സുരേഷ് ഗോപി വീണത് വിദ്യയാക്കരുത്; പ്രജകളല്ല, ജനങ്ങളാണ്
വീണിടത്ത് കിടന്ന് ഉരുളുക എന്നൊരു പ്രയോഗമുണ്ട്, വീണത് വിദ്യയാക്കുക എന്ന് മറ്റൊരു പ്രയോഗവും. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഈ രണ്ട് പഴഞ്ചൊല്ലുകളെ ഓര്‍മിപ്പിക്കും. തൃശൂര്‍ പുള്ളില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയില്‍ പ്രദേശവാസിയായ കൊച്ചുവേലായുധന്‍ എന്നയാള്‍ കൊണ്ടുവന്ന നിവേദനം സുരേഷ് ഗോപി വാങ്ങാതെ നിരസിക്കുന്നതും അത് കണ്ട് മറ്റൊരാള്‍ നിവേദനം ഒളിപ്പിക്കുന്നതും നമ്മള്‍ കണ്ടു. അത് വിവാദമാകുകയും കൊച്ചുവേലായുധന് വീട് വെച്ച് നല്‍കുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അറിയിച്ചത് വാര്‍ത്തയാകുകയും ചെയ്തപ്പോള്‍ സുരേഷ് ഗോപി ഒരു വിശദീകരണക്കുറിപ്പ് ഇറക്കി.
താന്‍ കാരണം ആളുകള്‍ ഇപ്പോള്‍ വീട് വെച്ച് നല്‍കാന്‍ ഇറങ്ങിയല്ലോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതായത് താന്‍ നിവേദനം വാങ്ങാതിരുന്നതിലൂടെ കൊച്ചുവേലായുധന് മറ്റൊരാള്‍ വീട് വെച്ച് നല്‍കുമെങ്കില്‍ അതിന് കാരണം താനാണെന്ന് പറയുകയാണ് കേന്ദ്രമന്ത്രി. ഇനിയും വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കുമെന്ന് കൂടി അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഇങ്ങനെയൊക്കെ ന്യായം കണ്ടെത്താന്‍ പ്രത്യേക കഴിവ് തന്നെ വേണം. ഇത്തരം സംഭവങ്ങളിലൂടെ തീപ്പന്തമായ തന്നെ കെടുത്താനാവില്ലെന്നും സിനിമാ സ്റ്റൈലില്‍ നിന്ന് ഇറങ്ങാന്‍ ഉദ്ദേശ്യമില്ലെന്നും കൂടി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ഒരു സാധാരണക്കാരന്‍ ഒരു പരാതിയുമായി വന്നാല്‍ അത് വാങ്ങി എന്താണെന്ന് പരിശോധിക്കാന്‍ ജനപ്രതിനിധിക്ക് അധികാര പരിധി നോക്കേണ്ടതുണ്ടോ എന്ന ചോദ്യം അവിടെയുണ്ട്. സാധാരണക്കാര്‍, അവര്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ ആശ്രയമായി കാണും. അവര്‍ കൊണ്ടുവരുന്ന പരാതികള്‍ കേള്‍ക്കാന്‍ ജനപ്രതിനിധിക്ക് കഴിയണം. ഇനി അങ്ങനെയല്ല ജനങ്ങളെ പ്രജകളായാണ് കാണുന്നതെങ്കില്‍ ഇതല്ല ഇതിന് അപ്പുറവും സംഭവിക്കും.