പട്ടേലിന് പിന്നാലെ ചേറ്റൂരിനെയും സ്വന്തമാക്കാന്‍ ഒരുങ്ങി സംഘപരിവാര്‍ | Watch

പട്ടേലിന് പിന്നാലെ ചേറ്റൂരിനെയും സ്വന്തമാക്കാന്‍ ഒരുങ്ങി സംഘപരിവാര്‍ | Watch
Published on

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സ്വന്തമാക്കിയതുപോലെ മറ്റൊരു ചരിത്ര നായകനെക്കൂടി, കോണ്‍ഗ്രസ് നേതാവിനെക്കൂടി സ്വന്തമാക്കാന്‍ ബിജെപി ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു. മലയാളിയായ ഏക എഐസിസി അധ്യക്ഷന്‍ ചേറ്റൂര്‍ ശങ്കരന്‍ നായരാണ് ആ നേതാവ്. 1897ല്‍ എഐസിസി പ്രസിഡന്റായിരുന്ന ചേറ്റൂര്‍ 1906 മുതല്‍ 1908 വരെ മദ്രാസിന്റെ അഡ്വക്കേറ്റ് ജനറല്‍, 1908 മുതല്‍ 1915 വരെ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജി, 1915 മുതല്‍ 1919 വരെ വൈസ്രോയ്‌സ് എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ വിദ്യാഭ്യാസമന്ത്രി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ജാലിയന്‍വാലാബാഗ് സംഭവത്തില്‍ പ്രതിഷേധിച്ച് വൈസ്രോയ്‌സ് കൗണ്‍സിലില്‍ നിന്ന് രാജിവെച്ചയാളാണ് ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍.

മലബാര്‍ കലാപത്തെ അനുകൂലിക്കാത്ത നിലപാടും മഹാത്മാ ഗാന്ധിയോടുണ്ടായിരുന്ന അഭിപ്രായ ഭിന്നതയും അദ്ദേഹത്തെ രാഷ്ട്രീയ നിലപാടുകളില്‍ വേറിട്ടു നിര്‍ത്തുകയും ചെയ്യുന്നു. ഗാന്ധിയും അരാജകത്വവും എന്ന പേരില്‍ ഗാന്ധിയന്‍ സമര രീതികള്‍ക്കെതിരെ പുസ്തകം എഴുതിയയാളാണ് ചേറ്റൂര്‍. ജാലിയന്‍ വാലാബാഗ് സംഭവത്തിന് ഉത്തരവാദി മൈക്ക് ഒഡയറാണെന്ന ആ പുസ്തകത്തിലെ പരാമര്‍ശത്തിലുണ്ടായ അപകീര്‍ത്തിക്കേസ് പരാജയപ്പെടുകയും മാപ്പ് പറയാന്‍ വിസമ്മതിച്ചുകൊണ്ട് 500 പൗണ്ട് പിഴയടക്കുകയും ചെയ്ത വ്യക്തിത്വം. കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ നേതാവ് എന്ന ആരോപണം ഉയര്‍ത്തിയാണ് ബിജെപി അദ്ദേഹത്തെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി ചേറ്റൂരിനെ ഹരിയാനയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി അനുസ്മരിക്കുന്നു, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ചേറ്റൂരിനെക്കുറിച്ച് എക്‌സില്‍ കുറിപ്പിടുന്നു, സുരേഷ് ഗോപി ചേറ്റൂരിന്റെ പിന്‍തലമുറയെ സന്ദര്‍ശിക്കുന്നു, ഇതിനെല്ലാം ഉപരിയായി അക്ഷയ് കുമാര്‍ ചേറ്റൂരായി അഭിനയിക്കുന്ന കേസരി ചാപ്റ്റര്‍ 2 റിലീസായിരിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇടം നേടാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ അവസാനിക്കുന്നതേയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in