സ്‌കൂൾ തുറന്നാൽ ഞങ്ങൾ എങ്ങോട്ടുപോകും?

നവംബർ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാനായി ഒരുങ്ങുകയാണ്. പക്ഷെ കടലാക്രമണവും തീരശോഷണവും മൂലം വീടും കിടപ്പാടവും നഷ്ടപ്പെട്ട ഒരുപറ്റം മനുഷ്യർ ഇപ്പോഴും സ്‌കൂളുകളിലെ അഭയാർത്ഥിക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. അവർക്ക് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം കടുത്ത ആശങ്കയുളവാക്കുന്നതാണ്.

തിരുവനന്തപുരത്തിന്റെ തീരദേശത്തോട് ചേർന്നുള്ള വലിയതുറ ജി.യു.പി.എസ്‌ സ്‌കൂളിൽ മാത്രം 16 കുടുബങ്ങൾ താമസിക്കുന്നുണ്ട്. കടലാക്രമണത്തിൽ വീട് തകർന്നവരാണ് ഭൂരിഭാഗവും. ലൈഫ് പദ്ധതി പ്രകാരം അവർക്ക് ഇനിയും വീട് ലഭിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച ധനസഹായമാകട്ടെ സ്വന്തമായി ഒരു വീട് വെക്കാൻ അവർക്ക് തികയുകയുമില്ല.

സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാനായി ഒരുങ്ങുമ്പോൾ, മൂന്നും നാലും വർഷമായി സ്കൂളിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ തങ്ങൾ മാറിപ്പോകേണ്ടിവരുമോ എന്ന ഭീതിയിലാണ്. അങ്ങനെ മാറിപ്പോകേണ്ടിവന്നാൽ, സ്വന്തമായി ഒരു വീട് പോലുമില്ലാത്ത തങ്ങളുടെ ജീവിതം വീണ്ടും ഇരുട്ടിലാകുമെന്നും ഒരു ദുരിതത്തിൽനിന്ന് മറ്റൊരു ദുരിതത്തിലേക്കുള്ള മാറ്റം മാത്രമായിരിക്കുമതെന്നും അവർ ആശങ്കപ്പെടുന്നു.

The Cue
www.thecue.in