ഒരു കളിയകലെ സ്വപ്ന കിരീടം; കപ്പടിക്കുമോ മിശിഹായും കൂട്ടരും

സെമിക്കിറങ്ങുമ്പോൾ ക്രൊയേഷ്യ ആത്മവിശ്വാസത്തിലായിരുന്നു. മികച്ച ക്യാപ്റ്റൻ, മികവുറ്റ ഗോളി, മികവേറിയ പ്രതിരോധം. എല്ലാം കിറുകൃത്യം. മത്സരത്തിന് മുന്നേ നടന്ന പ്രെസ്സ് മീറ്റിൽ ക്രൊയേഷ്യക്ക് ആകെയുണ്ടായിരുന്ന ആശങ്ക എതിരാളികൾ അർജന്റീനയാണ് എന്നതിനുപരി ആ ടീമിന്റെ ക്യാപ്റ്റന്റെ പേര് ലയണൽ മെസ്സി എന്നാണ് എന്നതായിരുന്നു.

കളിയുടെ ആദ്യനിമിഷങ്ങളിൽ തന്നെ, ഇത് ബ്രസീലിനെ തകർത്ത ടീമാണെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യ കാഴ്ചവെച്ചത്. വിരളമായി മാത്രം അർജന്റീനക്ക് പന്ത് ലഭിച്ചു. അത്രയൊന്നും ആവേശമില്ലാതെ തുടർന്ന കളിയുടെ 32ആം മിനിറ്റ്. വീണുകിട്ടിയ അവസരത്തിൽ അൽവാരസ് പന്തുമായി ബോസ്‌കിലേക്ക് കുതിച്ചു. പ്രതിരോധം പാളിപ്പോയത് തിരിച്ചറിഞ്ഞ ഗോളി ഡൊമിനിക് ലീവാക്കോവിച്ചിന് അൽവാരസിന്റെ മുന്നിലേക്ക് ഓടിക്കയറി വീഴ്ത്തുകയല്ലാതെ മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഫൗൾ വിസിൽ മുഴങ്ങി, റഫറി പെനാൽറ്റി വിധിച്ചു.

അർജന്റീനിയൻ ആരാധകരുടെ ആവേശം ആകാശത്തോളം ചെന്ന് മുട്ടിയെങ്കിലും പെട്ടെന്ന് ഒരു ആശങ്ക അവരെ നിശ്ശബ്ദരാക്കി. ഗോൾവല കാക്കുന്നത് ഡൊമിനിക് ലീവാക്കോവിച്ചാണ്. ഈ ടൂർണമെന്റിൽ മികച്ച സേവുകൾ കൊണ്ട് അമ്പരപ്പിച്ച മനുഷ്യൻ. ബ്രസീലിനെ നാട്ടിലേക്ക് കെട്ടുകെട്ടിച്ചതിൽ മുഖ്യ പങ്ക് വഹിച്ചയാൾ. അയാളുടെ ഉയരമുള്ള ശരീരവും നീണ്ട കൈകളും എന്തിനും സജ്ജമായി നിൽക്കുകയാണ്.

കിക്ക് എടുക്കാൻ മെസ്സിയും തയ്യാറായി. ആർപ്പുവിളിച്ച് ആരവം മുഴക്കാറുള്ള ആരാധകർ പക്ഷെ ആകാംക്ഷയുടെ മുൾമുനയിൽ നിശബ്ദം നിന്നു. പന്തിനു മുന്നിൽ നിൽക്കുന്നത് അർജന്റീനയുടെ കപ്പിത്താനായിരുന്നു. ആൽബിസെലസ്റ്റേകളുടെ രാജാവായിരുന്നു. ഫുടബോളിന്റെ മിശിഹായായിരുന്നു. പന്തിലേക്ക് ഉറ്റുനോക്കി നിന്ന ആ ചെറിയ സമയം അയാളെന്താവും ചിന്തിച്ചിട്ടുണ്ടാകുക.

ഈ കിക്ക് പാഴായാൽ, സേവ് ചെയ്യപ്പെട്ടാൽ, ക്രൊയേഷ്യൻ ഗോളിയുടെ ആത്മവിശ്വാസം ഉയരുമെന്നതിനേക്കാൾ, ഇനിയൊരു പന്തും ആ ഗോൾവരക്കപ്പുറം കടന്നുപോകില്ലെന്ന തോന്നൽ തന്റെ സഹകളിക്കാരിൽ ഉറച്ച് പോകുമെന്നായിരിക്കുമോ? അതോ, ദശാബ്ദങ്ങൾ നീണ്ട തന്റെ സമ്മോഹന സ്വപ്നത്തിലേക്കുള്ള ചൂണ്ടുപലക ഇതാ എന്റെ മുന്നിലിരിക്കുന്നെന്നായിരിക്കുമോ?

