
വിഭാവനം ചെയ്ത് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പല പ്രതിസന്ധികളെ തരണം ചെയ്താണ് വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് എത്തുന്നത്. ആരാണ് വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്?
പുരാതന കാലത്ത് തുറമുഖം എന്ന നിലയില്‍ പ്രസക്തിയുണ്ടായിരുന്ന ഒരു പ്രദേശം. ആയ് രാജവംശത്തിന്റെ കാലത്ത് പായക്കപ്പലുകള്‍ അടുത്തിരുന്ന ഇടം. പിന്നീട് കുലശേഖരന്‍മാരും ചോളന്‍മാരും യുദ്ധങ്ങള്‍ക്ക് കടല്‍ വഴി ആയുധം എത്തിച്ചിരുന്ന തുറമുഖം. അതായിരുന്നു പുരാതന ചരിത്രത്തില്‍ വിഴിഞ്ഞത്തിനുള്ള പ്രസക്തി. 1940കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരും വിഴിഞ്ഞത്ത് തുറമുഖം സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇന്ന് ആധുനിക കാലത്ത് കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ കടല്‍വ്യാപാര ഭൂപടത്തില്‍ പ്രത്യേക ഇടം നേടുന്ന തുറമുഖമായി മാറാന്‍ പോവുകയാണ് വിഴിഞ്ഞം. പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സിംഗപ്പൂര്‍, കൊളംബോ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയിലേക്കുള്ള മദര്‍ഷിപ്പുകളിലൂടെയുള്ള ചരക്ക് കൈമാറ്റം വിഴിഞ്ഞത്തേക്ക് കേന്ദ്രീകരിക്കപ്പെടും. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് വെറും 11 നോട്ടിക്കല്‍ മൈല്‍ മാത്രം ദൂരവും സ്വാഭാവികമായിത്തന്നെ 20 മീറ്ററിലേറെ ആഴവുമുള്ള തുറമുഖം മാരിടൈം ഭൂപടത്തില്‍ കേരളത്തിനുള്ള സ്ഥാനം ശക്തിപ്പെടുത്തും. കപ്പല്‍ ക്രൂ ചേഞ്ച്, ബങ്കറിംഗ് എന്ന് അറിയപ്പെടുന്ന ഇന്ധനം നിറയക്കല്‍ എന്നിവയിലൂടെ വരുമാനം ലഭിക്കാനുള്ള സാധ്യതകളും ഏറെയാണ്. ഒരു ആശയം എന്ന നിലയില്‍ നിന്ന് നിന്ന് പദ്ധതി പ്രാവര്‍ത്തികമാക്കപ്പെടുന്നതിലേക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് ഈ പദ്ധതിക്ക്.
സുരക്ഷാ അനുമതി നിഷേധിക്കപ്പെട്ടതു മുതല്‍ ടെന്‍ഡര്‍ നടപടികളിലുണ്ടായ വിവാദങ്ങള്‍ വരെ പദ്ധതി വൈകാന്‍ കാരണമായി. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ തുറമുഖ നിര്‍മാണത്തിന് ടെന്‍ഡര്‍ നേടിയ കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 2006ല്‍ അധികാരത്തില്‍ എത്തിയ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ തുറമുഖ നിര്‍മാണത്തിന് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നിക്ഷേപക സംഗമം നടത്തി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ലാന്‍കോ കമ്പനി കുറഞ്ഞ തുകയ്ക്ക് ടെന്‍ഡര്‍ നല്‍കുകയും ചെയ്തു. ആ ടെന്‍ഡറിന് അംഗീകാരം ലഭിച്ചെങ്കിലും ലാന്‍കോയ്ക്ക് ചൈനീസ് ബന്ധമുണ്ടെന്ന് ആരോപിച്ച് ടെന്‍ഡറില്‍ പങ്കെടുത്ത ചില കമ്പനികള്‍ കോടതിയെ സമീപിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് 2010 ഓഗസ്റ്റില്‍ തറക്കല്ലിട്ടത് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു. അതിന് മുന്‍പ് 2009ല്‍ ലോക ബാങ്ക് അനുബന്ധ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ സര്‍ക്കാര്‍ നിയോഗിക്കുകയും വിഴിഞ്ഞം സീപോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിക്കുകയും ചെയ്തിരുന്നു. ഐഎഫ്‌സിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലാന്‍ഡ് ലോര്‍ഡ് മോഡലില്‍ പദ്ധതി നടത്താന്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാര്‍ ഒരു ബില്യന്‍ ഡോളറിന് മേല്‍ തുക നിക്ഷേപിക്കുന്നതായിരുന്നു പദ്ധതി. വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യത്തിനായിരുന്നു ഇതനുസരിച്ച് നടന്ന ബിഡ്ഡിംഗില്‍ തുറമുഖത്തിന്റെ നടത്തിപ്പിന് കരാര്‍ ലഭിച്ചത്. തുടര്‍ന്ന് വെല്‍സ്പണ്‍ സര്‍ക്കാരിനോട് 480 കോടി രൂപ ഗ്രാന്റായി ആവശ്യപ്പെട്ടു. പബ്ലിക് പ്രൈവറ്റ് പാര്‍ട്‌നര്‍ഷിപ്പ് വ്യവസ്ഥകള്‍ അനുസരിച്ച് ലാഭകരമല്ലെന്ന് കണ്ടെത്തിയതിനാല്‍ വെല്‍സ്പണുമായുള്ള കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു.
