അറസ്റ്റിലായ മന്ത്രിമാരെ നീക്കാനുള്ള ബില്ലിലൂടെ ലക്ഷ്യമിടുന്നത് എന്ത്?

അറസ്റ്റിലായി 30 ദിവസം ജയിലില്‍ കിടന്നാല്‍ മന്ത്രി സ്ഥാനം നഷ്ടമാകുന്ന വകുപ്പ്. നിയമം ബാധകമാകുന്നത് പ്രധാനമന്ത്രി മുതല്‍ സംസ്ഥാന മന്ത്രിമാര്‍ വരെയുള്ളവര്‍ക്ക്. അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളില്‍ അറസ്റ്റിലായാല്‍ രാജി നിര്‍ബന്ധം. ഇല്ലെങ്കില്‍ സ്ഥാനം പോകും. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത് ഒരു ഭരണഘടനാ ഭേദഗതിയാണ്.

ഒന്നില്‍ ചാരി മറ്റൊന്നിനെ അടിക്കുക എന്ന ഒരു പ്രയോഗമുണ്ട്. അതായത് നമുക്കൊരു ലക്ഷ്യമുണ്ട്. എന്നാല്‍ അതിനെ പ്രഹരിക്കുന്നത് നേരിട്ടായിരിക്കില്ല എന്ന്. അത്തരത്തില്‍ ഒന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ ഭരണഘടനാ ഭേദഗതിയെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാനാകും. അതായത് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലാവുകയും 30 ദിവസം ജയിലില്‍ റിമാന്‍ഡില്‍ അടക്കപ്പെടുകയും ചെയ്യപ്പെട്ടാല്‍ മന്ത്രിമാര്‍ക്ക് ആ സ്ഥാനം സ്വമേധയാ നഷ്ടമാകുന്ന വകുപ്പാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി മുതല്‍ സംസ്ഥാന മന്ത്രിമാര്‍ക്ക് വരെ ബാധകമാകുന്ന വിധത്തിലാണ് ഈ നിയമം വരുന്നതെന്നതാണ് അതിലെ ഏറ്റവും പ്രധാന വസ്തുത. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും അടക്കം ബാധകമായ ഒരു നിയമം വരുമ്പോള്‍ അതിന് നല്ല ഉദ്ദേശ്യം മാത്രമേയുള്ളുവെന്ന് രാഷ്ട്രീയമില്ലാത്തവരെന്ന് സ്വയം പ്രഖ്യാപിച്ചവര്‍ക്ക് തോന്നും. രാഷ്ട്രീയക്കാര്‍ക്ക് ഇടയിലെ അഴിമതിക്കാര്‍ അധികാരത്തില്‍ വരാതെ കാക്കാനും ഇനി അഥവാ അവര്‍ അധികാരത്തില്‍ എത്തിയാല്‍ തന്നെ അതിന് പരിഹാരം കാണാനും കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതിയെന്ന് തോന്നിക്കുന്ന ഒന്ന്. എന്നാല്‍ അത്ര നിഷ്‌കളങ്കമാണോ അത്? അല്ല അതെന്ന് പ്രതിപക്ഷം തിരിച്ചറിയുന്നുണ്ട്.