പൊട്ടാനിരിക്കുന്ന അഗ്‌നിപർവതം പോലെ ഗ്യാലറിക്ക് ചൂടുപിടിച്ചു. സൈഡ് ലൈനിനപ്പുറം കോച്ച് സ്‌കലോണി ശാന്തത അഭിനയിച്ച് ഇരിപ്പുറക്കാതെയിരുന്നു. മെസ്സി കിക്കെടുക്കാൻ തുടങ്ങുന്നു. ലോകത്തിന്റെ കണ്ണുകൾ ആ കാലുകളിലേക്ക്. നിശ്ചയദാർഢ്യത്തോടെ തൊടുത്തുവിട്ട ആ ഷോട്ട് ലീവാക്കോവിച്ചിനെ നിഷ്പ്രഭനാക്കി. ഗോൾവലയെ കോരിത്തരിപ്പിച്ച്, ആബാലവൃദ്ധം മനുഷ്യരെയും ആനന്ദത്തിൽ ആറാടിപ്പിച്ച്, ആ പന്ത് ലക്ഷ്യം ഭേദിച്ചു. സ്‌കോർ 1-0.

കളി പിന്നെയും പുരോഗമിച്ചു. മടക്ക ഗോളിനായുള്ള ശ്രമങ്ങൾ പലകുറി നടന്നു. കളിയുടെ 39ആം മിനിറ്റ്. അൽവാരസിന്റെ ഒറ്റയാൾ ഓട്ടത്തെ നിസാരമായി കണ്ട ക്രൊയേഷ്യൻ പ്രതിരോധ നിരക്ക് പാടെ പിഴച്ചു. രണ്ടാമത്തെ പ്രഹരം. ലീവാക്കോവിച്ചിന്റെ വിഫല ശ്രമങ്ങളെ മറികടന്ന് പന്ത് ഗോൾവലയെ തൊട്ടുരുമ്മി.

2-0ന് പിറകിലായ ക്രൊയേഷ്യ തിരിച്ചുവരാനായി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ തീരുമാനിച്ചുറപ്പിച്ചിറങ്ങിയ ആൽബിസെലസ്റ്റേകളുടെ പ്രതിരോധച്ചങ്ങല പൊട്ടിക്കുന്നതിൽ നിരന്തരം പരാജയപ്പെട്ടു. കളി 69 മിനിറ്റുകൾ പിന്നിട്ടു. മൈതാനത്തിന്റെ മധ്യത്ത് നിന്ന് പന്ത് റിസീവ് ചെയ്ത മെസ്സി അസ്ത്രം കണക്കെ ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് പാഞ്ഞു.

ഗ്വാർഡിയോൾ വിടാതെ പിന്തുടർന്നു. മെസ്സിയുടെ കാലുകളിൽ പന്തെത്തിയാൽ കഴുകനെ പോലെ ഗ്വാർഡിയോൾ പാഞ്ഞടുക്കും. മെസ്സിയെ നിലക്ക് നിർത്താനുള്ള ദൗത്യം അയാൾക്കായിരുന്നു. മെസ്സിയുടെ പൊടുന്നനെയുള്ള വെട്ടിത്തിരിച്ചിലുകളിൽ വശം കെട്ടെങ്കിലും ഗ്വാർഡിയോൾ വിട്ടുകൊടുത്തില്ല. പക്ഷെ പന്തുമായി മുന്നേറുന്നത് മെസ്സിയാണല്ലോ. പ്രായം കൊണ്ട് ക്ഷയിച്ച് പോകാത്ത പ്രതിഭയാണല്ലോ. ഗ്വാർഡിയോളിന്റെ കാലുകൾക്കിടയിലൂടെ അൽവാരസിന്റെ ബൂട്ടിലേക്ക് ആ പന്തിനെ തിരിച്ചുവിടാൻ അയാൾക്ക് ഒരു നിമിഷാർദ്ധം മതിയാകുമല്ലോ. അത് തന്നെ സംഭവിച്ചു. ഒന്ന് തൊട്ടുകൊടുത്താൽ മാത്രം മതിയായിരുന്നു അൽവാരസിന്. സ്‌കോർ 3-0.

