പിണറായി പരാജയപ്പെട്ട പൊലീസ് വകുപ്പ്

പിണറായി പരാജയപ്പെട്ട പൊലീസ് വകുപ്പ്
Published on

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളില്‍ ഏറ്റവും വിമര്‍ശനം കേട്ട വകുപ്പ് ഏതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, അത് ആഭ്യന്തര വകുപ്പാണ്. പൊലീസിന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലേയെന്ന ചോദ്യം നിരന്തരം കേട്ടുകൊണ്ടിരുന്ന 9 വര്‍ഷങ്ങള്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ആവര്‍ത്തിക്കുന്ന പൊലീസ് അതിക്രമങ്ങള്‍. അവയില്‍ പുറത്തുവന്ന ഏറ്റവും ഒടുവിലത്തേതാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവം.

2023ല്‍ നടന്ന അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മര്‍ദ്ദനമേറ്റ സുജിത്തിന് ലഭിക്കാന്‍ രണ്ടര വര്‍ഷവും സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവും വേണ്ടിവന്നു. അത് കൊടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എതിര്‍ത്തു സംസാരിച്ചാല്‍ സ്‌റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് തല്ലാന്‍ പൊലീസിന് ധൈര്യം കിട്ടുന്നതും പരാതി വന്നാല്‍ തെളിവ് കൊടുക്കില്ലെന്ന് ധാര്‍ഷ്ട്യത്തോടെ ചിന്തിക്കാന്‍ കഴിയുന്നതും അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ആള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന സംസ്ഥാനത്താണ്.

പൊലീസിനെ കുറ്റവിമുക്തമായ കൊണ്ടുപോകുന്നതിനായി കേരള പൊലീസ് ആക്ട് അനുസരിച്ച് രൂപീകരിച്ച സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍ എന്നൊരു സംവിധാനമുണ്ട്. കുറ്റം പറയരുതല്ലോ, കഴിഞ്ഞ 9 വര്‍ഷമായി ഈ സ്റ്റാറ്റിയൂട്ടറി അതോറിറ്റി യോഗം ചേര്‍ന്നിട്ടില്ലെന്ന വിവരവും പുറത്തു വരുന്നു. നാഥനില്ലാ കളരിയാണ് സംസ്ഥാനത്തെ പൊലീസ് സംവിധാനമെന്ന് ചുരുക്കം. അപ്പോള്‍ പൊലീസുകാര്‍ ക്രിമിനലുകളായി മാറും. ഇതൊന്നും ചോദ്യം ചെയ്യാന്‍ ജനപ്രതിനിധികള്‍ തയ്യാറാകുന്നുമില്ല. പൊതുപ്രവര്‍ത്തകന്റെ മേല്‍ പൊലീസിന് കൈവെക്കാന്‍ ധൈര്യമുണ്ടാകുന്നുണ്ടെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളു. ഇതെല്ലാം നാണക്കേടാണ് സാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in