ഇതോടെ തുറമുഖ പദ്ധതി തന്നെ ഇല്ലാതായെന്ന മട്ടിലായി കാര്യങ്ങള്‍. 2011ല്‍ അധികാരത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുറമുഖ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ 2013ല്‍ ക്ഷണിച്ചു. സുനാമിയും ഓഖിയും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ച പ്രദേശത്ത് തുറമുഖം നിര്‍മിക്കാന്‍ വന്‍കിട കമ്പനികള്‍ താല്‍പര്യം കാട്ടിയില്ല. വിഴിഞ്ഞം വന്നാല്‍ ഇന്ത്യയിലേക്കുള്ള ട്രാന്‍സ്ഷിപ്‌മെന്റ് ഇടപാടുകള്‍ കുറയുമെന്നതുകൊണ്ട് വിദേശ തുറമുഖങ്ങളുടെ സമ്മര്‍ദ്ദവും ഒരു കാരണമായിട്ടുണ്ടാകണം. ടെന്‍ഡര്‍ നല്‍കാന്‍ കമ്പനികളാരും തയ്യാറാകാത്തതിനെ തുടര്‍ന്ന് അദാനി പോര്‍ട്‌സുമായി മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയായ കെ.ബാബുവും ചര്‍ച്ചകള്‍ നടത്തുകയും 2015ല്‍ പദ്ധതി അദാനിക്ക് കൈമാറുകയും ചെയ്തു. പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കാനും അവിടെ നിര്‍മാണം നടത്താന്‍ അടക്കമുള്ള അനുമതി നല്‍കിയതിനെതിരെ ഇടതുപക്ഷം സമരം പ്രഖ്യാപിച്ചു. 6000 കോടിയുടെ അഴിമതിയാരോപണമാണ് അന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്. അദാനിക്ക് തുറമുഖ നിര്‍മാണത്തിന്റെ ചുമതല നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളിലും എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നുവെങ്കിലും അവിടെ നിന്നാണ് തുറമുഖ പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്. പിന്നീട് അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ അഴിമതി ആരോപണം ഉണ്ടെങ്കിലും കരാറില്‍ നിന്ന് പിന്‍മാറുന്നില്ലെന്ന് പ്രഖ്യാപിച്ചു. പിന്നീടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ തീരത്ത് പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. 2022ല്‍ തുറമുഖ നിര്‍മാണം മൂലം മാറ്റി പാര്‍പ്പിക്കേണ്ടി വരുന്നവരുടെ പ്രതിസന്ധിയും മത്സ്യ ലഭ്യത ഇല്ലാതാകുന്നതും ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികള്‍ സമരം ആരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സമരം മാസങ്ങളോളം നീണ്ടു. തുറമുഖ നിര്‍മാണം മൂലം കടല്‍ തീരമെടുക്കുകയാണെന്നും മീനുകള്‍ കാണപ്പെടുന്ന പാരുകള്‍ ഇല്ലാതായെന്നും മുതലപ്പൊഴിയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമായി. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പിന്നീട് സമരം ഒത്തുതീര്‍പ്പായി.
ഒടുവില്‍ 2023 ഒക്ടോബര്‍ 12ന് വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി. കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള ക്രെയിനുകളുമായി ചൈനയില്‍ നിന്നെത്തിയ ഷെന്‍ഹുവ എന്ന കപ്പല്‍. ക്രെയിനുകള്‍ സജ്ജമാക്കിയതിന് ശേഷം ഈ വര്‍ഷം ഏപ്രില്‍ ആദ്യവാരം വരെ 246 കപ്പലുകള്‍ ഇവിടെ എത്തിക്കഴിഞ്ഞു. അവയില്‍ നിന്നായി അഞ്ച് ലക്ഷത്തിലേറെ ടിഇയു കണ്ടെയ്‌നര്‍ നീക്കവും നടന്നു. 2024 ജൂലൈയില്‍ ട്രയല്‍ ഓപ്പറേഷനും ഡിസംബറില്‍ കമേഴ്‌സ്യല്‍ ഓപ്പറേഷനും തുടങ്ങിയതിന് ശേഷമുള്ള കണക്കാണ് ഇത്. വാര്‍ഷികശേഷി 10 ലക്ഷം ടിഇയു ആയി കണക്കാക്കിയിടത്താണ് കുറഞ്ഞ സമയത്തില്‍ ഇത്രയും ചരക്കു നീക്കം നടന്നത്. എംഎസ് സി അടക്കമുള്ള വന്‍കിട ഷിപ്പിംഗ് കമ്പനികള്‍ വിഴിഞ്ഞത്തെ ഹബ്ബാക്കുന്നു. വിഴിഞ്ഞത്തിന് സാധ്യതകള്‍ ഇനിയും ഏറെയാണ്.