2018ലെ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയോട് ഏറ്റ 3-0 എന്ന പരാജയത്തിന് അതെ തോതിൽ പകരം വീട്ടിയതാണെന്ന വിലയിരുത്തലുകളുണ്ടായി. ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ടപ്പോൾ ഇനിയുള്ള ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലുകളാണെന്ന് പറഞ്ഞൊരു ടീമും അതിനെ മുന്നിൽ നിന്ന് നയിക്കുന്നൊരു ക്യാപ്റ്റനുമടങ്ങിയ സംഘമാണിത്. മുന്നിലെത്തുന്നത് ക്രൊയേഷ്യയോ ഫ്രാൻസോ മൊറോക്കൊയോ, ആരാണെങ്കിലും തോൽപ്പിച്ചെ മതിയാകൂ എന്ന തോന്നലിൽ പന്തുതട്ടുന്നവർക്ക് പകയോ പകപോക്കലോ ഇല്ല. ഉള്ളതൊരു സ്വപ്നം മാത്രം. തങ്ങളുടെ ക്യാപ്റ്റനുവേണ്ടി ആ കനകകിരീടം നേടിയെടുക്കുക.

മെസ്സിയോടൊപ്പം കളിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് പറയുന്ന അൽവാരസും, അയാളെന്റെ കൂടപ്പിറപ്പാണെന്ന് പറയുന്ന ഡിപോളും, അവനെയോർത്ത് അഭിമാനിക്കുന്നെന്ന് പറയുന്നൊരു കോച്ചുമുള്ള അർജന്റീനക്ക് ആ സ്വപ്നത്തിന് ഇനിയൊരു കളിയകലം മാത്രമാണുള്ളത്. 2014ൽ, കാണെക്കാണെ മാഞ്ഞുപോകും മട്ടിൽ കണ്മുന്നിൽ നിന്ന് ആ സ്വപ്നം അപ്രത്യക്ഷമായപ്പോൾ നെഞ്ചുനീറിക്കരഞ്ഞ മെസ്സിക്കൊപ്പം കരഞ്ഞവർ ഈ കേരളത്തിലുമുണ്ടായിരുന്നു. ഇനിയൊരു ലോകകപ്പിന് ബാല്യമില്ലെന്ന് പറഞ്ഞ് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സി ആ കപ്പിൽ ചുംബിച്ച് നിൽക്കുന്ന വൈകാരിക നിമിഷത്തിനായി കാത്തിരിക്കുന്നവർ ലോകത്തിന്റെ അങ്ങുതൊട്ട് ഇങ്ങോളമുണ്ട്.

ആ സ്വപ്നം സ്വപ്നമായി അവശേഷിക്കുമോ എന്നറിയില്ല. സംഭവിക്കാനിരിക്കുന്നത് എന്തുതന്നെയായാലും കണ്ണുനിറഞ്ഞയാൾ നിങ്ങളിറപ്പോകുന്നത് കണ്ടുനിൽക്കാൻ കഴിയാത്ത മനുഷ്യരുണ്ട് ഇവിടെ. ഇനിയൊരവസരം ബാക്കിയിരിപ്പില്ലെന്ന യാഥാർഥ്യത്തെ ഇനിയുമുൾക്കൊള്ളാൻ കഴിയാത്തവർ. അയാളീ ലോകമാമാങ്കത്തിന്റെ വേദിയിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങുമ്പോൾ മറ്റെന്തിനേക്കാളും വേദന തോന്നുന്നവർ. മെസ്സിയെന്ന ഫുട്ബോൾ മാന്ത്രികനെ അത്രമേൽ സ്നേഹിച്ചവർ. അവർ അയാളുടെ പട്ടാഭിഷേകത്തിനായി കാത്തിരിക്കുകയാണ്.

ഒരു നാപ്കിൻ പേപ്പറിൽ ബാഴ്സയുമായി കരാർ ഒപ്പുവെച്ച് തുടങ്ങിയ യാത്രയിൽ എത്രയോ മനോഹര മുഹൂർത്തങ്ങൾ അയാൾ സമ്മാനിച്ചു. ഏത് പ്രതിരോധ കോട്ടയെയും ഭേദിച്ച്, അസാധ്യമെന്ന് തോന്നിയിടത്തെല്ലാം അവസരങ്ങളുടെ പെരുമഴ തീർത്തു. അയാൾ കളിച്ചിരുന്ന കാലത്ത് ജീവിച്ചിരിക്കുന്നത് പോലും അഭിമാനമായി കരുതുന്നൊരു ജനസാ​ഗരത്തെ സൃഷ്ടിച്ചു. ഇനിവരും ലോകകപ്പുകളിൽ അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ കഴിയില്ലെന്ന സത്യം ലോകത്തിന്റെ നാനാകോണിൽ കിടക്കുന്ന അർജന്റീന ആരാധകർക്കും ഹൃദയഭേദകമാകും. കളിക്കളത്തിലെ അയാളുടെ അഭാവം എത്ര ഭീകരമായാകും എണ്ണമറ്റ ആ മനുഷ്യരുടെ കളിയാസ്വാദനത്തെ ഇനി വിടാതെ വേട്ടയാടുക.

Related Stories

No stories found.
logo
The Cue
www.thecue.in