'ഈ ദുഷ്ടന്‍ ആദ്യം പറഞ്ഞു കാസർഗോഡ് സ്ലാങ് പിടിക്കേണ്ടെന്ന്, ഡയലോഗ് പറയേണ്ട സമയമായപ്പോള്‍ അത് മാറി'; കുഞ്ചാക്കോ ബോബന്‍

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം ആഗസ്റ്റ് 11ന് തിയേറ്ററില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്തമായ ലുക്ക് മുതല്‍ ചിത്രത്തില്‍ ചാക്കോച്ചന്‍ കാസർഗോഡ് സ്ലാങ് സംസാരിക്കുന്നതുമെല്ലാം പ്രേക്ഷകര്‍ക്ക് ചിത്രത്തിനോടുള്ള പ്രതീക്ഷ കൂട്ടുന്നതാണ്.

എന്നാല്‍ ചിത്രീകരണത്തിന് മുന്‍പ് തന്നോട് കാസർഗോഡ് സ്ലാങ് പിടിക്കേണ്ട ആവശ്യമില്ലെന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നതെന്ന് ചാക്കോച്ചന്‍ ദ ക്യുവിനോട് പറഞ്ഞു. 'സിങ് സൗണ്ടിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആദ്യം എന്നോട് ഈ ദുഷ്ടന്‍ സ്ലാങ് പിടിക്കേണ്ടെന്ന് പറഞ്ഞു. പക്ഷെ രാജീവന്‍ ഡയലോഗ് പറയേണ്ട സമയം ആയപ്പോള്‍ കാസര്‍കോഡ് സ്ലാങില്‍ സംസാരിക്കാന്‍ പറയുകയായിരുന്നു' എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് :

ഇതില്‍ കഥ പറയുമ്പോഴും ഇതിലെ കഥാപാത്രത്തിന്റെ കാര്യം പറയുമ്പോഴും ഇത്രത്തോളം ഒരു മാറ്റം കൊണ്ടുവരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നമ്മള്‍ അതിന് വേണ്ടി മേക്കപ്പ് ടെസ്റ്റും കാര്യങ്ങളുമെല്ലാം നടത്തി. പുള്ളി നമുക്ക് പ്രോസ്‌തെറ്റിക്‌സ് വെച്ച് പല്ല് ഇങ്ങനെ തള്ളി നില്‍ക്കുന്ന രീതിയില്‍ കാണിച്ച് തന്നു. പിന്നെ ഫുള്‍ എണ്ണ തേച്ച് മൊത്തത്തില്‍ ടാന്‍ ആക്കിയിട്ടുള്ള പരിപാടി പിടിക്കാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു, ശരി നോക്കാമെന്ന്. പക്ഷെ അതൊരിക്കലും മനപ്പൂര്‍വ്വം വരുത്തിയ മാറ്റമാണെന്നത് തോന്നരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു.

സിങ് സൗണ്ടായിരുന്നു സിനിമ. ഈ ദുഷ്ടന്‍ പറഞ്ഞു, നമുക്ക് സ്ലാങ് ഒന്നും പിടിക്കേണ്ട കാര്യമില്ലെന്ന്. കാരണം ഇയാളൊരു കള്ളനാണ്. കള്ളന്‍ ആകുമ്പോള്‍ ആ നാട്ടില്‍ തന്നെ ഉള്ള ആളായിരിക്കണമെന്നില്ല. എവിടെ നിന്നോ വന്നിട്ട്, ആ നാട്ടില്‍ പെട്ട് പോകുന്ന സംഭമാണെന്ന് പറഞ്ഞു.

പിന്നെ ഒരു പാട്ടിന്റെ സീക്വന്‍സില്‍ ചെറിയൊരു ഡയലോഗ് വരുന്നുണ്ട്. അപ്പോള്‍ രതീഷ് പറഞ്ഞു. നമുക്ക് അത് മാത്രം വേണമെങ്കില്‍ ചുമ്മ ഒരു സ്ലാങില്‍ പറഞ്ഞു നോക്കാമെന്ന്. സോങ്ങിന്റെ ഇടയ്ക്ക് ഒരു ചെറിയ ഡയലോഗല്ലേ, അപ്പോള്‍ ഞാന്‍ അത് പറഞ്ഞു. അത് കഴിഞ്ഞ്, സീനിലേക്ക് കയറി. കോടതിയിലെ സീന്‍ വന്നു. അവിടെ രാജീവന്‍ ഡയലോഗ് പറയേണ്ട സമയം ആയപ്പോള്‍ പുള്ളി പറയുകയാണ്, പാട്ടില്‍ ഡയലോഗ് ഈ സ്ലാങിലല്ലേ പറഞ്ഞത്, ഇനിയിപ്പോള്‍ രക്ഷയില്ലല്ലോ എന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in