ജനപ്രതിനിധികള്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ അയോഗ്യരാക്കപ്പെടുന്നതിന് ശക്തമായ നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രണ്ട് വര്‍ഷത്തിന് മേല്‍ ശിക്ഷിക്കപ്പെട്ടാല്‍ ആ ശിക്ഷ വിധിക്കപ്പെട്ട ദിവസം മുതല്‍ ജനപ്രതിനിധിക്ക് അയോഗ്യത കല്‍പിക്കപ്പെടും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വിലക്കുണ്ടാകും. തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചപ്പോള്‍ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത് ഈ നിയമം അനുസരിച്ചാണ്. ലല്ലുപ്രസാദ് യാദവ്, ജയലളിത, ഉന്നാവ് ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എംപിയായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗാര്‍, മുസാഫര്‍നഗര്‍ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എ ആയിരുന്ന വിക്രം സിംഗ് സൈനി തുടങ്ങിയവര്‍ ഇങ്ങനെ അയോഗ്യരാക്കപ്പെട്ടവരാണ്. എന്നാല്‍ ഇവരെല്ലാവരും തന്നെ ശിക്ഷിക്കപ്പെട്ടതിന് ശേഷമാണ് അയോഗ്യരാക്കപ്പെട്ടതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതായത് കുറ്റവാളിയെന്ന് കോടതി കണ്ടെത്തുന്നത് വരെ അവര്‍ക്ക് നിയമം ചില ഇളവുകള്‍ അനുവദിച്ചിരുന്നു. അത് പൗരന് നമ്മുടെ നിയമ വ്യവസ്ഥ നല്‍കുന്ന ആനുകൂല്യമാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതിയില്‍ ഈ അവകാശം ജനപ്രതിനിധിക്ക് അഥവാ മന്ത്രിമാര്‍ക്ക് ലഭിക്കുന്നില്ല. അതായത് അറസ്റ്റ് ചെയ്യപ്പെട്ട്, റിമാന്‍ഡിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ മന്ത്രി സ്ഥാനം സ്വാഭാവികമായി ഇല്ലാതാകുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. അറസ്റ്റിലായാല്‍ രാജി വെക്കുക, അപ്രകാരം ചെയ്തില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ നിങ്ങളെ ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരിക്കും.

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളാണ് ഇങ്ങനെയൊരു ഭേദഗതിക്ക് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് തോന്നിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെയാണ് മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്രിവാള്‍ അഞ്ച് മാസം റിമാന്‍ഡില്‍ കഴിഞ്ഞത്. കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍, അത് രണ്ട് വര്‍ഷത്തിന് മേല്‍ ആയിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കെജ്രിവാളിനെ നീക്കം ചെയ്യാന്‍ സാധിക്കുമായിരുന്നു. റിമാന്‍ഡായതിനാല്‍ അതുണ്ടായില്ല. മാത്രമല്ല. കെജ്രിവാള്‍ രാജിവെച്ചതുമില്ല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഇത്തരം ഭേദഗതികള്‍ ജനപ്രാതിനിധ്യ നിയമത്തെ നിര്‍വീര്യമാക്കാനാണെന്ന വിമര്‍ശനം ഒരുവശത്ത് ഉയരുന്നുണ്ട്. എന്നാല്‍ അത് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ ലക്ഷ്യമിട്ടാണ് ഈ ഭേദഗതി കൊണ്ടുവരുന്നതെന്ന ശക്തമായ മറ്റൊരു വിമര്‍ശനവും പ്രതിപക്ഷം ഉയര്‍ത്തുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന വിമര്‍ശനത്തിനൊപ്പം ഇതിനെയും ചേര്‍ത്തു വായിക്കാം. അഞ്ച് വര്‍ഷം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളില്‍ മന്ത്രിമാരെ അറസ്റ്റ് ചെയ്യാനും അവരെ ഒരു മാസത്തിലേറെ റിമാന്‍ഡില്‍ ഇടാനും വളരെയെളുപ്പം സാധിക്കും, കെജ്രിവാള്‍ തന്നെ ഉദാഹരണം. അത്തരത്തില്‍ ഒരു അമിതാധികാര പ്രയോഗത്തിന് വഴിയൊരുക്കുന്ന നിയമ നിര്‍മാണമാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്ന വിമര്‍ശനം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ഇനി മറ്റൊരു കാര്യമുള്ളത്. ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടാല്‍ അവര്‍ക്ക് പഴയ സ്ഥാനത്ത് തിരികെ വരാനാകും എന്ന വ്യവസ്ഥ ഈ ബില്ലില്‍ ഉണ്ട് എന്നുള്ളതാണ്. ആര്‍ക്കൊക്കെ തിരിച്ചു വരാനാകും എന്നത് കണ്ടുതന്നെ അറിയണം.

Related Stories

No stories found.
logo
The Cue
www.thecue.in