രാഷ്ട്രീയ വിവാദം പുകയുന്ന ആഗോള അയ്യപ്പ സംഗമം; സംഗമത്തില്‍ ആര്‍ക്കാണ് നേട്ടം?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയ നേട്ടം ആര്‍ക്കായിരിക്കും ഉണ്ടാവുക? സംഗമത്തില്‍ രാഷ്ട്രീയമില്ലെന്ന് എല്‍ഡിഎഫ് പറയുന്നു. രാഷ്ട്രീയം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷവും ബിജെപിയും പറയുന്നു. പുകയുന്നത് രാഷ്ട്രീയ വിവാദം മാത്രം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പിന്തുണയോടെ പ്രഖ്യാപിച്ചിരിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇപ്പോള്‍ ഒരു രാഷ്ട്രീയ വിവാദവും ചര്‍ച്ചയുമായി മാറിയിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിധിക്ക് പിന്നാലെ 2018ലെ മണ്ഡലകാലത്ത് നടന്ന ബഹളങ്ങളും കലാപ സമാനമായ അന്തരീക്ഷവും നമുക്കറിയാവുന്നതാണ്. വിധിക്കെതിരെ ഫയല്‍ ചെയ്ത റിവ്യൂ ഹര്‍ജി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ടതോടെ ഒന്ന് അടങ്ങിയ വിഷയമാണ് ഇപ്പോള്‍ ആഗോള അയ്യപ്പ സംഗമം പ്രഖ്യാപിച്ചതോടെ വീണ്ടും സജീവമായിരിക്കുന്നത്. ഇവിടെയൊരു ചെറിയ വ്യത്യാസമുള്ളത്, സര്‍ക്കാര്‍ അയ്യപ്പ ഭക്തന്‍മാരെ സംഘടിപ്പിച്ച് നടത്തുന്ന സംഗമത്തെ പ്രതിപക്ഷവും ബിജെപിയും ഇടംവലം നോക്കാതെ എതിര്‍ക്കുന്നു എന്നുള്ളതാണ്. അന്ന് കോടതി വിധിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാരിനെതിരെ സുവര്‍ണ്ണാവസര ലഹളയായിരുന്നു നടന്നതെങ്കില്‍ ഇന്ന് അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയ നേട്ടത്തിനായി പരിശ്രമിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ക്ഷണിച്ചതുമായി ബന്ധപ്പെട്ടാണ് അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. സ്റ്റാലിനെ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. അതിന് ശേഷമാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് വെച്ചത് അനുമതിയോടെയല്ലെന്ന് പറഞ്ഞതും സംഗമത്തെ തള്ളിപ്പറഞ്ഞതും. സംഘപരിവാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭൂരിപക്ഷ പ്രീണനത്തിനുമായാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നതെന്നും പരിപാടിയുമായി സഹകരിക്കില്ലെന്നും സതീശന്‍ പറഞ്ഞു. കുമ്മനം രാജശേഖരനെപ്പോലെയുള്ള ബിജെപി നേതാക്കളും ഇതിനിടെ രംഗത്തെത്തി. വിശ്വാസികളല്ലാത്തവര്‍ നടത്തുന്ന പരിപാടിയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു പ്രതികരണം. നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് അയ്യപ്പ സംഗമമെന്ന് ബിജെപി പ്രതികരിച്ചു. അവിടെയാണ് ശബരിമല യുവതീ പ്രവേശന ഹര്‍ജിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പിന്നീട് വിധിക്ക് ശേഷമുണ്ടായ കലാപങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും ചര്‍ച്ചയാകുന്നത്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേ ആവശ്യം പ്രതിപക്ഷനേതാവും യുഡിഎഫ് നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ഉന്നയിച്ചു. കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഇരു കൂട്ടരും പരാതി പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെങ്കിലും സത്യവാങ്മൂലം ചര്‍ച്ചയാകേണ്ട സാഹചര്യം നിലവിലുണ്ടോ എന്ന ചോദ്യം അവിടെ അവശേഷിക്കും. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സംഗമത്തെ എതിര്‍ക്കുന്ന ബിജെപി വിശ്വാസ സംഗമമെന്ന പേരില്‍ ഒരു സംഗമം നടത്താനുള്ള നീക്കത്തെ പിന്തുണക്കുകയും ചെയ്യുന്നു.

കേരളത്തിലെ സമുദായ സംഘടനകളുടെ പ്രതികരണമാണ് എടുത്തു പറയേണ്ട പ്രധാനപ്പെട്ട ഒന്ന്. അയ്യപ്പ സംഗമത്തിന് അനുകൂലമായി നിലപാടെടുത്ത് ആദ്യമായി രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു. ചില്ലറ ആശയക്കുഴപ്പങ്ങള്‍ ആദ്യമുണ്ടായെങ്കിലും ഉപാധികളോടെ എന്‍എസ്എസ് പിന്തുണ ഉറപ്പിച്ചു. സര്‍ക്കാര്‍ അയ്യപ്പ ഭക്തര്‍ക്കൊപ്പമാണെന്ന് ഇതോടെ വ്യക്തമായെന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. അതുകൊണ്ടുതന്നെ നല്ല കാര്യമാണ് സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വെള്ളാപ്പള്ളി ക്ലീന്‍ ചിറ്റ് കൊടുത്തു. സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയുടെ കണ്‍വീനറായിരുന്ന കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പക്ഷേ വ്യത്യസ്തമായി പ്രതികരിച്ചു. വനിതാ മതില്‍ നടത്തിയ സര്‍ക്കാരിന് സമൂഹത്തെ പിന്നോട്ട് നടത്താന്‍ പറ്റുമോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ അവസരവാദപരമായ നിലപാടെടുത്താല്‍ അപകടത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അയ്യപ്പ സംഗമത്തില്‍ രാഷ്ട്രീയമില്ലെന്ന മറുപടിയില്‍ ഈ ആരോപണങ്ങളെയെല്ലാം തടുക്കാന്‍ ശ്രമിക്കുകയാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ച ബിന്ദു അമ്മിണിയെ പരസ്യമായി അദ്ദേഹം തള്ളിപ്പറഞ്ഞു. യഥാര്‍ത്ഥ അയ്യപ്പഭക്തന്‍മാരും വിവിധ സംഘടനകളുടെ പ്രതിനിധികളുമാണ് പങ്കെടുക്കുന്നതെന്ന് മന്ത്രി പ്രഖ്യാപിച്ചു. അയ്യപ്പ സംഗമത്തില്‍ പങ്കെടുപ്പിക്കുക വിശ്വാസികളെ മാത്രമായിരിക്കും എന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ വിശ്വാസികളെ കണ്ടെത്താനുള്ള മാനദണ്ഡം എന്തായിരിക്കും എന്ന് കൂടി സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.

Related Stories

No stories found.
logo
The Cue
www.thecue.in