്‍ നല്‍കാന്‍ ലഖ്‌നൗ തയ്യാറാവുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തുകയാണ് ഇത്. 2022 ഡിസംബറിലുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് കഴിഞ്ഞ ഐപിഎലിലാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായെത്തിയ പന്ത് സീസണില്‍ 446 റണ്‍സ് സ്‌കോര്‍ ചെയ്തു.
ഐപിഎലില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാത്ത ടീം എന്ന പേരുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ഇത്തവണ രജത് പട്ടീദാറാണ് നയിക്കുന്നത്. ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം ഇതേവരെ ട്വന്റി 20 മാച്ചുകളൊന്നും കളിക്കാത്ത താരം എന്ന പ്രത്യേകതയും ബംഗളൂരു ക്യാപ്റ്റനുണ്ട്. 20 ലക്ഷത്തില്‍ നിന്ന് 11 കോടി രൂപയിലേക്ക് തന്റെ മൂല്യം ഉയര്‍ത്താന്‍ രജതിന് ആയിട്ടുണ്ട്. വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, കെവിന്‍ പീറ്റേഴ്‌സണ്‍, അനില്‍ കുംബ്ലെ, ഡാനിയല്‍ വെറ്റോരി, ഷെയിന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലെസി തുടങ്ങിയവര്‍ മുന്‍കാലങ്ങളില്‍ നയിച്ച ടീമിനെയാണ് പുതുമുഖമായ രജത് നയിക്കാന്‍ ഒരുങ്ങുന്നത്.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെയും ഋതുരാജ് ഗെയ്ക്ക് വാദ് ചെന്നെ സൂപ്പര്‍ കിംഗ്‌സിനെയും ശുഭ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനെയും പാറ്റ് കമിന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും നയിക്കും.