ഇവിടില്ലെങ്കിൽ ഇനിയില്ല; ഖത്തറിൽ മെസ്സിക്ക് ജയിക്കാൻ മാത്രമുള്ള പോരാട്ടം

നീലാകാശവും നീലക്കടലും സാക്ഷിയാക്കി ഖത്തറിന്റെ മണ്ണ് ഫുഡ്ബോൾ ലോകകപ്പിന് വേദിയാകുമ്പോൾ, അവിടേക്ക് ഇമ ചിമ്മാതെ നോക്കിയിരിക്കുന്ന കോടിക്കണക്കിന് കണ്ണുകൾക്ക് മുന്നിലേക്ക് അവകാശ വാദങ്ങളുടെയോ നിരാശയുടെയോ അമിതഭാരമില്ലാതെ ഒരു 35 കാരനായ കുറിയ മനുഷ്യനെത്തും.

ഭൂ​ഗോളത്തെ ഒരു കാൽപന്തെന്നോണം കാൽച്ചുവട്ടിൽ ചവിട്ടി നിർത്തിയോൻ. കളിക്കളത്തിലെ പ്രതിസന്ധികളെ തന്റെ ഇടംകാലിലെ മായാജാലം കൊണ്ട് അതിജീവിച്ച് മിശിഹ എന്ന് വിളിപ്പേര് വീണവൻ. മിശിഹയായി കരിയറിൽ പലകുറി ക്രൂശിതന്റെ മുൾകിരീടമണിയേണ്ടി വന്നപ്പോഴും ഉയിർത്തെഴുന്നേൽപ്പിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയവൻ. കാൽപന്ത് കളിയുടെ സകല സൗന്ദര്യങ്ങളും ആവാഹിച്ച തന്റെ ഇടംകാലുകൊണ്ട് ലോക ഫുഡ്ബോളിന്റെ രാജകുമാരനായി മാറിയ, ​ഗ്രേറ്റസ്റ്റ് ഫുഡ്ബോളർ ഓഫ് ഓൾ ടൈം, ലയണൽ ആന്ദ്രസ് മെസ്സി.

കളിക്കളത്തിലെ മായാജാലം കൊണ്ട് ക്ലബ്ബ് ഫുഡ്ബോളിൽ അയാൾ നേടാത്ത റെക്കോർഡുകളില്ല. പക്ഷേ അപ്പോഴും ലോകകപ്പ് മാത്രം അയാൾക്കും അയാളുടെ ടീമിനും വിദൂര സ്വപ്നം മാത്രമായി അവശേഷിച്ചു. 2021 ലെ കോപ്പ അമേരിക്ക വിജയം ക്ലബ്ബ് ഫുഡ്ബോളിൽ മാത്രം തിലങ്ങുന്നവനെന്ന എതിരാളികളുടെ പരിഹാസത്തിനുള്ള മറുപടി കൂടിയായിരുന്നു. അതിജീവനത്തിന്റെ മറുപേരായ ഖത്തറിൽ ലോക ഫുഡ്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുമ്പോൾ കോടിക്കണക്കിന് മനുഷ്യർ കാത്തിരിക്കുന്നത് ലോകത്തെ ഒരു കാൽപന്തിന് കീഴിൽ ഒന്നായ് ചേർത്ത് നിർത്തിയ ഫുഡ്ബോളിന്റെ മിശിഹ ലോകകപ്പിൽ മുത്തമിട്ട് പടിയിറങ്ങുന്നത് കാണാൻ കൂടിയാണ്. അങ്ങനെയല്ലാതെ അയാൾ‌ക്ക് കളിക്കളത്തോട് വിടപറയേണ്ടി വന്നാൽ അത് കാലം ഒരു കളിക്കാരനോട് കാണിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാകും.

Related Stories

No stories found.
logo
The Cue
www.thecue.in